18 November Monday

ഇവരാണ‌് നിപായെ തോൽപ്പിച്ച ഹീറോസ്‌; എറണാകുളം നിപാ വിമുക്തജില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019


സ്വന്തം ലേഖകൻ
നിപായുടെ രണ്ടാംവരവിനെ അതിജീവിച്ച എറണാകുളം ജില്ലയെ ആരോഗ്യമന്ത്രി കെ കെ ശൈലജ നിപാ വിമുക്തമായി പ്രഖ്യാപിച്ചു. നിപായുടെ രണ്ടാംവരവിൽ രോഗബാധിതനായ വിദ്യാർഥിയെ ചികിത്സിച്ച ആസ‌്റ്റർ മെഡ‌്സിറ്റിയിൽ ചേർന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. 53 ദിവസം ഇവിടെ കഴിഞ്ഞ പറവൂർ തുരുത്തിപ്പുറം സ്വദേശിയായ വിദ്യാർഥിയെയും മന്ത്രി സന്ദർശിച്ചു. രോഗം ഭേദമായ വിദ്യാർഥി, അമ്മയ‌്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ചൊവ്വാഴ‌്ച ആശുപത്രി വിട്ടു.

രോഗി എത്തിയതുമുതൽ പിഴവില്ലാത്ത രോഗനിർണയം നടത്തുകയും ചികിത്സിക്കുകയും പരിചരിക്കുകയും ചെയ‌്ത ഡോക‌്ടർമാരെയും നേഴ‌്സ‌ുമാരെയും മറ്റ‌ു ജീവനക്കാരെയും ആദരിച്ചു. രണ്ടാംവരവിൽ നിപായെ കീഴടക്കിയ യഥാർഥ ഹീറോകൾ ഇവരാണെന്ന‌് മന്ത്രി പറഞ്ഞു. കോഴിക്കോട്ടെ നേഴ‌്സ‌് ലിനിയുടെ ത്യാഗത്തിന്റെ യഥാർഥ പിന്തുടർച്ചക്കാരായി ഇവർ മാറി. സ്വജീവൻപോലും അവഗണിച്ച‌് മനുഷ്യരാശിയെയാകെ മഹാവിപത്തിൽനിന്നു രക്ഷിക്കാനുള്ള കടമ ഏറ്റെടുത്തവരാണിവരെന്നും മന്ത്രി പറഞ്ഞു. 

നിപായ‌്ക്കെതിരായ പോരാട്ടത്തെ വിജയത്തിലെത്തിക്കാനായത‌് സർക്കാരും മന്ത്രി കെ കെ ശൈലജയും നൽകിയ നേതൃത്വവും  പിന്തുണയും കൊണ്ടാണെന്ന‌് ആസ‌്റ്റർ മാനേജിങ്‌ ഡയറക‌്ടർ ഡോ. ആസാദ‌് മൂപ്പൻ പറഞ്ഞു.

ആസ‌്റ്ററിൽ രോഗി എത്തിയപ്പോൾത്തന്നെ തിരിച്ചറിഞ്ഞ‌് രോഗനിർണയം നടത്തിയ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ‌്  ഡോ. ബോബി വർക്കി മാരാമറ്റം, ചികിത്സയ‌്ക്ക‌് നേതൃത്വം നൽകിയ ഇൻഫെക‌്ഷ്യസ‌് ഡിസീസ‌് വിഭാഗം കൺസൾട്ടന്റ‌് ഡോ. അനൂപ‌് വാര്യർ, ഡോ. അനുരൂപ‌് ബാലഗോപാൽ, പരിചരിച്ച നേഴ‌്സുമാർ, ജീവനക്കാർ എന്നിവർക്ക‌് മന്ത്രി ഉപഹാരം നൽകി.  ആശുപത്രി തയ്യാറാക്കിയ നിപാ ജേർണൽ മന്ത്രി പ്രകാശനം ചെയ‌്തു. 

കലക‌്ടർ എസ‌് സുഹാസ‌്, ആസ‌്റ്റർ ഇന്ത്യ സിഇഒ ഡോ. ഹരീഷ‌് പിള്ള, ആസ‌്റ്റർ മെഡ‌്സിറ്റി സിഇഒ കമാൻഡർ ജെൽസൻ എ കവലക്കാട്ട‌് എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top