29 February Saturday

അന്ത്യയാത്രയേകി ജന്മനാട്‌ ; രഞ്‌ജിത്തും കുടുംബവും ഇനി ഓർമകളിലെ നോവുന്ന ചിത്രം

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

കോഴിക്കോട്‌ കുന്നമംഗലം വേളൂർ പുനത്തിൽ വീട്ടുവളപ്പിൽ വല്യച്‌ഛൻ സജീഷിന്റെ കൈപിടിച്ച്‌ അച്്‌ഛൻ രഞ്ജിത്തിന്റെയും അമ്മ ഇന്ദുവിന്റെയും അനുജൻ വൈഷ്‌ണവിന്റെയും അന്ത്യകർമങ്ങൾ ചെയ്യുന്ന മാധവ്‌ ഫോട്ടോ: ബിനുരാജ്‌


കോഴിക്കോട്‌
അച്ഛന്റെയും അമ്മയുടെയും ചിതയ്‌ക്കരികിൽ രണ്ട്‌ വയസ്സുകാരൻ വൈഷ്‌ണവിന്‌ അന്ത്യനിദ്ര. നേപ്പാൾ ദുരന്തത്തിൽ മരിച്ച കുന്നമംഗലം സ്വദേശി രഞ്‌ജിത്തും കുടുംബവും ഇനി  ഓർമകളിലെ നോവുന്ന ചിത്രം. നേപ്പാളിലെ ദാമനിലെ ഹോട്ടലിൽ ഉറക്കത്തിനിടെ വിഷവാതകം ശ്വസിച്ച് മരിച്ച രഞ്‌ജിത്‌കുമാറിന്റെയും ഇന്ദുലക്ഷ്‌മിയുടെയും ചിതയ്‌ക്ക്‌ മൂത്ത മകൻ മാധവ്‌ തീകൊളുത്തി. വൈഷ്‌ണവിനെ മണ്ണിൽ അടക്കം ചെയ്‌തു. മൊകവൂരും കുന്നമംഗലത്തും ഹൃദയമുരുകി നൂറുകണക്കിനാളുകൾ മൂവർക്കും യാത്രാമൊഴിയേകി. മൂന്നുപേരുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്‌ച രാത്രി ഏഴോടെ രഞ്‌ജിത്തിന്റെ കുന്നമംഗലം വേളൂർ താളിക്കുണ്ട്‌ പുനത്തിൽ വീട്ടിലാണ്‌ സംസ്‌കരിച്ചത്‌.  

വെള്ളിയാഴ്‌ച പകൽ 12.20 ഓടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. മരിച്ചവരുടെ ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കാണ്‌ മൃതദേഹങ്ങൾ ആദ്യം കൊണ്ടുവന്നത്. എംബാം ചെയ്‌യ മൃതശരീരങ്ങൾ മുഖം കാണുന്ന രീതിയിൽ മാറ്റി വെള്ളത്തുണിയിൽ പൊതിഞ്ഞാണ്‌ മൊകവൂരിലെ രഞ്‌ജിത്തിന്റെ പണിതീരാത്ത വീട്ടിൽ കൊണ്ടു വന്നത്‌. രണ്ടരയ്‌ക്ക്‌ മൂന്ന്‌ ആംബുലൻസുകളിലായാണ്‌  മൃതദേഹങ്ങൾ എത്തിച്ചത്‌. ആദ്യം രഞ്‌ജിത്തിന്റെ. പിന്നെ ഇന്ദുവിന്റെ. ഒടുവിൽ രണ്ടരവയസ്സുകാരൻ വൈഷ്‌വിന്റെയും. ഹൃദയഭേദകമായ കാഴ്‌ചയിൽ  മൊകവൂരിലെ വീട്ടുമുറ്റം ദുഃഖസാന്ദ്രമായി.

പിന്നീട്‌ കുന്നമംഗലം സാംസ്കാരിക നിലയത്തിന് സമീപം ഒരു മണിക്കൂറോളം പൊതുദർശനം. എംഎൽഎമാരായ പി ടി എ റഹീം, സി കെ നാണു എന്നിവർ അന്ത്യോപചാരം അർപ്പിക്കാനെത്തി. തുടർന്ന് രഞ്ജിത്തിന്റെ  തറവാടായ താളിക്കുണ്ട് പുനത്തിൽ വീട്ടിലെത്തിച്ചു. അച്ഛൻ മാധവൻനായരും അമ്മ പ്രഭാവതിയും സഹോദരങ്ങളായ സജീഷും സിന്ധുവും നോവുന്ന കാഴ്‌ചയായി . മൃതദേഹം കണ്ടതോടെ അമ്മയ്‌ക്ക്‌ അസുഖം വന്നു. ഡോക്ടറെത്തി പ്രാഥമിക ചികിത്സ നൽകി. അപകടത്തിൽനിന്നും രക്ഷപ്പെട്ട  മാധവ്‌ മാതാപിതാക്കളെ അവസാനമായി കാണാൻ എത്തിയപ്പോൾ  കൂട്ടക്കരച്ചിലായി. ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങൾക്കു മുന്നിൽ വിതുമ്പലടക്കാൻ പാടുപെട്ട ആ കുഞ്ഞുമനസ്സിന്റെ സങ്കടം നാടിന്റെ തേങ്ങലായി. രാത്രി  ഏഴോടെ വൈഷ്‌ണവിന്റെ മൃതദേഹം പ്രത്യേകം തയ്യാറാക്കിയ  കുഴിമാടത്തിൽ സംസ്‌കരിച്ചു. അതിന്‌ ശേഷം രഞ്‌ജിത്തിന്റെയും ഇന്ദുവിന്റെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. 

മന്ത്രിമാരായ എ സി മൊയ്‌തീൻ, എ കെ ശശീന്ദ്രൻ, എം കെ രാഘവൻ എംപി , കലക്ടർ സാംബശിവറാവു , മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാനെത്തി.


 


പ്രധാന വാർത്തകൾ
 Top