21 October Monday

തള്ളാനും കൊള്ളാനുമാകാതെ കെപിസിസി പുനഃസംഘടന ; ഭാരവാഹിചർച്ചയും വഴിമുട്ടി

പ്രത്യേക ലേഖകൻUpdated: Thursday Jul 25, 2019



നിലവിലുള്ള ഭാരവാഹികളിൽ ആരെ തള്ളും, ആരെ കൊള്ളും എന്നത‌് തർക്കവിഷയമായതോടെ കെപിസിസി പുനഃസംഘടനാചർച്ച അനിശ‌്ചിതത്വത്തിലായി.  പുനഃസംഘടനയ‌്ക്ക‌് പൊതുമാനദണ്ഡം നിശ‌്ചയിക്കാൻ  ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ‌് ചെന്നിത്തലയും ചേർന്ന‌് ബുധനാഴ‌്ച കൂടിയാലോചന നടത്തിയെങ്കിലും ധാരണ ഉരുത്തിരിഞ്ഞില്ല.   പൊതുമാനദണ്ഡം പ്രതിസന്ധിയിലായതോടെ ഭാരവാഹിചർച്ചയും വഴിമുട്ടി. ജംബോ കമ്മിറ്റി ഒഴിവാക്കി ഭാരവാഹികളുടെ എണ്ണം കുറയ‌്ക്കാൻ ധാരണയായെങ്കിലും വീതംവയ‌്പ‌്‌ പുതിയ തർക്കത്തിന‌് വഴിതുറന്നു. തർക്കം മുറുകുമ്പോഴും ജൂലൈ 31നു മുമ്പ‌് പുതിയ പട്ടികയ‌്ക്ക‌് അന്തിമരൂപം നൽകുമെന്നാണ‌് കെപിസിസിയുടെ അവകാശവാദം.

 

വർക്കിങ‌് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവരെ ഒഴിവാക്കി പകരം പുതിയ ആളുകളെ നിയോഗിക്കുന്നത‌് സംബന്ധിച്ചാണ‌് തർക്കം. എംപിമാരെയും എംഎൽഎമാരെയും ഒഴിവാക്കി പട്ടികയ‌്ക്ക‌് രൂപംനൽകണമെന്നാണ‌് മുല്ലപ്പള്ളിയുടെ നീക്കം. എന്നാൽ, വർക്കിങ‌് പ്രസിഡന്റ‌് കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ‌് എന്നിവരും വൈസ‌് പ്രസിഡന്റ‌് വി ഡി സതീശനും ഇതിനെ എതിർക്കുന്നു. ഉമ്മൻചാണ്ടിയുടെ വിശ്വസ‌്തനായ തമ്പാനൂർ രവിയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന‌് മാറ്റാൻ കഴിയില്ലെന്ന നിലപാടിലാണ‌് അദ്ദേഹം. ശൂരനാട‌് രാജശേഖരൻ ഉൾപ്പെടെയുള്ളവർക്കുവേണ്ടി രമേശ‌് ചെന്നിത്തലയും നിലപാട‌ിലാണ‌്. ജനറൽ സെക്രട്ടറിമാരുടെ എണ്ണം ഇരുപതായി പരിമിതപ്പെടുത്താനാണ‌് ആലോചന. ഇത‌് ഉമ്മൻചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവർ വീതം വയ‌്ക്കുമെന്ന ആശങ്കയിലാണ‌് മറ്റുള്ളവർ. ഗ്രൂപ്പ‌് വീതംവയ‌്പ്പിന‌് പകരം വിശ്വസ‌്തരെ കുത്തിനിറച്ചുള്ള പട്ടികയ‌ാണ‌് അണിയറയിൽ രൂപംകൊള്ളുന്നത‌്.  ജൂലൈ 31നുള്ളിൽ അന്തിമപട്ടിക തയ്യാറാക്കി എഐസിസിക്ക‌് നൽകുമെന്നാണ‌് മുല്ലപ്പള്ളി ആവർത്തിച്ചുപറയുന്നത‌്. ഇവിടെനിന്ന‌് പട്ടികയുമായി ചെന്നാലും ഏറ്റുവാങ്ങാൻ ഡൽഹിയിൽ ആളില്ലെന്നതും തലവേദനയാണ‌്.


പ്രധാന വാർത്തകൾ
 Top