31 March Tuesday

പിഎസ്‌സി പരിശീലനകേന്ദ്രങ്ങളിൽ റെയ്‌ഡ്‌: ഉദ്യോഗസ്ഥബന്ധം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020

തിരുവനന്തപുരം > ജോലിയിൽനിന്ന്‌ മുങ്ങി പിഎസ്‌സി പരീക്ഷാപരിശീലനം നൽകുന്ന സർക്കാർ ഉദ്യോഗസ്ഥരെ കണ്ടെത്താൻ വിജിലൻസിന്റെ വ്യാപക റെയ്‌ഡ്‌.  തലസ്ഥാനത്തെ പരിശീലനകേന്ദ്രങ്ങളിൽ ക്ലാസെടുത്ത ഫയർഫോഴ്‌സ്‌ ഉദ്യോഗസ്ഥനെ കൈയോടെ പിടിച്ചു.  നിരവധി രേഖകളും പിടിച്ചെടുത്തു. തമ്പാനൂരിലെ ലക്ഷ്യ, വീറ്റോ എന്നീ സ്ഥാപനങ്ങളിലാണ്‌ ഞായറാഴ്‌ച ഒരേസമയം മണിക്കൂറുകൾനീണ്ട റെയ്‌ഡ്‌ നടന്നത്‌.

സെക്രട്ടറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ ക്ലാസെടുക്കുന്നതിനുള്ള തെളിവ്‌ ലഭിച്ചു. സെക്രട്ടറിയറ്റിലെ പൊതുഭരണവകുപ്പ്‌  ഉദ്യോഗസ്ഥരായ ഷിബു കെ നായർ, ര‌ഞ്ജൻ രാജ് എന്നിവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും ബിനാമിയാക്കിയാണ്‌  പരിശീലന കേന്ദ്രങ്ങൾ നടത്തുന്നത്‌.  വീറ്റോ എന്ന സ്ഥാപനത്തിൽ പഠിപ്പിക്കുകയായിരുന്ന ഫയർഫോഴ്സ്‌ ജീവനക്കാരൻ സുമേഷാണ്‌ പിടിയിലായത്‌.  ഇയാളുടെ വിവരങ്ങൾ ഫയർഫോഴ്സ് മേധാവിക്ക്‌ കൈമാറും. മറ്റ്‌ ചില ഉദ്യോഗസ്ഥർക്കും ഈ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന്‌ വിജിലൻസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.  പിഎസ്‌സി സെക്രട്ടറിയുടെ പരാതിയെതുടർന്ന്‌ പൊതുഭരണ വകുപ്പിന്റെ ശുപാർശയിലാണ്  വിജിലൻസ്‌ അന്വേഷണം.

സമാനമാതൃകയിൽ ഇനിയും ചില ഉദ്യോഗസ്ഥർ ബിനാമികളെ വച്ച്‌ കോച്ചിങ്‌ സെന്റർ നടത്തുന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്‌. ഇത്തരത്തിൽ സമ്പാദിച്ച തുക കണ്ടെത്താൻ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ വിജിലൻസ്‌ പരിശോധിക്കും. പിഎസ്‌സിയിലെ  ഉദ്യോഗസ്ഥരുമായി ഇവർക്ക്‌ ബന്ധമുണ്ടോ എന്നതും അന്വേഷിക്കും.

സ്ഥാപനം ചട്ടലംഘനം
സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ സ്വകാര്യസ്ഥാപനം നടത്താനോ ജോലിചെയ്യാനോ പാടില്ലെന്നാണ്‌ സർവീസ് ചട്ടം. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകും. ഉദ്യോഗസ്ഥർ കോച്ചിങ്‌ സെന്ററുകൾ നടത്തുന്നുവെന്ന പരാതി വന്നപ്പോൾ പൊതുഭരണവകുപ്പ് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.  പരാതി പിഎസ്‍സി പൊതുഭരണവകുപ്പിന് കൈമാറിയതിനെത്തുടർന്നാണ്‌ സർക്കാർ കർശന നടപടി ആരംഭിച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top