28 February Sunday

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 8 പേർക്ക്‌ കഠിനതടവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021


കോഴിക്കോട്
അമ്മയുടെ സഹായത്തോടെ രണ്ടാനച്ഛൻ 13 വയസ്സുകാരിയെ  ലൈംഗികമായി പീഡിപ്പിച്ച് പലർക്കായി കാഴ്‌ചവച്ചുവെന്ന കേസിൽ എട്ടുപേർക്ക് കഠിനതടവ്.  ഒന്നാം പ്രതിയായ അമ്മയ്‌ക്ക് ഏഴുവർഷവും രണ്ടാനച്ഛനായ രണ്ടാം പ്രതിയടക്കം മറ്റുള്ളവർക്ക് 10 വർഷവുമാണ് കോഴിക്കോട് അതിവേഗ പ്രത്യേക സെഷൻസ് ജഡ്ജി എസ് ആർ ശ്യാംലാൽ ശിക്ഷ വിധിച്ചത്. അമ്മ 10,000 രൂപയും മറ്റുള്ളവർ 35,000 രൂപ വീതവും പിഴയടയ്‌ക്കണം. പിഴയടച്ചില്ലെങ്കിൽ നാലുമാസംകൂടി തടവനുഭവിക്കണമെന്നും പിഴസംഖ്യ പീഡനത്തിനിരയായ കുട്ടിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.  ഇന്ത്യൻ ശിക്ഷാനിയമം 376 (ബലാത്സംഗം) പ്രകാരം 10 വർഷം കഠിനതടവും 25,000 രൂപ പിഴയും  373 (പ്രായപൂർത്തിയാവാത്ത കുട്ടിയെ വാങ്ങുക)  പ്രകാരം അഞ്ചുവർഷം വീതം കഠിനതടവും 10,000 രൂപ വീതം പിഴയുമാണ് വിധിച്ചത്‌. തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. അമ്മയ്‌ക്ക്‌ 371–-ാം വകുപ്പ് (അടിമയാക്കി വിൽക്കുക) പ്രകാരമാണ് ശിക്ഷ. 10 പ്രതികളുള്ള കേസിൽ രണ്ടുപേരെ  വിട്ടയച്ചു. കാവന്നൂർ കളത്തിങ്ങൽ പുതുക്കൽ ജാഫർ എന്ന കുഞ്ഞിപ്പ (38), കൊടിയത്തൂർ വാലുമ്മൽപഴം പറമ്പിൽ അബ്ദുൽ ജലീൽ (49) എന്നിവരെയാണ്‌ വിട്ടയച്ചത്‌.

താഴെക്കോട് അമ്പലത്തിങ്ങൽ മുഹമ്മദ് എന്ന ബാവ (44), കൊടിയത്തൂർ കോട്ടുപുറത്ത് കൊളക്കാടൻ ജമാൽ എന്ന ജമാലുദ്ദീൻ (55), മലപ്പുറം വേങ്ങര കണ്ണമംഗലം കണ്ണഞ്ചേരിച്ചാലിൽ മുഹമ്മദ് മുസ്തഫ എന്ന വിക്കി എന്ന മാനു (54), കൊടിയത്തൂർ കോശാലപ്പറമ്പ് കൊളക്കാടൻ നൗഷാദ് എന്ന മോൻ (48), കാവന്നൂർ വാക്കല്ലൂർ കളത്തിങ്ങൽ ഇരുമ്പിശേരി അഷ്റഫ് (53), കാവന്നൂർ കുയിൽതൊടി നൗഷാദ് (41) എന്നിവരാണ്‌ ശിക്ഷിക്കപ്പെട്ട മറ്റു പ്രതികൾ.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി രാജീവ് ഹാജരായി. 14 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കേസിൽ ആറു മാസത്തിനകം തീർപ്പുണ്ടാക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ
പശ്ചാത്തലത്തിലാണ് വിധി.  ഉമ്മക്കും രണ്ടാനച്ഛനുമൊപ്പം കഴിഞ്ഞ കുട്ടിയെ പ്രലോഭിപ്പിച്ച് 2007–- -’08 കാലത്ത് ഇരുവരും കോഴിക്കോട്, ഊട്ടി, ഗുണ്ടൽപേട്ട, വയനാട്, മണാശേരി തുടങ്ങി നിരവധിയിടങ്ങളിൽ വീട്ടിലും ഹോട്ടലുകളിലും പലർക്കായി പണത്തിനുവേണ്ടി കാഴ്ചവച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പെൺകുട്ടിയടക്കം പ്രോസിക്യൂഷൻ 32 സാക്ഷികളെ വിസ്തരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top