28 February Sunday

കോർപറേഷൻ ബജറ്റ്‌ പാസാക്കി ; ഡിവിഷൻതല വികസനത്തിന്‌ ഒരുകോടി രൂപ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021


കൊച്ചി
ഡിവിഷനുകളിലെ നിർമാണ ജോലികൾക്കുള്ള വിഹിതത്തിൽ വൻവർധനയോടെ കൊച്ചി കോർപറേഷന്റെ 2021–-22 വർഷത്തെ ബജറ്റിന്‌ അംഗീകാരം. മരാമത്ത്‌ സമിതിയുടെ അംഗീകാരത്തോടെ ടെൻഡർ ചെയ്യുന്ന പദ്ധതികൾക്ക്‌ ഒരുകോടി രൂപവരെ അനുവദിക്കാനാണ്‌ തീരുമാനം. ബജറ്റ്‌ ചർച്ചകളുടെ അടിസ്ഥാനത്തിൽ ചേർന്ന ധനകാര്യസമിതി യോഗ തീരുമാനങ്ങൾ വിശദീകരിച്ചാണ്‌ ഡെപ്യൂട്ടി മേയർ കെ എ അൻസിയ ഇക്കാര്യം അറിയിച്ചത്‌. മുൻ കൗൺസിൽ ഡിവിഷനുകളിൽ പരമാവധി 50 ലക്ഷംവരെയാണ്‌ അനുവദിച്ചിരുന്നത്‌. പിന്നീടത്‌ 40 ലക്ഷമായി കുറച്ചു. ഡിവിഷൻഫണ്ട്‌ വർധിപ്പിക്കണമെന്ന ആവശ്യം ബജറ്റ്‌ ചർച്ചയിൽ ശക്തമായി ഉയർന്നതിനെ തുടർന്നാണ്‌ വൻവർധന വരുത്തിയത്‌.

കായികമേഖലയെ പ്രോത്സാഹിപ്പിക്കാൻ മേയേഴ്‌സ്‌ ട്രോഫിക്കുവേണ്ടി വർഷംതോറും സംസ്ഥാനതലത്തിൽ ഫുട്‌ബോൾ ടൂർണമെന്റ്‌ നടത്തും. ഫോർട്ടുകൊച്ചി ബീച്ച്‌ നവീകരണത്തിന്‌ ഒരുകോടി രൂപ നീക്കിവച്ചു. ബജറ്റിൽ തുക പ്രഖ്യാപിച്ചിരുന്നില്ല. കോക്കേഴ്‌സ്‌ തിയറ്ററിന്റെ നവീകരണത്തിൽ 50 ലക്ഷം രൂപയും നീക്കിയതായും ഡെപ്യൂട്ടി മേയർ അറിയിച്ചു. 

ബജറ്റ്‌ ചർച്ചകൾക്ക്‌ മേയർ എം അനിൽകുമാർ മറുപടി പറഞ്ഞു. ജിസിഡിഎ വികസിപ്പിച്ച കലൂർ–-കടവന്ത്ര റോഡ്‌ വിട്ടുനൽകാൻ ആവശ്യപ്പെടും. കോർപറേഷന്റെ ആവശ്യപ്രകാരമാണ്‌ റോഡ്‌ ജിസിഡിഎ വികസിപ്പിച്ചത്‌. റോഡ്‌ കോർപറേഷന്‌ കൈമാറേണ്ടതാണ്‌. പാവപ്പെട്ടവർക്ക്‌ വീട്‌ നിർമിച്ചു നൽകാനുള്ള പദ്ധതിക്കായി ഭൂമി കണ്ടെത്താൻ  മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വിവിധ സർക്കാർ വകുപ്പുകളുമായി ചർച്ചയാരംഭിച്ചു. ഉദ്ദേശം 14 ഏക്കറോളം സ്ഥലം കണ്ടെത്താനാകുമെന്നാണ്‌ പ്രതീക്ഷ. ജിസിഡിഎയുടെ രണ്ടേക്കർ കിട്ടാൻ ധാരണയായി‌. ഇതിന്റെ പണം നേരത്തെ നൽകിയതാണ്‌. ബുധനാഴ്‌ച ചർച്ച നടക്കുമെന്നും മേയർ പറഞ്ഞു. കരാറുകാർക്കുള്ള കുടിശ്ശികയിൽ പത്തുകോടി രൂപ ഉടൻ നൽകും. നികുതിയിനത്തിൽ വരുമാനം വർധിക്കുന്നതനുസരിച്ച്‌ കൂടുതൽ പണം നൽകും.

വൈപ്പിൻ–-ഫോർട്ടുകൊച്ചി റോ–- റോ സർവീസ്‌ റീ ടെൻഡർ ചെയ്യുന്നതുൾപ്പെടെ കാര്യങ്ങൾ പരിശോധിക്കും. റോ–-റോ ചുമതലയുള്ള കേരള സ്‌റ്റേറ്റ്‌ ഇൻലൻഡ്‌ നാവിഗേഷൻ കോർപറേഷൻ (കെഎസ്‌ഐഎൻസി) ധാരണപ്രകാരമുള്ള ലാഭവിഹിതം നൽകുന്നില്ല. കണക്കുകളും അറിയിക്കുന്നില്ല. റോ–-റോ അറ്റകുറ്റപ്പണിക്ക്‌ കപ്പൽശാല ഒരുകോടി രൂപ ആവശ്യപ്പെട്ടിരിക്കുകയാണ്‌. ഈ സാഹചര്യത്തിൽ വിശദാംശങ്ങൾ തേടി  കെഎസ്‌ഐഎൻസിക്ക്‌ കത്തുനൽകും. ‌ ആവശ്യമെങ്കിൽ കരാർ മാറ്റി നൽകുന്നതുൾപ്പെടെ പരിശോധിക്കും. മരക്കടവ്‌ അറവുശാല ആധുനികരീതിയിൽ നിർമിക്കാൻ കേന്ദ്രസഹായം തേടും. അല്ലാത്തപക്ഷം ദീർഘകാല ആവശ്യം പരിഗണിച്ച്‌ നഗരസഭ പണം വിനിയോഗിക്കും.

മറൈൻഡ്രൈവിൽ കണ്ടെത്തിയ സ്ഥലത്ത്‌ ജി സ്‌മാരകം നിർമാണത്തിന്‌ പാരിസ്ഥിതിക തടസ്സമുണ്ടാകില്ലെന്നാണ്‌ കരുതുന്നതെന്നും മേയർ പറഞ്ഞു. വാണിജ്യാവശ്യത്തിനും‌ മറ്റും ഉപയോഗിക്കാനാണ്‌ തടസ്സമുള്ളത്‌. ഇക്കാര്യങ്ങൾ നഗരാസൂത്രണ കമ്മിറ്റി പരിശോധിക്കും. ബസ്‌ കാത്തിരിപ്പു‌കേന്ദ്രങ്ങളും പൊതു ശൗചാലയങ്ങളും നിർമിക്കുംമുമ്പ്‌ ഉചിതമായ മാതൃക അംഗീകരിക്കേണ്ടതുണ്ട്‌. അതിനായി നഗരാസൂത്രണ വിഭാഗത്തെ ചുമതലപ്പെടുത്തി.

പെൻഷൻ ഫണ്ടിനത്തിൽ 40 കോടിയോളം രൂപ സർക്കാരിലേക്ക്‌ നൽകാനുണ്ട്‌. 2017 മുതലുള്ള കുടിശ്ശികയാണിത്‌. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്‌ പ്രത്യേക കൗൺസിൽ ചേരുമെന്നും മേയർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top