23 October Wednesday

ബിനോയ‌് കേസിൽ ഒത്തുതീർപ്പിന‌് ശ്രമിച്ചിട്ടില്ല: -കോടിയേരി ബാലകൃഷ‌്ണൻ

പ്രത്യേക ലേഖകൻUpdated: Tuesday Jun 25, 2019


തന്റെ മകൻ ബിനോയ‌്ക്കെതിരെയുള്ള പീഡനപരാതിയിൽ ഒരു വിധത്തിലുള്ള ഒത്തുതീർപ്പിനും ശ്രമിച്ചിട്ടില്ലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ജനുവരിയിൽ ബിനോയ‌് യുടെ പേരിൽ വീട്ടിൽ നോട്ടീസ‌് വന്നപ്പോഴാണ‌് വിവരം അറിഞ്ഞത‌്.  ഇതേ കുറിച്ച‌് ചോദിച്ചപ്പോൾ ബിനോയ‌്  എല്ലാം നിഷേധിച്ചു. ഇതേതുടർന്നാണ‌് നിജസ്ഥിതി അറിയാനായി തന്റെ ഭാര്യ വിനോദിനി മുംബൈയിൽ പോയി കാര്യങ്ങൾ തിരക്കിയത‌്. അത‌്  അമ്മ എന്ന നിലയ‌്ക്ക‌് മാത്രമാണ‌്. 

ഒരു സഹായവും ചെയ്യില്ലെന്ന‌്  ബിനോയിയോട‌് വ്യക്തമാക്കിയിട്ടുണ്ട‌്. പാർടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും വിഷയത്തിൽ ഇടപെടില്ലെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്ന‌് സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. മുംബൈയിലെ അഭിഭാഷകൻ വി കെ ശ്രീജിത്തിനെ തനിക്കറിയാം. അദ്ദേഹത്തോട‌് സംസാരിച്ചത‌് വസ‌്തുത അറിയാനാണ‌്. ഒത്തുതീർപ്പിന‌് ശ്രമിച്ചിട്ടില്ലെന്ന‌് അഭിഭാഷകൻതന്നെ പറഞ്ഞിട്ടുണ്ടെന്ന‌്  കോടിയേരി പറഞ്ഞു.

കേസ‌്സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയറ്റിൽ ചർച്ച ചെയ്ത കാര്യവും അത് സംബന്ധിച്ച തന്റെ നിലപാടും  റിപ്പോർട്ട് ചെയ്തു. സെക്രട്ടറിയറ്റ് എടുത്ത തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.

? മുബൈയിൽ ഒരു അഭിഭാഷകൻ ഇക്കാര്യം താങ്കളോട് സംസാരിച്ചുവെന്ന് വെളിപ്പെടുത്തി
മാധ്യമങ്ങളിലൂടെയാണ് താൻ വിവരം അറിയുന്നത് എന്നത് മാധ്യമങ്ങൾ ഉണ്ടാക്കുന്ന ഭാഷ്യമാണ്. കേസ് വന്നപ്പോഴാണ് അറിഞ്ഞത് എന്നാണ് താൻ പറഞ്ഞത്.
കേസിന്റെ തുടക്കം കുറിക്കുന്നത് ജനുവരിയിലാണ്. ആ സന്ദർഭത്തിലാണ് താനിത് അറിയുന്നത്.  ഒരു നോട്ടീസ് ബിനോയിയുടെ പേരിൽ വീട്ടിൽ വന്നു. അപ്പോൾ ബിനോയ് വീട്ടിലുണ്ടായിരുന്നില്ല. അതു പരിശോധിച്ചപ്പോഴാണ് ഇങ്ങനെ ഒരു പ്രശ്നമെന്ന് അറിഞ്ഞത്. അതിനു മുമ്പ് അറിയില്ല. അതാണ് വസ്തുത.

? ഇടനിലക്കാരനായ അഭിഭാഷകൻ ശ്രീജിത്തുമായി സംസാരിച്ചിരുന്നുവോ

- ഇടനിലക്കാരനായി ആരെയും നിശ്ചയിച്ചിട്ടില്ല. ശ്രീജിത്ത് എന്ന അഭിഭാഷകനെ നേരത്തേ പരിചയമുള്ളതാണ്. മുംബൈയിൽ ഇതുസംബന്ധിച്ച‌് ഒരു പരാതി എല്ലാ പത്ര ഓഫീസിലും കിട്ടിയിരുന്നു. ആ പത്ര ഓഫീസിൽ ഉള്ളവരാണ് ഇത്  ശ്രീജിത്തിന്റെ ശ്രദ്ധയിൽപെടുത്തിയത്. അദ്ദേഹം വിളിച്ചിരുന്നു. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് ശരിയാണ്. നിജസ്ഥിതി കണ്ടെത്തണമെന്നു പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതിൽ തെറ്റില്ല.

? താങ്കളുടെ ഭാര്യ മുംബൈയിൽ ഒത്തുതീർപ്പിന് പോയിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്
ആരും ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞിട്ടുണ്ട്. കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങൾ കോടതിയിൽ നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. അത് കോടതി പരിശോധിക്കട്ടെ.

? ഭാര്യ മുംബൈയിൽ പോയി സംസാരിച്ചു. അവരുടെ ഫോണിൽ താങ്കൾ സംസാരിച്ചു. ഇത് സമവായശ്രമമല്ലേ?

കാര്യം എന്താണെന്ന് മനസ്സിലാക്കാൻ ഭാര്യ ശ്രമിച്ചതാണ്. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ എന്താണെന്നുള്ള വികാരം സ്വാഭാവികമായി ഉണ്ടാവില്ലേ. അത്  മനസ്സിലാക്കാൻ അമ്മയെന്ന നിലയിൽ വിനോദിനി പോയിട്ടുണ്ട്. അങ്ങനെയാണ്  ശ്രീജിത്തിൽനിന്ന് കാര്യങ്ങൾ മനസ്സിലാക്കുന്നത്. ഇതിൽ ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ച് വന്നു. ഇക്കാര്യത്തിൽ,  ആദ്യംമുതലേ താനെടുത്ത നിലപാട് വ്യക്തമാണ്. പാർടിയെന്ന നിലയിലും വ്യക്തി എന്ന നിലയിലും ഇടപെടാൻ പാടില്ല. ആദ്യംമുതൽ എടുത്ത ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തത്.

?നോട്ടീസ് വന്നപ്പോഴും ബിനോയ് നിഷേധിച്ചുവോ?
ഇത് വസ്തുതയല്ലെന്ന് ബിനോയ് നിഷേധിച്ചു. ഹാജരാക്കിയ രേഖ കളവാണ് എന്ന് പറഞ്ഞു. അങ്ങനെയാണെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കാൻ താൻ പറഞ്ഞു. പ്രശ്നം ഉണ്ടെങ്കിൽ നിങ്ങൾതന്നെ തീർത്തുകൊള്ളണം എന്നും പറഞ്ഞു.

? യുഡിഎഫ് സർക്കാർ കാലത്ത് സമാന ആരോപണം ഉയർന്നപ്പോൾ ആ സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടല്ലോ. -
യുഡിഎഫിന്റെ  നേതാക്കളുടെ മക്കൾക്ക‌് എതിരെ മാത്രമല്ല, നേതാക്കൾക്ക‌് എതിരെതന്നെ ആരോപണം ഉയർന്നതാണ‌്.   ആരോപണ വിധേയരായ ആളുകളെ എന്താണ് യുഡിഎഫ് ചെയ്തതെന്ന് അറിയാമല്ലോ. ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ല.

? ബിനോയ് പൈസ കൊടുത്തതായി രേഖ പുറത്ത് വന്നു
അതൊക്കെ കോടതിയിൽ വന്ന രേഖയാണ്. കോടതിയാണ് അത് പരിശോധിക്കേണ്ടത്.

? ബിനോയ് എവിടെയെന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അറിയില്ലേ. -

അതൊക്കെ കണ്ടെത്തട്ടേ. നിങ്ങളും(മാധ്യമപ്രവർത്തകരും) അതിനായി ശ്രമിക്കുന്ന ആളാണല്ലോ. നിങ്ങൾക്കും കണ്ടെത്താം എവിടെയെന്ന്.

? വ്യവസായിയുമായുള്ള പ്രശ്നം എങ്ങനെ പരിഹരിച്ചൂവെന്ന്‌ അറിയാമോ
- അത് സംബന്ധിച്ച് വ്യവസായി തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. അതിൽ കൂടുതൽ താൻ പറേയണ്ട കാര്യമുണ്ടോ. മകന് ദുബൈയിൽ ഒരു കോൺട്രാക്ട് ബിസിനസ് ആയിരുന്നു. അതിൽ പ്രതിസന്ധിയുണ്ടായി. കടം വന്നു. വായ്പ വാങ്ങിയത് തിരിച്ച് കൊടുക്കാത്തത് ആണ് അന്നുണ്ടായ പ്രശ്നം. കോടി കണക്കിന് രൂപ കൈവശം ഉണ്ടായിരുന്നുവെങ്കിൽ ഈ  കേസും വരില്ലായിരുന്നല്ലോ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top