21 July Sunday

കുണ്ടന്നൂർ,നെട്ടൂർ , കണ്ണങ്ങാട്ട‌് പാലങ്ങളുടെ നിർമാണത്തിൽ പിഴവെന്ന‌് ചീഫ‌് എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019



കൊച്ചി
കുണ്ടന്നൂർ–- നെട്ടൂർ പാലത്തിലും ഐലന്റ‌്–- ഇടക്കൊച്ചി കണ്ണങ്ങാട്ട‌് പാലത്തിലും നിർമാണപ്പിഴവുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. പൊതുമരാമത്ത‌് ബ്രിഡ‌്ജസ‌് വിഭാഗം ചീഫ‌് എൻജിനിയർ എസ‌് മനോമോഹന്റെ നേതൃത്വത്തിൽ ഇരുപാലത്തിലും തിങ്കളാഴ‌്ച നടന്ന പരിശോധനയിലാണ‌് പിഴവ‌് കണ്ടെത്തിയത‌്. പാലങ്ങളുടെ മേൽത്തട്ടിലുണ്ടായ വിള്ളൽ പരിഹരിക്കാൻ ഉചിതമായ നടപടിയുണ്ടാകുമെന്ന‌് ചീഫ‌് എൻജിനിയർ പറഞ്ഞു.

കുണ്ടന്നൂർ–- നെട്ടൂർ പാലത്തിന്റെ ഗർഡറുകളിലൊന്നിന്റെ മുകൾഭാഗത്ത‌് രണ്ടിടത്താണ‌് ഒരു മീറ്ററിലേറെ നീളത്തിൽ പൊട്ടലുള്ളത‌്. ഇനിയും പൂർണതോതിൽ ഗതാഗതത്തിന‌് തുറന്നിട്ടില്ലാത്ത കണ്ണങ്ങാട്ട‌് പാലത്തിന്റെ ഗർഡറുകളിൽ പലഭാഗത്തും ചെറിയ പൊട്ടലുണ്ട‌്. ഏഴര സെന്റിമീറ്റർ കനത്തിൽ പാലങ്ങളുടെ ഉപരിതലത്തിൽ നടത്തിയ കോൺക്രീറ്റിങ്ങിലാണ‌് പൊട്ടലുള്ളതെന്ന‌് ചീഫ‌് എൻജിനിയർ പറഞ്ഞു. ഗുരുതരമല്ലെങ്കിലും നിർമാണപ്പിഴവ‌് തന്നെയാണത‌്. പരിഹരിക്കാൻ എന്താണു വേണ്ടതെന്ന‌് തീരുമാനിക്കേണ്ടതുണ്ട‌്. മറ്റു വിദഗ‌്ധരുടെകൂടി അഭിപ്രായം പരിഗണിച്ച‌് വേണ്ടതു ചെയ്യും. 

കണ്ണങ്ങാട്ട‌് പാലത്തിന്റെ അലൈൻമെന്റിൽ  അപ്രോച്ച‌് റോഡ‌്  ഉൾപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടാണ‌് റോഡിന‌് സ്ഥലമെടുക്കാനോ  നിർമിക്കാനോ പറ്റാതിരുന്നത‌്. രണ്ട‌് അലൈൻമെന്റുകൾ മാറ്റി മൂന്നാമതൊരു അലൈൻമെന്റിലാണ‌് പാലം നിർമിച്ചത‌്. മൂന്നാമത്തെ അലൈൻമെന്റിൽ അപ്രോച്ച‌് റോഡ‌് ഉൾപ്പെടുത്തി സ്ഥലമേറ്റെടുക്കണമായിരുന്നു. അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലാരിവട്ടം മേൽപ്പാലത്തിന്റെ നാലാമതൊരു ബെയറിങ്‌ കൂടി മാറ്റേണ്ടതുള്ളതിനാലാണ‌് അറ്റകുറ്റപ്പണി തീരാൻ വൈകുന്നത‌്. ഇടപ്പള്ളി ഭാഗത്തെ മൂന്ന‌് ബെയറിങ്ങുകൾ മാറ്റാനാണ‌് ആദ്യം തീരുമാനിച്ചത‌്. ഇവ മാറ്റിസ്ഥാപിച്ചു. തുടർന്ന‌് നാലാമതൊന്നുകൂടി മാറ്റേണ്ടതുണ്ടെന്ന‌്  കണ്ടെത്തി. അതിന‌് ഓർഡർ നൽകിക്കഴിഞ്ഞെന്നും പാലാരിവട്ടം മേൽപ്പാലത്തിലെ അറ്റകുറ്റപ്പണിക്ക‌് മേൽനോട്ടം വഹിക്കുന്ന വിദഗ‌്ധ സമിതിയംഗം കൂടിയായ എസ‌് മനോമോഹൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top