28 May Thursday

കരുതലായി യുവതയുടെ കരുത്ത്‌ ; 47 ഐസൊലേഷൻ കേന്ദ്രം പ്രവർത്തന സജ്ജമാക്കിയത്‌ ഡിവൈഎഫ്ഐയുടെ സഹായത്താൽ

സ്വന്തം ലേഖികUpdated: Wednesday Mar 25, 2020

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ്‌ സജ്ജീകരിക്കുന്നതിനുള്ള കെട്ടിടം ഡിവൈഎഫ്‌ഐ പ്രവർത്തകർ ശുചീകരിക്കുന്നു

തിരുവനന്തപുരം
""ഒറ്റദിവസംകൊണ്ടാണ്‌ ഏഴുനില കെട്ടിടം ഡിവൈഎഫ്‌ഐ പ്രവർത്തകർ വൃത്തിയാക്കിയത്‌. ഓരോനിലയിലും 10 പേരടങ്ങുന്ന ടീം. പുലർച്ചെ മൂന്നായി അത്‌ പൂർത്തിയാക്കാൻ. മറ്റാരെയെങ്കിലും ഏൽപ്പിച്ചാൽ ഒരാഴ്‌ചകൊണ്ട്‌ തീരാത്ത ജോലിയാണ്‌ അവർ ചെയ്‌തത്‌. വളരെ നന്ദിയുണ്ട്‌''–- തൊടുപുഴ കരിക്കോട്‌ ജില്ലാ ആശുപത്രി സൂപ്രണ്ട്‌ ഡോ. സുജ ജോസഫിന്റെ വാക്കുകൾ.

120 ഓളം ഡിവൈഎഫ്‌ഐ പ്രവർത്തകർചേർന്നാണ്‌ തൊടുപുഴ ജില്ലാ ആശുപത്രി കെട്ടിടം ഐസൊലേഷൻ വാർഡിനായി ശുചിയാക്കിയത്‌. നിർമാണം അവസാനഘട്ടത്തിൽ എത്തിയ കെട്ടിടത്തിൽ ജോലി അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, ഒരുദിവസംകൊണ്ട്‌ അത്‌ പൂർത്തിയാക്കി. സംസ്ഥാനത്തുടനീളം ഇതേ മാതൃകയിൽ ഡിവൈഎഫ്‌ഐ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്‌. കോവിഡ്‌–- 19 വ്യാപനം തടയാൻ കരുതലിന്റെ കൈകളുമായി കർമനിരതരാണ്‌ ഡിവൈഎഫ്‌ഐ.
പത്തനംതിട്ടയിൽ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ സംസ്ഥാനത്തെ ആദ്യത്തെ ഐസൊലേഷൻ ആശുപത്രിയായി തെരഞ്ഞെടുത്ത പൂട്ടിക്കിടന്ന പന്തളം അർച്ചന ആശുപത്രി, റാന്നി മേനാംതോട്ടം മെഡിക്കൽ മിഷൻ ആശുപത്രി എന്നിവ സജ്ജമാക്കാൻ ഡിവൈഎഫ്ഐ രംഗത്തെത്തി. സംസ്ഥാനത്ത് 47 ഐസൊലേഷൻ കേന്ദ്രം പ്രവർത്തനസജ്ജമാക്കാൻ ഡിവൈഎഫ്ഐ മുന്നിട്ടിറങ്ങി. കൂടുതൽ പ്രതിസന്ധിയുള്ള കാസർകോട്‌ ജില്ലയിൽമാത്രം 26 കേന്ദ്രം. കണ്ണൂരിൽ ഏഴോളം കെട്ടിടങ്ങൾ ശുചീകരിച്ച് ഐസൊലേഷൻ കേന്ദ്രങ്ങളാക്കി. ഇരിട്ടിയിൽ പൂമാനത്തെ വൃദ്ധ- വികലാംഗ മന്ദിരമാണ് അമ്പതോളം കിടക്കകൾ സജ്ജീകരിക്കാൻ ഒരുക്കിയത്‌.

കാസർകോട്‌ പടന്നക്കാടുള്ള പഴയ കേന്ദ്ര സർവകലാശാല കെട്ടിടത്തിൽ 500 മുറിയാണ് മണിക്കൂറുകൾക്കുള്ളിൽ ശുചിയാക്കി വൈദ്യുതീകരിച്ചത്. തൃശൂർ വലപ്പാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും ഐസൊലേഷൻ കേന്ദ്രം സജ്ജീകരിച്ചു. തിരുവനന്തപുരത്തും ഇടുക്കിയിലും രണ്ടുവീതവും പത്തനംതിട്ടയിലും തൃശൂരിലും മലപ്പുറത്തും മൂന്നുവീതവും എറണാകുളത്ത്‌ ഒരു കേന്ദ്രത്തിലും പൂർണ സജ്ജമായ ഐസൊലേഷൻ കേന്ദ്രങ്ങൾ ഒരുക്കാൻ ഡിവൈഎഫ്‌ഐ സഹായിച്ചു. 
ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ചാണ്‌ പ്രവർത്തനം. ശുചീകരണത്തിനൊപ്പം പെയിന്റിങ്, പ്ലംമ്പിങ്, വയറിങ് എന്നിവയും ഏറ്റെടുക്കുന്നു. അതിജീവന പോരാട്ടത്തിൽ ഇനിയും സർക്കാരിനും ജനങ്ങൾക്കുമൊപ്പമുണ്ടാകുമെന്ന്‌ ഡിവൈഎഫ്ഐ  സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top