31 March Tuesday

ചങ്കേ സൂക്ഷിച്ചോ... ലൈസൻസില്ലേൽ പൊക്കും

സി എൻ റെജിUpdated: Monday Feb 24, 2020



കൊച്ചി
ഡ്രൈവിങ്‌ ലൈസൻസ്‌ ഇല്ലാതെയും ഹെൽമെറ്റ്‌ വയ്‌ക്കാതെയും ചീറിപ്പായുന്ന കുട്ടി ഡ്രൈവർമാരെ പൊക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ ചങ്ക്‌സ്‌’ തുടങ്ങി. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ തടയുന്നതിനാണ്‌ പരിശോധന.

റോഡ്‌ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 18 വയസ്സിനു താഴെയുള്ള കുട്ടി ഡ്രൈവർമാരെ കണ്ടെത്താനും അവർക്ക്‌ ബോധവൽക്കരണം നടത്തുന്നതിനുമാണ്‌ ഓപ്പറേഷൻ ചങ്ക്‌സുമായി പെരുമ്പാവൂർ ജോയിന്റ്‌ ആർടിഒ ബി ഷഫീഖിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്‌. നിരത്തുകളിൽ കുതിച്ചുപായുന്ന ഇത്തരക്കാരെക്കുറിച്ച്‌ ഓട്ടോറിക്ഷ ഡ്രൈവർമാർക്കും റസിഡൻസ്‌ അസോസിയേഷനുകൾക്കും വിവരം കൈമാറാം. വാഹനത്തിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ജോയിന്റ്‌ ആർടിഒയ്‌ക്ക്‌ വാട്‌സ്‌ ആപ്പിലേക്ക്‌ അയക്കാം. കുട്ടി ഡ്രൈവർമാരെ തിരിച്ചറിഞ്ഞാൽ അവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തും.

സ്‌കൂൾ പരിസരങ്ങളിലും മോട്ടോർ വാഹന വകുപ്പിന്റെ മഫ്‌തി പരിശോധനയുണ്ടാകും. ഇരുചക്രവാഹനങ്ങളിൽ മൂന്നുപേരുടെ യാത്ര, അമിത വേഗം, ലൈസൻസ്‌ ഇല്ലാതെ വാഹനം ഓടിക്കൽ, പ്രായപൂർത്തിയാകാതെയുള്ള വാഹനം ഓടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽപ്പെട്ട നിരവധിപേരാണ്‌ ഓപ്പറേഷൻ ചങ്ക്‌സിൽ കുടുങ്ങിയത്‌. സ്‌കൂളുകളിൽ ബോധവൽക്കരണ പരിപാടി നടത്തുന്നതിന്റെ ഭാഗമായി വീടുകളിലെ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വകുപ്പിന്‌ കൈമാറണം.

രക്ഷിതാക്കളുടെ പേരും ഫോൺ നമ്പറും വാഹനം ആര്‌ ഉപയോഗിക്കുന്നെന്ന വിവരവും നൽകണം. കൂടാതെ 18 തികയാത്തവർ വാഹനം ഓടിക്കില്ലെന്ന പ്രസ്‌താവനയും ഒപ്പിട്ടു കൊടുക്കണം. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നതുസംബന്ധിച്ച്‌ സ്ഥാപന മേധാവികളെയും ചിത്രം സഹിതം അറിയിക്കും. രക്ഷിതാക്കളെ വിളിച്ചുവരുത്തി തിരുത്തൽ നടപടിയെടുപ്പിക്കും. മാർച്ച്‌ അവസാനംവരെ ‘ഓപ്പറേഷൻ ചങ്ക്‌സ്‌’ തുടരും. സ്‌കൂൾ തുറന്നാൽ ബോധവൽക്കരണ ക്ലാസുകൾ വിപുലമാക്കും. അസംബ്ലികളിൽ ട്രാഫിക്‌ നിയമങ്ങളെക്കുറിച്ച്‌ വിശദീകരിക്കും.

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ ജുവൈനൽ ആക്‌ട്‌ പ്രകാരം കേസെടുക്കും. കുറ്റം തെളിഞ്ഞാൽ  രക്ഷിതാവിന്‌ 25,000 രൂപയാണ്‌ പിഴ. വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കും. 25 വയസ്സിന്‌ ശേഷമേ പിന്നീട്‌ ഡ്രൈവിങ്‌ ലൈസൻസ്‌ ലഭിക്കുകയുള്ളു. ലൈസൻസ്‌ ഇല്ലാതെ വാഹനം ഓടിച്ചാൽ 10,000 രൂപയാണ്‌ പിഴ.


പ്രധാന വാർത്തകൾ
 Top