13 December Friday

പാലാരിവട്ടം മേൽപ്പാലം : എൽഡിഎഫ‌് സത്യഗ്രഹം നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

കൊച്ചി
പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയിൽ പങ്കുവഹിച്ച മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎക്കെതിരെ സമഗ്ര അന്വേഷണം നടത്തുക, പാലം പുനർനിർമാണത്തിന്റെ ചെലവ് ഇബ്രാഹിംകുഞ്ഞിൽനിന്ന‌് ഈടാക്കുക, ഇബ്രാഹിംകുഞ്ഞ് എംഎൽഎ സ്ഥാനം രാജിവയ‌്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ‌്ച മുതൽ ജൂലൈ 30 വരെ പാലാരിവട്ടത്ത് സത്യഗ്രഹം നടത്തും. ഈ ആവശ്യമുന്നയിച്ച‌് എൽഡിഎഫ‌് നടത്തുന്ന സമരത്തിന്റെ തുടർച്ചയായാണ‌് സത്യഗ്രഹം.

രാവിലെ പത്തുമുതൽ പകൽ ഒന്നുവരെയാണ് സമരം. ബുധനാഴ‌്ച രാവിലെ പത്തിന‌്, പാലാരിവട്ടം മേൽപ്പാലത്തിൽ സമർപ്പിക്കാനുള്ള റീത്തുകളുമായി കലൂർ സ‌്റ്റേഡിയത്തിന് മുന്നിൽനിന്ന‌് ആയിരക്കണക്കിനുപേർ പങ്കെടുക്കുന്ന ബഹുജന മാർച്ച് നടക്കും. പാലാരിവട്ടം ജങ‌്ഷനിൽ ചേരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാംഘട്ടം എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും. അനിശ്ചിതകാല സമരത്തിനിടയിൽ കുന്നുകരയിൽനിന്ന‌് പാലാരിവട്ടത്തേക്ക് ലോങ‌്മാർച്ച് നടത്തും.

അഴിമതിയുടെ പഞ്ചവടിപ്പാലം തകർന്ന പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ യുഡിഎഫ് ഭരണകാലത്ത് പൊതുമരാമത്ത് വകുപ്പ് നിർമിച്ച നിരവധി പാലങ്ങളിലെ അഴിമതി പുറത്ത് വരാനാരംഭിച്ചിട്ടുണ്ട‌്. ആലുവ ശിവരാത്രി മണപ്പുറത്ത് പെരിയാറിന് കുറുകെ ഏഴുകോടി രൂപ അടങ്കൽ വരുന്ന നിർമാണം പൂർത്തീകരിച്ചപ്പോൾ 17 കോടിയാക്കി ഉയർത്തി കരാറുകാരന് നൽകിയത്, കുണ്ടന്നൂർ നെട്ടൂർ പാലം നിർമാണത്തിനിടയ‌്ക്ക‌് തകർന്നത്, ഇപ്പോൾ വിള്ളൽ കണ്ടെത്തിയത്, അത്താണി പറവൂർ റോഡ് 12 കോടി മുടക്കി പുനർനിർമിച്ച ശേഷം അതേ റോഡ് മറ്റൊരു പേരിൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് വെട്ടിപ്പ് നടത്താൻ വേണ്ടി ചെയ്ത കാര്യങ്ങൾ, കണക്കൻകടവ് സ്ലൂയിസ് കം ബ്രിഡ്ജ് തുടങ്ങി ഡസൻ കണക്കിന് റോഡുകളും പാലങ്ങളും നിർമിച്ചതുമായി ബന്ധപ്പെട്ട എല്ലാ അഴിമതികളും ഇബ്രാഹിംകുഞ്ഞിന്റെ അവിഹിത സ്വത്തുക്കളെക്കുറിച്ചും ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജൂൺ 26ന്റെ മാർച്ചും സമരവും അഴിമതിക്കെതിരെ തുടർന്നുള്ള അനിശ്ചിതകാല സമരപരിപാടികളും വിജയിപ്പിക്കണമെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അഭ്യർഥിച്ചു.


പ്രധാന വാർത്തകൾ
 Top