31 March Tuesday

സംഘടനാ പ്രവർത്തനത്തിനല്ല ഗ്രൂപ്പ്‌ കളിക്കുന്നവർക്കാണ്‌ മുൻഗണന; രാഷ്ട്രീയം മതിയാക്കി: രവീശതന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020


ബിജെപി  കാസർകോട്‌ ജില്ലാ പ്രസിഡന്റായി കെ ശ്രീകാന്തിനെ നിയമിച്ചതിൽ പ്രതിഷേധിച്ച്‌ സ്ംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ പാർടിയിൽ നിന്ന്‌ രാജിവെച്ചു. ജില്ലാ പ്രസിഡന്റ്‌ സ്ഥാനം മോഹിച്ചിരുന്ന അദ്ദേഹം ശ്രീകാന്തിനെ നിയമിച്ചതോടെയാണ്‌ പൊട്ടിത്തെറിച്ചത്‌.  കെ സുരേന്ദ്രന്റെ  മന:സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന ശ്രീകാന്തിനെ പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിന്ന്‌ മാറ്റണമെന്ന്‌  രവീശ തന്ത്രി  സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടിരുന്നു.

സംഘടനാ പ്രവർത്തനത്തിനല്ല ഗ്രൂപ്പ്‌ കളിക്കുന്നവർക്കാണ്‌ മുൻഗണനയെന്നും ഈ നിലക്ക്‌ സംസ്ഥാന സമിതിയിൽ പ്രവർത്തിക്കാനാകില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പിൽ കാസർകോട്ടും നിയമാസഭാ തെരഞ്ഞെടുപ്പിൽ കാസർകോട്ടും മഞ്ചേശ്വരത്തും മത്സരിച്ചപ്പോൾ ശ്രീകാന്ത്‌ തനിക്കെതിരെ പ്രവർത്തിച്ചു. ഇത്‌ സംബന്ധിച്ച്‌ സംസ്ഥാന സമിതിക്ക്‌ പരാതി നൽകി.

എന്നിട്ടും പരിഗണിച്ചില്ല. താൻ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും രവീശ തന്ത്രി പറഞ്ഞു. തങ്ങളുടെ പരാതി കേൾക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പാർടി വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന്‌ തന്ത്രിയെ പിന്തുണക്കുന്ന മുതിർന്ന നേതാവ്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top