19 September Thursday

കൊച്ചിയിൽ സിപിഐ മാർച്ചിൽ സംഘർഷം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019


വൈപ്പിൻ ഗവ‌. കോളേജിൽ എസ‌്എഫ‌്ഐ നേതാവിനെ എഐഎസ‌്എഫുകാർ ആക്രമിച്ചതിനെതുടർന്നുണ്ടായ സംഘർഷത്തിൽ ഞാറയ‌്ക്കൽ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട‌് എറണാകുളം റേഞ്ച‌് ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിൽ സംഘർഷം. കല്ലേറിലും ലാത്തിച്ചാർജിലും എൽദോ എബ്രഹാം എംഎൽഎ, എറണാകുളം എസിപി കെ ലാൽജി, സെൻട്രൽ എസ‌്ഐ വിബിൻദാസ‌് എന്നിവർക്കും ഏതാനും പ്രവർത്തകർക്ക‌ും പരിക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പകൽ 11ന‌് വഞ്ചി സ്‌ക്വയറിൽനിന്ന‌് ആരംഭിച്ച മാർച്ച‌് ഡിഐജി ഓഫീസിന‌് ഏതാനും മീറ്റർ അകലെ ബാരിക്കേഡ‌് ഉയർത്തി പൊലീസ‌് തടഞ്ഞു. തുടർന്ന‌് നടന്ന യോഗം ജില്ലാ സെക്രട്ടറി പി രാജു ഉദ‌്ഘാടനം ചെയ‌്തു. പ്രതിഷേധം അവസാനിക്കുന്നതിന‌് തൊട്ടുമുമ്പ‌് ഒരുപറ്റം പ്രവർത്തകർ ബാരിക്കേഡ‌്  മറിച്ചിടാനൊരുങ്ങി. പൊലീസിന‌ുനേരെ കല്ലേറുമുണ്ടായി. ആക്രമണം ഒഴിവാക്കാൻ പൊലീസ‌് ജലപീരങ്കി ഉപയോഗിച്ചെങ്കിലും പ്രവർത്തകർ പിന്മാറിയില്ല.

കല്ലേറ‌് തുടർന്നതോടെ പിരിഞ്ഞുപോകാൻ പൊലീസ‌് മൈക്കിലൂടെ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടർന്ന‌് ലാത്തി വീശുകയായിരുന്നു.പ്രവർത്തകരോട‌് പിരിഞ്ഞ‌ുപോകണമെന്ന‌് അഭ്യർഥിച്ച എൽദോ എബ്രഹാം എംഎൽഎ സംഘർഷത്തിനിടയിൽപ്പെട്ട‌് വീണു. ഇദ്ദേഹത്തിന്റെ കൈയൊടിഞ്ഞു. എംഎൽഎയെ സംരക്ഷിക്കാനെത്തിയ എസിപി കെ ലാൽജിക്ക‌ുനേരെ കല്ലേറുണ്ടായി. കല്ലേറിൽ ഇദ്ദേഹത്തിന്റെ ഇടതുകൈ ഒടിഞ്ഞു. റോഡിൽ വീണ എസിപിയുടെ വയറിന‌് ചവിട്ടി. ഇതിനിടെ പ്രവർത്തകരിലൊരാൾ എസ‌്ഐ വിബിൻദാസിന്റെ കൈ തല്ലിയൊടിച്ചു. കെഎപി ഒന്നാംബറ്റാലിയനിലെ പൊലീസുകാരൻ സുബൈറിനും കല്ലേറിൽ പരിക്കേറ്റു.

സിപിഐ ജില്ലാ സെക്രട്ടറി പി രാജു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ എൻ സുഗതൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി സി സൻജിത‌് എന്നിവരുൾപ്പെടെ പതിനഞ്ചോളംപേർക്കും പരിക്കേറ്റു.


പ്രധാന വാർത്തകൾ
 Top