04 April Saturday

തൊഴിലുറപ്പ്‌ പദ്ധതി തകർക്കരുത്‌ : കർഷകസംഘം സംസ്ഥാന സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020


കൊല്ലം
ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നയം തിരുത്തണമെന്ന്‌ കർഷകസംഘം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.  ബജറ്റ്‌ വിഹിതം വൻതോതിൽ വെട്ടിക്കുറയ്‌ക്കുകയാണ്‌. തൊഴിൽദിനങ്ങൾ 200 ആയി വർധിപ്പിക്കണം. കാർഷിക മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം കാണാനും ഗ്രാമീണ ജനതയുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കാനും  ഇടതുപക്ഷത്തിന്റെ  സമ്മർദത്തിന്റെ ഫലമായി 2005ലെ ഒന്നാം യുപിഎ സർക്കാർ നടപ്പാക്കിയതാണ്  ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. 

രാജ്യത്തെ 10 കോടിയിലധികം ജനങ്ങൾ അതിജീവനത്തിനായി ആശ്രയിക്കുന്നത് ഈ പദ്ധതിയെയാണ്. എന്നാൽ, ബിജെപി സർക്കാർ നിരന്തരമായി പദ്ധതിയെ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമാണ്‌ ശ്രമിക്കുന്നത്‌.  2020–-21 ബജറ്റിൽ പദ്ധതി വിഹിതം പതിനായിരത്തിലധികം കോടി രൂപ കുറച്ചു.  2019 –- 20ൽ ദേശീയ പദ്ധതിയുടെ യഥാർഥ ചെലവ് 71,000 കോടി രൂപയായിരുന്നു. ഇത്‌ വർധിപ്പിക്കുന്നതിനു പകരം കുറയ്‌ക്കുകയാണ്‌ ചെയ്തത്‌. 

അതോടൊപ്പം  ക്ഷീരമേഖലയിലെ നാലുകോടിപ്പേരെ സഹായിക്കാൻ ഇവരെക്കൂടി  തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തണം. പദ്ധതിയുടെ സാധ്യതകൾ കാർഷിക വികസനത്തിനു പ്രയോജനപ്പെടുത്താനും പ്രളയബാധിത മേഖലകളിൽ തൊഴിൽദിനങ്ങൾ 150 ആയി വർധിപ്പിക്കാനും എൽഡിഎഫ്‌ സർക്കാർ നടത്തിയ പരിശ്രമങ്ങളെ സമ്മേളനം അഭിനന്ദിച്ചു.
 

വന്യമൃഗശല്യം തടഞ്ഞ്‌ കർഷകരെ സംരക്ഷിക്കണം
വന്യമൃഗശല്യം തടയാൻ ഫലപ്രദമായ നടപടി വേണമെന്ന്‌ കർഷകസംഘം സംസ്ഥാനസ‌മ്മേളനം ആവശ്യപ്പെട്ടു.  വയനാട്, പാലക്കാട്, ഇടുക്കി, തൃശൂർ ജില്ലകളിൽ പ്രത്യേകിച്ചും മറ്റു ജില്ലകളിലെ മലയോര മേഖലകളിലും വന്യമൃഗ ആക്രമണം മൂലം മനുഷ്യജീവൻ നഷ്ടമാകുന്നതും കൃഷിനഷ്ടവും വർധിച്ചു.  

കാട്ടുമൃഗങ്ങളുടെ എണ്ണം വർധിക്കുമ്പോഴും വനവിസ്തൃതി വർധിക്കുന്നില്ല. വനമെന്ന പേരിൽ വേർതിരിക്കപ്പെട്ട ഭാഗമാകട്ടെ ഏറിയ പങ്കും സർക്കാരിന്റെ പ്ലാന്റേഷനുകളുമാണ്. തേക്ക്, യൂക്കാലി തോട്ടങ്ങൾ ഘട്ടംഘട്ടമായി വെട്ടിമാറ്റി ക്രമേണ സ്വാഭാവിക വനമാക്കി വിസ്‌തൃതി വർധിപ്പിക്കണം.  വന്യമൃഗ അക്രമണംമൂലം ജീവൻ നഷ്ടമാകുമ്പോൾ നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം
രാജ്യത്തിന്റെ ഐക്യത്തിനു ഭീഷണി ഉയർത്തുന്ന പൗരത്വ ഭേദ​ഗതി നിയമം പിൻവലിക്കണമെന്ന് കർഷകസംഘം സംസ്ഥാന സമ്മേളനം   ആവശ്യപ്പെട്ടു. പൗരത്വത്തിനു മതം  മാനദണ്ഡമാകുന്ന തരത്തിലാണ് നിയമം.  ദേശീയ പൗരത്വരജിസ്റ്റർ തയ്യാറാക്കി (എൻആർസി) പൗരത്വ കാർഡ് നൽകുമെന്നാണ്‌ സർക്കാർ പ്രഖ്യാപനം.  മുസ്ലിം വിഭാ​ഗത്തിനു മാത്രമല്ല നാടോടികൾ, ന​ഗരങ്ങളിലെ കുടിയേറ്റക്കാർ, ഭിക്ഷക്കാർ തുടങ്ങിയവർക്കും പൗരത്വ കാർഡ് ലഭിക്കാത്ത സ്ഥിതിയുണ്ടാകും.
 


പ്രധാന വാർത്തകൾ
 Top