20 August Tuesday

മിനിമം കൂലി മേഖല തിരിച്ച്‌; തൊഴിൽനിയമ ഭേദഗതി ലോക‌്സഭയിൽ

എം പ്രശാന്ത‌്Updated: Wednesday Jul 24, 2019


ന്യൂഡൽഹി
മിനിമം കൂലി നിശ‌്ചയിക്കുന്നതിന‌്  രാജ്യത്തെ വിവിധ മേഖലകളായി തിരിക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളുമായി പുതിയ തൊഴിൽ ഭേദഗതി ബിൽ ലോക‌്സഭയിൽ. നിലവിലെ തൊഴിൽ നിയമങ്ങൾ പൂർണമായും ഉടച്ചുവാർക്കുന്ന വേതനചട്ട ബില്ലും തൊഴിലിട സുരക്ഷ–-ആരോഗ്യ–-തൊഴിൽ സാഹചര്യ ചട്ട (ഒഎസ‌്എച്ച‌്) ബില്ലും പ്രതിപക്ഷത്തിന്റെ എതിർപ്പ‌് അവഗണിച്ചാണ‌് കേന്ദ്രസർക്കാർ അവതരിപ്പിച്ചത‌്.

44 നിയമം ഏകോപിപ്പിച്ച‌് നാല‌് ചട്ടമായി മാറ്റാനാണ‌്  സർക്കാർ തീരുമാനം. വേതനം, വ്യവസായ ബന്ധങ്ങൾ, സാമൂഹ്യസുരക്ഷയും ക്ഷേമവും തൊഴിൽസുരക്ഷ–- തൊഴിൽ സാഹചര്യം (ഒഎസ‌്എച്ച‌്) എന്നിങ്ങനെയാണ‌് നാല‌് ചട്ടം. ഇതിൽ കേന്ദ്ര മന്ത്രിസഭ  അംഗീകരിച്ച വേതനചട്ടവും ഒഎസ‌്എച്ച‌് ചട്ടവുമാണ‌്  അവതരിപ്പിച്ചത‌്.

പ്രധാന നിർദേശങ്ങൾ
വിവിധ തൊഴിൽ മേഖലകൾക്കായി സംസ്ഥാനങ്ങൾ നിശ‌്ചയിക്കുന്ന മിനിമം കൂലി കേന്ദ്രം നിശ‌്ചയിക്കുന്നതിലും കുറയാൻ പാടില്ല, മിനിമം കൂലി നിശ‌്ചയിക്കുന്നതിനായി കേന്ദ്രതലത്തിൽ കേന്ദ്ര ഉപദേശക ബോർഡും സംസ്ഥാനങ്ങളിൽ സംസ്ഥാന ഉപദേശക ബോർഡുമുണ്ടാകണം, -ഓരോ അഞ്ചുവർഷ കാലാവധിക്കുള്ളിലും മിനിമം കൂലി പരിഷ‌്കരിക്കണം, മണിക്കൂർ–- ദിന–- മാസാടിസ്ഥാനത്തിൽ കുറഞ്ഞ കൂലി നിശ‌്ചയിക്കാം, ദിനാടിസ്ഥാനത്തിലാണ‌് വേതനമെങ്കിൽ ജോലി കഴിഞ്ഞയുടൻ നൽകണം, ആഴ‌്ചയടിസ്ഥാനത്തിലാണെങ്കിൽ അവസാന ദിവസം നൽകണം, രണ്ടാഴ‌്ച കൂടുമ്പോഴാണെങ്കിൽ രണ്ടാമത്തെ ആഴ‌്ച പൂർത്തിയായി രണ്ടുദിവസത്തിനുള്ളിൽ നൽകണം, മാസാടിസ്ഥാനത്തിലാണെങ്കിൽ അടുത്ത മാസം തുടങ്ങി ഒരാഴ‌്ചയ‌്ക്കുള്ളിൽ നൽകണം, മിനിമം കൂലിയിലും താഴ‌്ന്ന വേതനം പാടില്ല, തൊഴിൽസമയം സംസ്ഥാനങ്ങൾക്ക‌് നിശ‌്ചയിക്കാം, ആഴ‌്ചയിൽ ഒരു അവധിദിനം നിർബന്ധം, പത്തോ കൂടുതലോ ജീവനക്കാരുള്ള എല്ലാ തൊഴിൽശാലകൾക്കും വ്യവസ്ഥകൾ ബാധകം, സ‌്ത്രീ ജീവനക്കാർക്ക‌് സമ്മതമെങ്കിൽ രാത്രിയിലും തൊഴിലെടുക്കാം, സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന‌് കേന്ദ്ര–-സംസ്ഥാന തലങ്ങളിൽ ഉപദേശ ബോർഡുകൾ.


പ്രധാന വാർത്തകൾ
 Top