31 March Tuesday
വാട്ടർ അതോറിറ്റി എംപ്ലോ. യൂണി. (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്‌ തുടക്കം

അമേരിക്കൻ ബന്ധം ഇന്ത്യയെ തകർക്കും: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020


കോഴിക്കോട്‌
അമേരിക്കൻ പ്രസിഡന്റ്‌ ട്രംപിന്റെ സന്ദർശനം ഇന്ത്യയുടെ വിധേയത്വ പ്രകടനത്തിനുള്ള വേദിയാക്കുകയാണ്‌ പ്രധാനമന്ത്രി മോഡിയെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പൂർണമായി അമേരിക്കക്ക്‌ കീഴടങ്ങുന്നതാണ്‌ മോഡിയുടെ നയം. ഇന്ത്യ അമേരിക്കയുടെ കൂട്ടാളിയായി മാറുകയാണ്‌. അന്തർദേശീയമായ പല കരാറുകളിലും അമേരിക്ക ഇന്ത്യയെ കുടുക്കിയിട്ടുണ്ട്‌. അതിന്റെ തുടർച്ചയാണ്‌ ഈ സന്ദർശനത്തിലും സംഭവിക്കുക. രാജ്യത്ത്‌ സാമ്പത്തിക അസമത്വം വർധിച്ചു വരികയാണ്‌. പൊതുമേഖലാ സ്ഥാപനങ്ങൾ വേണ്ടെന്ന നിലപാടാണ്‌ കേന്ദ്രം തുടരുന്നത്‌. ഇടതുമുന്നണിയുടെ നയങ്ങളും ഭരണമികവുമാണ്‌ സംസ്ഥാനത്ത്‌ പൊതുമേഖലയെ സംരക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.  

കല്ലായി റോഡിലെ സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ പി കരുണാകരൻ അധ്യക്ഷനായി. എഫ്‌എസ്‌ഇടിഒ ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി, കോൺഫെഡറേഷൻ ഓഫ്‌ സെൻട്രൽ ഗവ. എംപ്ലോയീസ്‌ ജനറൽ സെക്രട്ടറി പി വി രാജേന്ദ്രൻ, സിഐടിയു സംസ്ഥാന ട്രഷറർ പി നന്ദകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എ പ്രദീപ്‌കുമാർ എംഎൽഎ സ്വാഗതവും കെ ടി മൊയ്‌തീൻകുട്ടി നന്ദിയും പറഞ്ഞു. യൂണിയൻ ജനറൽ സെക്രട്ടറി എം തമ്പാൻ റിപ്പോർട്ടും ട്രഷറർ പി ശശിധരൻ നായർ  കണക്കും അവതരിപ്പിച്ചു. പി കരുണാകരൻ, എം എൻ ഗോപകുമാർ, കെ ജി ബിന്ദു, സി സുജാത എന്നിവരടങ്ങിയ പ്രസീഡിയമാണ്‌  സമ്മേളനം നിയന്ത്രിക്കുന്നത്‌. പൊതു ജലവിതരണവും ജലഅതോറിറ്റിയും സെമിനാർ  വാട്ടർ അതോറിറ്റി ഡയറക്ടർ ടി വി ബാലൻ ഉദ്‌ഘാടനം ചെയ്‌തു. പി കരുണാകരൻ അധ്യക്ഷനായി. കോഴിക്കോട്‌ എക്‌സി. എൻജിനിയർ പി ജമാൽ, പി ശശിധരൻ നായർ, അക്വ ജനറൽ സെക്രട്ടറി കെ സുരേഷ്‌ എന്നിവർ സംസാരിച്ചു. എം തമ്പാൻ സ്വാഗതവും പി ശശിധരൻ നായർ നന്ദിയും പറഞ്ഞു.

സമ്മേളനം തിങ്കളാഴ്‌ച സമാപിക്കും. വൈകിട്ട്‌ നാലിന്‌ യാത്രയയപ്പ്‌ സമ്മേളനം സിപിഐ എം  ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്യും.


പ്രധാന വാർത്തകൾ
 Top