12 November Tuesday

സാജന്റെ കുറിപ്പ‌് കണ്ടെത്തി; ഉദ്യോഗസ്ഥര്‍ക്ക് വിമര്‍ശനം, ചെയര്‍പെഴ്സനെതിരെ പരാമര്‍ശമില്ല

കെ ടി ശശിUpdated: Tuesday Jun 25, 2019


കണ്ണൂർ
ബക്കളം പാർഥ കൺവൻഷൻ സെന്റർ ഉടമ സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട‌് ആന്തൂർ നഗരസഭാ ചെയർമാൻ പി കെ ശ്യാമളയുടെ പേരു വലിച്ചിഴച്ചത‌് ബോധപൂർവം.  പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ‌്ച സാജന്റെ വീട്ടിൽനിന്ന‌് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പെന്നു കരുതുന്ന എഴുത്തിൽ നഗരസഭാ ചെയർപെഴ്സന്‍  ശ്യാമളക്കെതിരെ പരാമർശമേയില്ല. സാജൻ സ്വന്തം കൈപ്പടയിൽ നോട്ടുബുക്കിലെഴുതിയ കുറിപ്പാണിത‌്. ഡിവൈഎസ‌്പി എ വി കൃഷ‌്ണദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ‌് സംഘമാണ‌് കുറിപ്പ‌് കണ്ടെടുത്തത‌്. സിപിഐ എം നേതാക്കളായ പി ജയരാജൻ, ജയിംസ‌് മാത്യു എംഎൽഎ, അശോകൻ (തളിപ്പറമ്പ‌് ഏരിയാ കമ്മിറ്റി അംഗം), കോൺഗ്രസ‌് നേതാവ‌് കെ സുധാകരൻ എന്നിവർ പരമാവധി സഹായിച്ചുവെന്ന‌് കുറിപ്പിലുണ്ട‌്. ചില വികസന വിരോധികളാണ‌് നായനാരുടെ നാട്ടിൽ എന്റെ സ്വപ‌്നപദ്ധതി തകർത്തതെന്നും കുറിപ്പിലുണ്ട‌്.  സാജൻ അവസാന നാളുകളിൽ ഒരു പ്രാദേശിക ദൃശ്യമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുനിസിപ്പൽ–- ടൗൺ പ്ലാനിങ‌് ഉദ്യോഗസ്ഥരെയാണ‌് വിമർശിച്ചത‌്. പണംകൊണ്ടു മാത്രം ഈ നാട്ടിൽ ഒരു സംരംഭകന‌് വിജയിക്കാനാവില്ലെന്നും ഉദ്യോഗസ്ഥ നിലപാട‌് പാടേ മാറണമെന്നും സാജൻ പറയുന്നു. നഗരസഭാ ചെയർമാൻ നിഷേധ നിലപാട‌് സ്വീകരിച്ചതായി  സാജൻ അഭിമുഖത്തിൽ പറഞ്ഞതേയില്ല. സാജന്റെ മരണത്തിനു ശേഷം ഭാര്യ ബീനയാണ‌് ആദ്യം ചെയർമാനെതിരെ പരാമർശം നടത്തിയത‌്.
 

പി കെ ശ്യാമളയ‌്ക്ക‌് വീഴ‌്ച സംഭവിച്ചിട്ടില്ല
ആന്തൂർ വിഷയത്തിൽ നഗരസഭാ ചെയർപേഴ‌്സൺ പി കെ ശ്യാമളയ‌്ക്ക‌് പിഴവ‌് സംഭവിച്ചതായി കാണുന്നില്ലെന്ന‌് കോടിയേരി ബാലകൃഷ‌്ണൻ വാർത്താലേഖകരോട‌് പറഞ്ഞു. നഗരസഭാ അധ്യക്ഷയ‌്ക്ക‌് കെട്ടിടത്തിന‌് ലൈസൻസ‌് നൽകാനുള്ള അധികാരമില്ല. കാലതാമസം വരുത്തിയത‌ിൽ ഉദ്യോഗസ്ഥരാണ‌് കുറ്റക്കാർ.

അവർക്കെതിരെ നടപടി എടുത്തിട്ടുണ്ട‌്. പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ പൊലീസ‌് കേസ‌് എടുത്തിട്ടുണ്ട‌്. ഹൈക്കോടതി സ്വമേധയാ കേസ‌് എടുത്തു. സർക്കാർതലത്തിലും അന്വേഷണം നടക്കുന്നു. വിവരങ്ങൾ പുറത്തുവരട്ടെ. ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്ന അവസ്ഥ പരിഹരിക്കുന്നതിന‌് സർക്കാർ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട‌്.

പി കെ ശ്യാമള രാജിവയ‌്ക്കേണ്ട പ്രശ‌്നം ഉള്ളതായി കാണുന്നില്ലെന്നും കോടിയേരി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top