19 January Wednesday

കെ അനിരുദ്ധന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2016

തിരുവനന്തപുരം > തലസ്ഥാനത്തെ തൊഴിലാളിവര്‍ഗ പോരാട്ട ചരിത്രത്തിലെ മുന്നണിപ്പോരാളി കെ അനിരുദ്ധന് വിട. സ്വാതന്ത്യ്രസമരസേനാനിയും മുതിര്‍ന്ന സിപിഐ എം നേതാവുമായ അനിരുദ്ധന്‍ ഞായറാഴ്ച രാത്രി 11.30നാണ് അന്തരിച്ചത്. വഴുതക്കാട് അനിരുദ്ധന്‍ റോഡിലുള്ള മകന്‍ എ സമ്പത്ത് എംപിയുടെ വീട്ടില്‍  വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം.  മുന്‍ എംപിയും എംഎല്‍എയുമായിരുന്ന അദ്ദേഹത്തിന് 92 വയസ്സായിരുന്നു. വീട്ടിലും സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിലും വിജെടി ഹാളിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നാടൊന്നാകെയെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ തിങ്കളാഴ്ച വൈകിട്ട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. 

തിരുവനന്തപുരം ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അനിരുദ്ധന്‍ 64–67ല്‍ പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗമായിരുന്നു. ദീര്‍ഘകാലം സിപിഐ എം ജില്ലാകമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടറിയറ്റ്അംഗവുമായും പ്രവര്‍ത്തിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം സിഐടിയു അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റിഅംഗമായിരുന്നു. പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണറായതിനെത്തുടര്‍ന്ന് 1963ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭാംഗമായി. 1965ല്‍ ജയിലില്‍കിടന്നുകൊണ്ട് ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിനെ പരാജയപ്പെടുത്തി. 1967 വീണ്ടും ആര്‍ ശങ്കറെ ചിറയിന്‍കീഴില്‍ പരാജയപ്പെടുത്തി.

'79ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. '80ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍നിന്ന് നിയമസഭാംഗമായി. '89ല്‍ തിരുവനന്തപുരം ജില്ലാ കൌണ്‍സിലിന്റെ പ്രഥമ പ്രസിഡന്റായി.  അടിയന്തരാവസ്ഥക്കാലത്തും ട്രാന്‍സ്പോര്‍ട്ട് സമരം, മിച്ചഭൂമി സമരം എന്നിവയില്‍ പങ്കെടുത്തതിനും അടക്കം ആറുവര്‍ഷത്തോളം ജയില്‍വാസം അനുഷ്ഠിച്ചു. നിരവധി തവണ പൊലീസ്, ഗുണ്ടാ മര്‍ദനങ്ങളേറ്റുവാങ്ങി. ഇലക്ട്രിസിറ്റി, ട്രാന്‍സ്പോര്‍ട്ട്, പ്രൈവറ്റ് മോട്ടോര്‍,  പ്രസ് മുതലായ മേഖലകളിലെ യൂണിയനുകള്‍ കെട്ടിപ്പടുത്തു. തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ച വിശ്വമേഖലയുടെയും വിശ്വകേരളത്തിന്റെയും പത്രാധിപരായും പ്രവര്‍ത്തിച്ചു.

അനിരുദ്ധന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് വിവിധ തുറകളിലുള്ളവര്‍ വഴുതക്കാട്ടെ വീട്ടിലേക്ക് ഒഴുകി. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് കൃഷ്ണന്‍നായര്‍, വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കാട്ടാക്കട ശശി, സി ജയന്‍ബാബു എന്നിവര്‍ ചേര്‍ന്ന് രക്തപതാക പുതപ്പിച്ചു. തുടര്‍ന്ന് നേതാക്കള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍, സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി എസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍, ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്, മേയര്‍ വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, നടന്മാരും നിയുക്ത എംഎല്‍എമാരുമായ മുകേഷ്, ഗണേഷ്കുമാര്‍, സിഐടിയു നേതാവ് കെ ഒ ഹബീബ് തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

തുടര്‍ന്ന്  പകല്‍ 11ന് മേട്ടുക്കടയിലുള്ള സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെത്തി. തുടര്‍ന്ന് മൃതദേഹം വിലാപയാത്രയായി വിജെടി ഹാളില്‍ എത്തിച്ചു. സംസ്ഥാന പൊലീസ് സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. വൈകിട്ട് അഞ്ചോടെ വിലാപയാത്ര ശാന്തികവാടത്തിലെത്തി. തുടര്‍ന്ന്  മൃതദേഹം സംസ്കരിച്ചശേഷം മേട്ടുക്കട ജങ്ഷനില്‍ അനുശോചനയോഗവും ചേര്‍ന്നു. 

കേരള രാഷ്ട്രീയത്തിലെ അപൂര്‍വ വ്യക്തിത്വം: പിണറായി
തിരുവനന്തപുരം > കേരള രാഷ്ട്രീയത്തിലെ അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു കമ്യൂണിസ്റ്റ് നേതാവ് കെ അനിരുദ്ധനെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അസാധാരണ രാഷ്ട്രീയ ജീവിതാധ്യായങ്ങളുടെ ഉടമയായിരുന്നു അദ്ദേഹം. സ്വാതന്ത്യ്രസമരകാലയളവില്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ബ്രിട്ടീഷ് ദുര്‍ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കാളിയായ അനിരുദ്ധന്‍ ജനനായകനായും ജനസേവകനായും വളര്‍ന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ്. ഇടതുപക്ഷപ്രസ്ഥാനം പ്രതിസന്ധികളെ നേരിട്ട ഘട്ടങ്ങളില്‍ അതിനെ അതിജീവിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് തിരുവനന്തപുരത്ത് തലയെടുപ്പോടെയും നട്ടെല്ല് നിവര്‍ത്തിനിന്നും ശക്തിപകര്‍ന്ന സംഘാടകനായിരുന്നു. തിരുവനന്തപുരം നഗരസഭമുതല്‍ ലോക്സഭവരെയുള്ള പാര്‍ലമെന്ററി വേദികളില്‍ തിളങ്ങിയ അദ്ദേഹം ആ വേദികളെയെല്ലാം നാടിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള പോരാട്ടവേദിയാക്കി മാതൃക കാട്ടി.

പൊതുതെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും മത്സരിച്ച് കേരളത്തിന്റെ കണ്ണുകവര്‍ന്ന വിജയങ്ങള്‍ക്ക് ഉടമയായി. അവഗണിക്കപ്പെട്ടിരുന്ന ചുമട്ടുതൊഴിലാളികളെ സംഘബോധമുള്ളവരാക്കി സമൂഹത്തിന്റെ പൊതുധാരയിലെ ഗണ്യമായ ശക്തിയാക്കി മാറ്റിയതില്‍ ട്രേഡ്യൂണിയന്‍ നേതാവെന്ന നിലയില്‍ അനിരുദ്ധന്റെ പങ്ക് എന്നും സ്മരിക്കപ്പെടേണ്ടതാണ്.
ട്രേഡ്യൂണിയന്‍ നേതാവ്, പാര്‍ലമെന്റേറിയന്‍, പത്രപ്രവര്‍ത്തകന്‍, വാഗ്മി തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അനിരുദ്ധന്റെ വേര്‍പാട് കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും പിണറായി വിജയന്‍ രേഖപ്പെടുത്തി.

തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ പോരാളി : കോടിയേരി
തിരുവനന്തപുരം > രാഷ്ട്രീയത്തിന്റെ ദുരിതപൂര്‍ണമായ വഴികളിലൂടെ ധീരമായി മുന്നേറിയ പോരാളിയായിരുന്നു സ. കെ അനിരുദ്ധനെന്ന് കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സ്വാതന്ത്യ്രസമരത്തില്‍ ചെറുപ്പകാലത്തുതന്നെ അദ്ദേഹം പങ്കെടുത്തു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റി യൂണിയന്റെ പ്രഥമ കമ്യൂണിസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്നു കെ അനിരുദ്ധന്‍. പിന്നീട് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. യാതന അനുഭവിക്കുന്ന തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയന്‍ രംഗത്ത്  സജീവമായി ഇടപെട്ടു. 1965ല്‍ ജയിലില്‍ കിടന്നുകൊണ്ട് ആര്‍ ശങ്കറിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ അനുഭവവും അദ്ദേഹത്തിനുണ്ട്. തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ പോരാളിയെയാണ് കെ അനിരുദ്ധന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന്   അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ത്യാഗധനനായ നേതാവ്: വി എസ് 
തിരുവനന്തപുരം > മുതിര്‍ന്ന സിപിഐ എം നേതാവ് കെ അനിരുദ്ധന്റെ നിര്യാണത്തില്‍ വി എസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. ത്യാഗനിര്‍ഭരമായ പോരാട്ടങ്ങള്‍കൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു.

ഏതൊരു ഉത്തമനായ കമ്യൂണിസ്റ്റിനെയും പോലെ ചോരയും കണ്ണീരും പുരണ്ട വഴികളിലൂടെ സഞ്ചരിച്ചാണ് അദ്ദേഹം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരുവനന്തപുരം ജില്ലയില്‍ ശക്തമായ വേരോട്ടമുണ്ടാക്കിയത്. എംഎല്‍എയായും എംപിയായും അദ്ദേഹം പാര്‍ലമെന്ററിരംഗത്ത് നടത്തിയ പോരാട്ടങ്ങളും ചരിത്രത്തിന്റെ ഭാഗമാണെന്ന് വി എസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top