24 September Friday

മുട്ടിൽ മരംമുറി : പ്രതിപക്ഷ മോഹം നടന്നില്ല ; ഒടുവിൽ ബഹിഷ്‌കരണ നാടകം

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021


തിരുവനന്തപുരം
മുട്ടിൽ മരംമുറിയിൽ  സർക്കാരിനെ പ്രതിക്കൂട്ടിലാക്കാമെന്ന മോഹം മന്ത്രിയുടെ വിശദമായ മറുപടിയിൽ ചീറ്റിയതോടെ പ്രതിപക്ഷം ചോദ്യോത്തര വേള ഭാഗികമായി ബഹിഷ്‌കരിച്ചു. അന്വേഷണ നടപടികൾ മന്ത്രി എ കെ ശശീന്ദ്രൻ അക്കമിട്ട്‌ വിശദീകരിച്ചതോടെ നിൽക്കക്കള്ളിയില്ലാതെ പ്രതിപക്ഷ നേതാവ്‌ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. അന്വേഷണം തൃപ്‌തികരമാണെന്നും എന്തെങ്കിലും പാളിച്ച കണ്ടെത്തിയാലേ മറ്റൊരു അന്വേഷണത്തെക്കുറിച്ച്‌ ചിന്തിക്കുകയുള്ളൂവെന്ന്‌ മന്ത്രി പറഞ്ഞു. അതോടെ പ്രതിപക്ഷം തുടർന്നുള്ള ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. നിലവിൽ പ്രത്യേക അന്വേഷണസംഘം(-എസ്‌ഐടി) അന്വേഷിക്കുന്നുണ്ട്. വനംവകുപ്പിന്റെ വിജിലൻസ് അന്വേഷണ റിപ്പോർട്ട് എസ്‌ഐടിക്ക്‌ കൈമാറി. വനംവകുപ്പിന്റെ കണക്കിൽ കൃ‍ത്യത വരുത്താനാണ് എസ്‌ഐടിയെ നിയോഗിച്ചത്. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയത്‌ തെളിയുന്ന മുറയ്ക്ക് നടപടിയെടുക്കും. എത്ര ഉന്നതരായാലും രക്ഷപ്പെടില്ല. കേസ് ഹൈക്കോടതിയിൽ ആയതിനാലാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാത്തത്.

അന്വേഷണം ദുർബലപ്പെടുത്തിയിട്ടില്ല. സർക്കാർ ഒഴിഞ്ഞുമാറുന്നുമില്ല. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമം. ആദിവാസികളെയും കർഷകരെയും  മരം മുറിച്ച്‌ കടത്തിയവർ  തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്‌.   മുട്ടിലിൽ രജിസ്റ്റർചെയ്ത 49 കേസിൽ 47ലും മരം മുറിച്ചത് പട്ടയഭൂമിയിൽനിന്നാണ്‌. ബാക്കിയുള്ളതിൽ മരത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് വനഭൂമിയിൽനിന്ന്‌ മുറിച്ചതാകാമെന്ന് സർക്കാർ ഹൈക്കോടതിയിലെ എതിർസത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയത്. 14 കോടിയുടെ നഷ്ടം ഉണ്ടായി. ഇനിയും നഷ്ടം തിട്ടപ്പെടുത്താനുണ്ട്. വിജിലൻസ് അന്വേഷണ റിപ്പോർട്ടോടുകൂടി കൂടുതൽ കണക്കുകൾ പറയാനാകുമെന്നും  മന്ത്രി വ്യക്തമാക്കി. 

സജീവ് ജോസഫ്, പി ടി തോമസ്, പി സി വിഷ്ണുനാഥ്, അൻവർസാദത്ത് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.
പുതിയ വനം നിയമത്തെക്കുറിച്ച്‌ ആലോചിക്കും കർഷകതാൽപ്പര്യംകൂടി സംരക്ഷിച്ച് വനസംരക്ഷണത്തിന് പുതിയ നിയമത്തെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. നിലവിലെ വനംനിയമത്തിൽ ഭൂവുടമസ്ഥനും മരംമുറിച്ചവരും കുറ്റക്കാരാണ്. അതിനാലാണ് ആദിവാസികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തതെന്നും പി മുഹമ്മദ് മുഹസിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top