വോട്ടെണ്ണൽദിവസം സംസ്ഥാനത്തെ വോട്ടെണ്ണൽകേന്ദ്രങ്ങളിൽ ഭക്ഷണം വിതരണം ചെയ്ത് കുടുംബശ്രീ പ്രവർത്തകർ നേടിയത് 9.78 ലക്ഷം രൂപയുടെ വരുമാനം. വോട്ടിങ് ദിവസം 1.2 കോടി രൂപ വരുമാനം നേടിയിരുന്നു.
സംസ്ഥാനത്തെ അഞ്ചു ജില്ലയിലെ വോട്ടെണ്ണൽകേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഭക്ഷണമൊരുക്കിയത് അതത് ജില്ലയിലെ കുടുംബശ്രീ യൂണിറ്റാണ്. പോളിങ് ഉദ്യോഗസ്ഥർ, കൗണ്ടിങ് ഏജന്റുമാർ, പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ ആകെ 13,800 പേർക്കാണ് ഭക്ഷണമൊരുക്കിയത്. രാവിലെ ആറിന് പ്രഭാതഭക്ഷണംമുതൽ രാത്രി അത്താഴംവരെ പരാതിക്കിടയില്ലാതെ നൽകി.
പ്രഭാതഭക്ഷണം, 11ന് ചായ–-സ്നാക്സ്, ഉച്ചയ്ക്ക് ബിരിയാണി, വൈകിട്ട് ചായ–-സ്നാക്സ്, രാത്രിയിൽ ചപ്പാത്തി–- കറി എന്നിങ്ങനെയായിരുന്നു ഭക്ഷണം. കൊല്ലം ജില്ലയിലെ ഭക്ഷണവിതരണത്തിലൂടെ നാലുലക്ഷം രൂപ നേടി. പത്തനംതിട്ട ജില്ലയിൽ കൗണ്ടിങ് സ്റ്റാഫ്, കൗണ്ടിങ് ഏജന്റുമാർ എന്നിവരുൾപ്പെടെ 1500 പേർക്ക് ഭക്ഷണം വിതരണം ചെയ്തു.
മലപ്പുറം ജില്ലയിൽ നാലായിരത്തോളംപേർക്ക് ഭക്ഷണം വിതരണം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരുന്നു വിതരണം. റമദാൻ വ്രതം പ്രമാണിച്ച് നോമ്പുതുറക്കുന്ന നൂറോളംപേർക്കായി വൈകിട്ട് നെയ്ച്ചോറ്, ചിക്കൻ കറി, പത്തിരി, സ്നാക്സ്, ഈന്തപ്പഴം, ഫ്രൂട്സ്, ജ്യൂസ് എന്നിവയും പ്രത്യേകം ഒരുക്കിയിരുന്നു. രണ്ടരലക്ഷം രൂപയാണ് ഒറ്റദിവസം കിട്ടിയത്.
കാസർകോട് ജില്ലയിൽ ഏതാണ്ട് 2500 പേർക്ക് ഭക്ഷണം നൽകി ഒന്നരലക്ഷം രൂപ നേടി. എറണാകുളം ജില്ലയിൽ വോട്ടെണ്ണൽകേന്ദ്രങ്ങളായ കളമശേരി പോളിടെക്നിക്കിലും കുസാറ്റിലും കുടുംബശ്രീ ഫുഡ് സ്റ്റാളുകൾ ഒരുക്കിയിരുന്നു. ആയിരത്തോളംപേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 28,000 രൂപയുടെ വരുമാനം നേടി. കോഴിക്കോട് ജില്ലയിൽ ഒന്നരലക്ഷം രൂപയുടെ വിൽപ്പന നടത്തി.വോട്ടിങ് ദിവസവും കുടുംബശ്രീ പ്രവർത്തകർ 13 ജില്ലയിലും സജീവമായിരുന്നു. 1.2 കോടി രൂപ അന്ന് നേടി.