27 September Sunday

ലൈഫ് മിഷൻ പദ്ധതിയിൽ പൂർത്തിയായത്‌ 10,973 വീട്‌ ; 245 കോടി വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020


കാക്കനാട്
ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ 10,973 വീട്‌ പൂർത്തിയായി. 245 കോടി രൂപ ഗുണഭോക്താക്കൾക്ക്‌ വിതരണം ചെയ്തു. പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഭൂമിയില്ലാത്ത ഭവനരഹിതരിൽ രേഖാപരിശോധനയിലൂടെ 15,200 പേരെ അർഹരായി കണ്ടെത്തി. ജില്ലയിലെ 96 തദ്ദേശസ്ഥാപനങ്ങളും സമയബന്ധിതമായാണ്‌  പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്‌.

അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ഗുണഭോക്തൃപട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുകയാണ് ആദ്യം ചെയ്തത്. ഒന്നും രണ്ടും ഘട്ടങ്ങളിലായി ലൈഫ് പദ്ധതിയിലൂടെ നേരിട്ട് 6044 വീടും ലൈഫ് - പിഎംഎവൈ (ഗ്രാമീൺ) സംയോജിത പദ്ധതിയിലൂടെ 755 വീടും അർബൻ പദ്ധതിയിലൂടെ 4174 വീടും പൂർത്തിയാക്കി.
ഭൂമിയില്ലാത്ത ഭവനരഹിതർക്ക് ഭവനസമുച്ചയം നിർമിക്കുന്നതിന് ജില്ലയിൽ 26 സ്ഥലങ്ങളിലായി 4905 സെന്റ് ഭൂമി കണ്ടെത്തി. ഏലൂർ, കൂത്താട്ടുകുളം, അയ്യമ്പുഴ, കരുമാല്ലൂർ, തൃക്കാക്കര, തോപ്പുംപടി എന്നീ സ്ഥലങ്ങളാണ് ഭവനസമുച്ചയം നിർമിക്കുന്നതിന് തെരഞ്ഞെടുത്തത്. ഇതിന്റെ പ്രാരംഭനടപടി ആരംഭിച്ചു.

ജീവനോപാധി നൽകുക എന്ന ലക്ഷ്യത്തോടെ ലൈഫ് പട്ടികയിലുള്ള 5540 കുടുംബങ്ങൾക്ക് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിയുമായി സംയോജിപ്പിച്ച് തൊഴിൽകാർഡ് വിതരണം ചെയ്തു. 3,75,502 തൊഴിൽദിനങ്ങൾവഴി 10.17 കോടി രൂപ കൂലിയായി വിതരണം ചെയ്തു. പദ്ധതിക്കായി ജില്ലയിൽ 159 നിർമാണ യൂണിറ്റുകൾവഴി 4.89 ലക്ഷം സിമെന്റ് കട്ടകൾ നിർമിച്ച് വിതരണം ചെയ്തു.

ജീവനോപാധി, സ്ത്രീശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് കുടുംബശ്രീ മിഷന്റെ സഹായത്തോടെ 25 കൺസ്ട്രക്‌ഷൻ യൂണിറ്റുകൾ ആരംഭിച്ചു. 34 ലൈഫ് ഭവനങ്ങളുടെ നിർമാണം ആരംഭിച്ചു. ലൈഫ് ഗുണഭോക്താക്കൾക്ക് നിർമാണവസ്തുക്കൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനും സാങ്കേതികപിൻബലം നൽകുന്നതിനും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദഗ്ധരെയും ഏകോപിപ്പിച്ചുള്ള  പ്രവർത്തനം പുരോഗമിക്കുന്നു. പരിസ്ഥിതിസൗഹൃദ നിർമാണരീതികളും പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യകളും ഭവനനിർമാണത്തിൽ കൊണ്ടുവരുന്നതിനായി കലക്ടറേറ്റ് കോമ്പൗണ്ടിൽ മാതൃകാഭവനം നിർമിച്ചു. പൊതുജനങ്ങൾക്ക് ഈ നൂതന സാങ്കേതികവിദ്യ നേരിട്ട് മനസ്സിലാക്കാൻ അവസരം നൽകി.

ലൈഫ് കുടുംബങ്ങൾക്ക് സർക്കാരിന്റെ വിവിധ പദ്ധതികളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ലൈഫ് കുടുംബസംഗമവും അദാലത്തും  നടത്തിവരുന്നു. ലൈഫ് മിഷൻ ജില്ലാ കോ–--ഓർഡിനേറ്റർ ഏണസ്റ്റ് സി തോമസിന്റെ നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top