28 February Sunday

കെഎസ്‌ആർടിസി 
പണിമുടക്കിന്റെ മറവിൽ 
ടിഡിഎഫ്‌, ബിഎംഎസ്‌ അക്രമം ; മൂന്നുപേർ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021


കൊച്ചി
കെഎസ്‌ആർടിസിയിൽ കോൺഗ്രസ്‌, ബിജെപി അനുകൂല സംഘടനകൾ നടത്തിയ പണിമുടക്കിൽ വ്യാപക അക്രമം. വനിതാ കണ്ടക്ടറോട്‌ അപമര്യാദയായി പെരുമാറിയ സമരാനുകൂലികൾ കെഎസ്‌ആർടിഇഎ (സിഐടിയു) ജില്ലാ സെക്രട്ടറി സജിത്‌ ടി എസ്‌ കുമാർ ഉൾപ്പെടെയുള്ള നേതാക്കളെ കൈയേറ്റം ചെയ്‌തു. പരിക്കേറ്റ മൂന്ന്‌ കെഎസ്‌ആർടിഇഎ നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്‌ച രാവിലെയാണ്‌ കോൺഗ്രസ്‌, ബിജെപി അനുകൂല സംഘടനകളുടെ  നേതൃത്വത്തിൽ‌ ഗുണ്ടായിസം അരങ്ങേറിയത്‌. മൂവാറ്റുപുഴ ഡിപ്പോയിൽ സജിത്ത് ടി എസ്‌ കുമാറിനെയും സംസ്ഥാന വൈസ് പ്രസിഡന്റ് എസ് വിനോദിനെയും കൈയേറ്റം ചെയ്‌തു. ആലുവയിലേക്ക്‌ സർവീസ്‌ നടത്തിയ പിറവം ഡിപ്പോയിലെ കണ്ടക്ടർ  അശോക് കുമാറിനെ അലുവയിൽ സമരക്കാർ വളഞ്ഞിട്ട്  ആക്രമിച്ചു. അങ്കമാലിയിൽനിന്ന്‌ ആലുവയിൽ എത്തിയ ബസിലെ ജീവനക്കാരിയെ അസഭ്യം പറഞ്ഞു. സ്റ്റേഷൻമാസ്റ്റർ ഓഫീസിൽ പരാതി പറയാനെത്തിയ ഇവരെ  ഭീഷണിപ്പെടുത്തി.

ജോലിക്ക്‌ ഹാജരായി സ്റ്റേഷൻ മാസ്റ്റർ ഓഫീസിലിരുന്ന കെഎസ്‌ആർടിഇഎ ജില്ലാ ട്രഷറർ പി കെ ജുബിൻ വനിതാ കണ്ടക്ടറോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിൽ പ്രകോപിതരായ സമരാനുകൂലികൾ ജുബിനെ ഓഫീസിൽനിന്ന് വലിച്ചിറക്കി കൈയേറ്റം ചെയ്തു. അങ്കമാലിയിൽ രാവിലെ ജോലിക്കെത്തിയ  കെഎസ്‌ആർടിഇഎ അംഗങ്ങളായ  പി ടി രാജീവ്, കെ കെ രാജേഷ്, കെ കെ പ്രദീപ് എന്നിവരെയും സമരാനുകൂലികൾ ആക്രമിച്ചു. ബിഎംഎസ് യൂണിയനിൽപ്പെട്ട ഡ്രൈവർമാരായ കെ എം സുമേഷ്, നിഷാദ് ബാലൻ എന്നിവരാണ് കൈയേറ്റം ചെയ്തത്. പി ടി രാജീവ് ഭിത്തിയിൽ തട്ടി വീണു. ഇവർ  താലൂക്കാശുപത്രിയിൽ ചികിത്സ തേടി. മൂവരും അങ്കമാലി പൊലീസിൽ പരാതി നൽകി. ജോലിക്കെത്തിയ വനിതാ കണ്ടക്ടറോടും  സമരക്കാർ അസഭ്യവർഷം നടത്തി. കൈയേറ്റം ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്ആർടിഇഎ അങ്കമാലി യൂണിറ്റ് എടിഒക്ക് പരാതി നൽകി. അക്രമത്തിൽ പ്രതിഷേധിച്ച് സിഐടിയു  നേതൃത്വത്തിൽ ബസ്‌സ്റ്റാൻഡിൽ പ്രകടനം നടത്തി.

ജീവനക്കാർക്ക്‌ ശമ്പളവർധനയും 14 ശതമാനം ഡിഎയും നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ്‌ നൽകിയിരുന്നു. ഇതുസംബന്ധിച്ച്‌ കെഎസ്‌ആർടിസി എംഡി ഉത്തരവും ഇറക്കി. എന്നാൽ, രാഷ്‌ട്രീയലക്ഷ്യത്തോടെ ടിഡിഎഫും ബിഎംഎസും പണിമുടക്ക്‌ നടത്തി ജനങ്ങളെ ദ്രോഹിക്കുകയായിരുന്നുവെന്ന്‌ കെഎസ്‌ആർടിഇഎ (സിഐടിയു) അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top