22 September Sunday

അടി മൂത്തു, കോൺഗ്രസ‌് വിട്ടുനിന്നു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് തെരഞ്ഞെടുപ്പ‌് മാറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019



ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും രണ്ടു സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് തെരഞ്ഞെടുപ്പിൽനിന്ന‌് കോൺഗ്രസ‌് വിട്ടുനിന്നു. ജോസ‌് കെ മാണി വിഭാഗത്തിലെ അഞ്ചംഗങ്ങൾ ജില്ലാ പഞ്ചായത്തിൽ എത്തിയെങ്കിലും കോൺഗ്രസ‌് തീരുമാനം അറിഞ്ഞതോടെ യോഗത്തിൽ പങ്കെടുക്കാതെ മടങ്ങി. എൽഡിഎഫിന്റെ എഴ് അംഗങ്ങൾ മാത്രമാണ‌്  ഹാജരായത‌്. ക്വാറം തികയാത്തതിനെ തുടർന്ന‌്  വരണാധികാരി തെരഞ്ഞെടുപ്പ‌് വ്യാഴാഴ‌്ചത്തേയ‌്ക്ക‌് മാറ്റി. പങ്കെടുക്കുന്നവരിലെ ഭൂരിപക്ഷം പ്രകാരം വ്യാഴാഴ‌്ച തന്നെ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.

ബുധനാഴ‌്ച രാത്രി വൈകിയും ചർച്ചകൾ നടന്നെങ്കിലും പരിഹരിക്കാനായില്ല. അതേ സമയം പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് ഏറ്റെടുത്ത് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവും നടക്കുന്നു. സമവായമായാൽ മാത്രം വോട്ടെടുപ്പിൽ പങ്കെടുക്കൂ എന്നാണ് കോൺഗ്രസ് നിലപാട്. 

ഔദ്യോഗികപക്ഷം ആരെന്ന് തെളിയിക്കാനുളള ശ്രമമാണ് ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും നടത്തുന്നത്. ജോസ് വിഭാഗം  സെബാസ്റ്റ്യൻ കുളത്തുങ്കിലെ ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും ഇത് പൂർണമായും തള്ളിയാണ‌്  അജിത്ത് തിരുമലയെ ജോസഫ് വിഭാഗം സ്ഥാനാർഥിയാക്കിയത‌്. 22 സീറ്റുള്ള പഞ്ചായത്തിൽ  കോൺഗ്രസിന‌് എട്ട‌് അംഗങ്ങളും കേരള കോൺഗ്രസ് എമ്മിനും സിപിഐ എമ്മിനും ആറു വീതം അംഗങ്ങളും സിപിഐയ‌്ക്കും ജനപക്ഷത്തിനും ഒരോ അംഗങ്ങളുമാണുള്ളത‌്.

വിട്ടു വീഴ‌്ചയില്ല: ജോസ‌് കെ മാണി
കേരള കോൺഗ്രസ‌് എമ്മിന്റെ ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് സ്ഥാനാർഥി അഡ്വ. സെബാസ‌്റ്റ്യൻ കുളത്തുങ്കലാണെന്നും  അദ്ദേഹത്തെ പിൻവലിക്കില്ലെന്നും ജോസ‌് കെ മാണി എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്തിലെ ആറംഗങ്ങളും പങ്കെടുത്ത പാർലമെന്ററി  പാർടി യോഗത്തിൽ   പ്രസിഡന്റ‌് സ്ഥാനാർഥിയായി അദ്ദേഹത്തെയാണ‌് തെരഞ്ഞെടുത്തത‌്. ഇതിൽ എല്ലാ അംഗങ്ങളും ഒപ്പിട്ടിരുന്നു. അതിനുശേഷം അജിത‌് മുതിരമല എങ്ങിനെ മറുപുറത്ത‌് എത്തിയെന്നത‌് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥിയെ പിൻവലിക്കില്ല: മോൻസ‌്
പി ജെ ജോസഫ‌് പ്രഖ്യാപിച്ച കേരള കോൺഗ്രസ‌് സ്ഥാനാർഥിയെ പിൻവലിക്കില്ലെന്ന‌് മോൻസ‌് ജോസഫ‌് എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  യുഡിഎഫ‌് നേതാക്കൾ ആവശ്യപ്പെട്ടതിനാലാണ‌് തെരഞ്ഞെടുപ്പ‌ിൽ നിന്ന‌് വിട്ടുനിന്നത‌്. പ്രസിഡന്റ‌് പദവി കേരളാ കോൺഗ്രസിനു ലഭിക്കുമ്പോൾ ആദ്യഘട്ടത്തിൽ മാണിക്കും രണ്ടാം ഘട്ടത്തിൽ പി ജെ ജോസഫിനും എന്നാണ‌് ധാരണയുണ്ടായിരുന്നത‌്. അതിനാൽ പി ജെ ജോസഫ‌് നിർദേശിച്ചയാളെ തന്നെ പ്രസിഡന്റാക്കണം.
മൂന്നാമതൊരു ഒത്തുതീർപ്പ‌്സ്ഥാനാർഥിക്ക‌്  സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top