20 October Tuesday

ഗുണം ചെയ്യുന്ന പദ്ധതിയെ മോശമായി ചിത്രീകരിക്കുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


സ്വന്തം ലേഖകൻ
നാടിന്‌ ഗുണം ചെയ്യുന്ന ഏത്‌ കാര്യത്തെയും മോശമായി ചിത്രീകരിക്കുന്നതും എതിർക്കുന്നതും പ്രതിപക്ഷം പതിവാക്കിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയെ പ്രവാസികൾ സ്വീകരിച്ചപ്പോൾ അതിനെ അധിക്ഷേപിച്ച്‌ പ്രതിപക്ഷം രാജിവച്ചു. രണ്ടര ലക്ഷം പേർക്ക്‌ കിടപ്പാടം ഒരുക്കിയ ലൈഫ്‌ പദ്ധതിയെ അധിക്ഷേപിക്കുന്നതും നാടിനുണ്ടായ ഗുണം അംഗീകരിക്കാൻ തയ്യാറാകാത്തതിനാലാണ്‌. വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ചയം സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളെ ലൈഫ് മിഷൻ പദ്ധതിക്ക്‌ എതിരാക്കാൻ ബോധപൂർവം ശ്രമക്കിക്കുന്നത്‌ ഇതിന്റെ ഭാഗമാണ്‌.

വടക്കാഞ്ചേരിയിലെ പാർപ്പിട സമുച്ചയ നിർമാണത്തിൽ ഏതെങ്കിലും രീതിയിലുള്ള  ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ സുതാര്യമായ അന്വേഷണം നടത്തി നടപടിയുണ്ടാകുമെന്ന കാര്യത്തിൽ ആർക്കും സംശയംവേണ്ട. അതിൽ ഒരു വിട്ടുവീഴ്‌ചയുമുണ്ടാകില്ല. ഇക്കാര്യത്തിൽ വിജിലൻസുതന്നെയാണ്‌ അന്വേഷിക്കേണ്ടത്‌.  വിജിലൻസ് ‌ സ്വതന്ത്ര ഏജൻസിയാണ്‌. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രിയെയും തദ്ദേശമന്ത്രിയെയും അധിക്ഷേപിക്കുന്നതിനു പിന്നിൽ വേറെ ലക്ഷ്യമാണ്‌. ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ അത്‌ ആരോപണമാകില്ല. അത്‌ ഏറ്റുപിടിച്ച്‌‌ എന്ത്‌ അസംബന്ധവും വിളിച്ചുപറയരുത്‌.  വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവർക്ക് ലൈഫ്‌ എംഒയുവിന്റെ കോപ്പി ഉൾപ്പെടെ നൽകിയിട്ടുണ്ട്. മുഴുവൻ രേഖകളും പരസ്യപ്പെടുത്താനാണ്‌ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടത്. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌. മറ്റു കാര്യങ്ങളിൽ, അദ്ദേഹത്തിനുള്ള മറുപടിയായി ചോദിച്ച രേഖകൾ നൽകാൻ ഒരുതരത്തിലുള്ള അലംഭാവവും ഉണ്ടാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top