05 April Sunday

ഐസിടി മേള : സ്‌റ്റാളുകളിൽ വരൂ അധ്യാപകപ്രതിഭകളെ പരിചയപ്പെടാം

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020


കളമശേരി
ദേശീയ ഐസിടി അവാർഡ്‌ ജേതാക്കളായ അധ്യാപക പ്രതിഭകളെ പരിചയപ്പെടാനും സ്‌റ്റാളുകൾ. ഓൾ ഇന്ത്യാ വിദ്യാഭ്യാസ ചലച്ചിത്രോത്സവം, ഐസിടി മേള എന്നിവയോടനുബന്ധിച്ചുള്ള പ്രദർശന സ്‌റ്റാളുകളിലാണ്‌ ഇതിന്‌ സൗകര്യം ഒരുക്കിയിരിക്കുന്നത്‌.

ജ്യോതിശാസ്ത്ര പഠനത്തിനുള്ള സോഫ്‌റ്റ്‌വെയറുകളും ബ്ലോഗുകളും ഒരുക്കി അവാർഡ് നേടിയ കൊണ്ടോട്ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ റഷീദ് ഓട്ടക്കൽ, സ്കൂളുകൾക്ക് ഡിജിറ്റൽ മാഗസിൻ നിർമാണത്തിനുള്ള സാങ്കേതികവിദ്യക്ക് അവാർഡ് ലഭിച്ച വയനാട് സ്വദേശി വി മാധവൻ, പഠനസാമഗ്രികളുടെ നിർമാണത്തിൽ അവാർഡ് നേടിയ അബ്ദുറഹ്മാൻ, കലാവിഭാഗത്തിൽ അവാർഡ് നേടിയ അധ്യാപകൻ വി എസ് സജികുമാർ എന്നിവരാണ് കേരളത്തിൽനിന്നുള്ളത്. 52 മൊബൈൽ ആപ്പുകളുടെയും നൂറിലേറെ വെബ്സൈറ്റുകളുടെയും നിർമാതാവായ രാജസ്ഥാൻ സ്വദേശി മുഹമ്മദ് ഇമ്രാൻ ഖാൻ, ഹരിയാനയിലെ വൈദ്യുതിയില്ലാത്ത ഗ്രാമപ്രദേശത്ത് ഉപയോഗിക്കാവുന്ന ചെലവുകുറഞ്ഞ പ്രൊജക്ടർ രൂപകൽപ്പന ചെയ്ത മനോജ് കുമാർ ലഖ്റ, പ്രമോദ് കുമാർ, ഉത്തരാഖണ്ഡ് മലനിരകളിലെ വിദ്യാഭ്യാസ പ്രവർത്തകൻ രമേശ് പ്രസാദ് ബദൂനി എന്നിവരുടെയും സ്റ്റാളുകളുണ്ട്.

കുസാറ്റ് സെമിനാർ ഹാളിൽ ശനിയാഴ്ച ആരംഭിച്ച ഐസിടി മേളയും വിദ്യാഭ്യാസ ചലച്ചിത്രമേളയും തിങ്കളാഴ്ച സമാപിക്കും. 200ലേറെ ചലച്ചിത്രങ്ങൾ മത്സരത്തിനുണ്ട്. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന സമ്മാനദാനച്ചടങ്ങിൽ റസൂൽ പൂക്കുട്ടി മുഖ്യാതിഥിയാകും.
 


പ്രധാന വാർത്തകൾ
 Top