17 August Saturday

എൽഡിഎഫ‌് പ്രശംസനീയ വിജയം നേടും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019


ചിലരുടെ അതിമോഹം തകർന്നടിയുന്നത‌് സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ കാണാനാകുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ‌. പിണറായി ആർസി അമല ബേസിക‌് യുപി സ‌്കൂളിൽ വോട്ട‌്  രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉത്തരേന്ത്യയിൽ വർഗീയകലാപവും വംശഹത്യയും സംഘടിപ്പിച്ച ആളുകൾ ഇവിടെ വന്നു റോഡ‌് ഷോ നടത്തി ജനങ്ങളെ പാട്ടിലാക്കാമെന്നു കരുതി. ബിജെപിയെ നേരിടുന്നുവെന്ന‌് അവകാശപ്പെടുന്ന കോൺഗ്രസിനാകട്ടെ സ്വന്തം പ്രകടന പത്രികയെക്കുറിച്ച‌് ഒന്നും പറയാനുണ്ടായില്ല. സംസ്ഥാനത്തെ പ്രശ‌്നങ്ങളൊന്നും അവതരിപ്പിക്കാനില്ലാത്തതുകൊണ്ട‌് തീർത്തും വസ‌്തുതാവിരുദ്ധമായ പ്രചാരണമാണ‌് അവർ നടത്തിയത‌്. അതിലൂടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാമെന്നും തങ്ങൾക്ക‌് നല്ല നിലയിൽ വോട്ടാക്കാമെന്നും കണക്കുകൂട്ടി. ഈ രണ്ടു കൂട്ടരുടെയും മോഹം തകർന്നടിയും. എൽഡിഎഫ‌് കൂടുതൽ ജനവിഭാഗങ്ങളുടെ പിന്തുണ ഉറപ്പിച്ച‌് കാലഘട്ടത്തിനനുസൃതമായ പ്രശംസനീയ വിജയം നേടും–- മുഖ്യമന്ത്രി പറഞ്ഞു.

വോട്ടിങ‌് യന്ത്രങ്ങൾ കാര്യക്ഷമമാക്കാൻ തെരഞ്ഞെടുപ്പ‌് കമീഷനായില്ല
വോട്ടിങ‌് യന്ത്രങ്ങൾ കാര്യക്ഷമമാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി ആർസി അമല ബേസിക് യുപി സ്കൂളിൽ വോട്ട് ചെയ്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിങ‌് യന്ത്രത്തെക്കുറിച്ച് നേരത്തെ തന്നെ പരാതിയുയർന്നതാണ്. തകരാറില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ  ഉറപ്പുവരുത്തേണ്ടതായിരുന്നു. ഞാൻ വോട്ടുചെയ്ത ബൂത്തിലും യന്ത്രം തകരാറായി. സമീപ ബൂത്തിലും സമീപ പഞ്ചായത്തിലും യന്ത്രങ്ങൾ തകരാറായി പോളിങ‌് നടക്കാത്ത സ്ഥിതിയുണ്ടായി. സംസ്ഥാനത്താകെ യന്ത്രത്തിലെ തകരാറ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേണ്ടത്ര ഗൗരവത്തോടെ വോട്ടിങ‌് മെഷീന്റെ കാര്യം എടുത്തിട്ടില്ലെന്നതാണ് ഇത് തെളിയിക്കുന്നതെന്നും പിണറായി പറഞ്ഞു.
വോട്ടർമാരെ മുഖ്യമന്ത്രി അഭിവാദ്യംചെയ്തു

വലിയതോതിൽ ബൂത്തുകളിലെത്തി ജനാധിപത്യാവകാശം വിനിയോഗിച്ച വോട്ടർമാരെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം ചെയ്തു. രോഗശയ്യയിൽ നിന്നുപോലും വോട്ട് ചെയ്യാനെത്തിയ ധാരാളം പേരുണ്ട്. കേരളത്തിന് പുറത്തുനിന്നും ഇന്ത്യക്ക് പുറത്തുനിന്നും ധാരാളംപേർ വോട്ട് ചെയ്യാനെത്തി. ഈ ഉയർന്ന ജനാധിപത്യബോധത്തെ അഭിനന്ദിക്കുന്നു. ഇത്തരത്തിലുള്ള  സഹകരണവും രാഷ്ട്രീയബോധവുമാണ് ജനാധിപത്യം നിലനിൽക്കുമെന്നതിന്റെ ഉറപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു


പ്രധാന വാർത്തകൾ
 Top