31 March Tuesday

കെഎഎസ്‌ ഫൈനലിന്‌ 5000 പേർ; റാങ്ക്‌ലിസ്‌റ്റ്‌ 500ൽ ഒതുങ്ങും ; പ്രിലിമിനറി ഫലം അടുത്തമാസം

വിജേഷ്‌ ചൂടൽUpdated: Monday Feb 24, 2020

തിരുവനന്തപുരം> കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌ ഫൈനൽ പരീക്ഷയ്‌ക്ക്‌ യോഗ്യത നേടുക അയ്യായിരത്തോളം ഉദ്യോഗാർഥികൾ. ഇതിൽ ഏകദേശം 500 പേർ റാങ്ക്‌പട്ടികയിൽ ഇടംനേടും. ശനിയാഴ്‌ച പ്രാഥമികപരീക്ഷയെഴുതിയത്‌ മൂന്നര ലക്ഷത്തോളം പേരാണ്‌. ഇതിന്റെ ഫലം അടുത്തമാസം പ്രസിദ്ധീകരിക്കും.

ഫൈനൽപരീക്ഷ വിവരണാത്മകമായതിനാൽ മൂന്ന്‌ സ്‌ട്രീമുകളിൽനിന്നുമായി പ്രിലിമിനറിയിൽനിന്ന്‌ പരമാവധി -4000 പേരെ തെരഞ്ഞെടുത്താൽ മതിയെന്നാണ്‌ പിഎസ്‌സിയുടെ നിലപാട്‌. പ്രതീക്ഷിത ഒഴിവുകൾ ഉൾപ്പെടെ എത്രപേർക്ക്‌ നിയമനം നൽകാനാകുമെന്നതിൽ സർക്കാരിൽനിന്ന്‌ പിഎസ്‌സി വ്യക്തത തേടും. ഇതിന്റെ അടിസ്ഥാനത്തിൽ എണ്ണം വർധിപ്പിച്ചാലും -5000 കവിയില്ല.

മൂന്ന്‌ സ്ട്രീമുകൾക്കും വെവ്വേറെ റാങ്ക്‌ലിസ്‌റ്റ്‌ തയ്യാറാക്കി തുല്യ അനുപാതത്തിലാണ്‌ നിയമനം. പൊതുവിഭാഗത്തിൽ പ്രിലിമിനറി എഴുതിയ മൂന്നുലക്ഷത്തിലേറെ പേരിൽനിന്നാണ്‌ രണ്ടായിരത്തിൽ താഴെ ഉദ്യോഗാർഥികളെ ഫൈനൽപരീക്ഷയ്‌ക്ക്‌ തെരഞ്ഞെടുക്കേണ്ടത്‌. എന്നാൽ, ഫസ്‌റ്റ്‌ ഗസറ്റഡ് ഉദ്യോഗസ്ഥർക്കായി സംവരണം ചെയ്‌ത മൂന്നാംസ്‌ട്രീമിൽ 1500 ഓളം പേർ മാത്രമാണ്‌ പ്രാഥമികപരീക്ഷ എഴുതിയത്‌. ഈ സാഹചര്യത്തിൽ പൊതുവിഭാഗത്തിൽനിന്ന്‌ കൂടുതൽപേർക്ക്‌ ഫൈനൽപരീക്ഷയ്‌ക്ക്‌ അവസരം നൽകിയേക്കും. സാധാരണനിലയിൽ പ്രതീക്ഷിത ഒഴിവുകളുടെ അഞ്ചിരട്ടി പേരുള്ള റാങ്ക്‌ലിസ്‌റ്റാണ്‌ തയ്യാറാക്കുക. അതിന്റെ പത്തിരട്ടി പേർക്ക്‌ ഫൈനൽപരീക്ഷയ്‌ക്ക്‌ അനുമതി നൽകും. ഇത്‌ തീരുമാനിക്കാൻ പിഎസ്‌സിക്ക്‌ വിവേചനാധികാരമുണ്ട്‌.

ജൂൺ അവസാനം ഫൈനൽ പരീക്ഷ നടത്തും. റാങ്ക് നിർണയിക്കുന്ന വിവരണാത്മക പരീക്ഷയുടെ മൂല്യനിർണയം കംപ്യൂട്ടർവൽക്കൃത ഓൺസ്‌ക്രീൻ മാർക്കിങ്‌ സംവിധാനത്തിലൂടെയാണ് നടത്തുന്നത്‌. സെപ്‌തംബറിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച്‌ രേഖ പരിശോധനയും അഭിമുഖവും ഒക്ടോബറിൽ പൂർത്തിയാക്കും. കേരളപ്പിറവിദിനമായ നവംബർ ഒന്നിന്‌ റാങ്ക്‌ലിസ്‌റ്റ്‌ നിലവിൽവരും. കഴിഞ്ഞവർഷം നവംബർ ഒന്നിനാണ്‌ കെഎഎസ്‌ പരീക്ഷയുടെ വിജ്ഞാപനം പിഎസ്‌സി പുറപ്പെടുവിച്ചത്‌.


പ്രധാന വാർത്തകൾ
 Top