18 September Wednesday

പ്രളയ പുനര്‍നിര്‍മ്മാണം; അടിയന്തര ധനസഹായമായ 10,000 രൂപ അടുത്ത മാസം ഏഴിനകം നല്‍കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

കാക്കനാട്>  ജില്ലയിലെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വെള്ളപ്പൊക്ക കെടുതിക്കിരയായവര്‍ക്കുള്ള അടിയന്തര ധന സഹായമായ 10,000 രൂപ അടുത്ത മാസം ഏഴിനകം നല്‍കും. അര്‍ഹരായ എല്ലാവര്‍ക്കും ധനസഹായം ലഭിക്കുമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു.

കെടുതിക്കിരയായവരെ തിരഞ്ഞെടുക്കുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവരെന്നോ എത്താത്തവരെന്നോ വിവേചനമുണ്ടാകരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.  പൂര്‍ണ്ണമായും ഭാഗീകമായും തകര്‍ന്ന വീടുകള്‍ പരിശോധിച്ച് കണക്കെടുക്കുന്നതിന് റവന്യൂ - പഞ്ചായത്ത് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയോഗിക്കും. ഇവര്‍ ഓരോ വീടുകളിലുമെത്തി വിവരങ്ങള്‍ ശേഖരിക്കും. വീടുകളുടെ പുനര്‍ നിര്‍മ്മാണത്തോടൊപ്പം ജില്ലയില്‍ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ ഭാവിയില്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കര്‍മ്മ പദ്ധതി നടപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമല്ലാത്തത് പല സ്ഥലങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. രണ്ട് വെള്ളപ്പൊക്കം ഉണ്ടായതോടെ ഈ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് ബന്ധപ്പെട്ട മേഖലകളിലുള്ളവര്‍ക്കറിയാം. പ്രാദേശിക തലത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഈ പ്രവര്‍ത്തികള്‍ക്ക് ചുക്കാന്‍ പിടിക്കണം.

ഇത് വഴി ഭാവിയില്‍ വെള്ളക്കെട്ട് വഴിയുള്ള പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഓണത്തിന് ശേഷം ജില്ലാതലത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ജില്ല കളക്ടര്‍ എസ്.സുഹാസ് എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു.

 
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top