29 February Saturday

വികസനശൈലി പ്രകൃതിദുരന്തം അതിജീവിക്കുന്നതാകണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020



തിരുവനന്തപുരം
പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ അതിജീവിക്കുന്ന വികസനശൈലി കേരളം രൂപപ്പെടുത്തിയെടുക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയസാധ്യതയുള്ള സ്ഥലങ്ങളിലെങ്കിലും ജപ്പാൻ മോഡലിൽ അതിജീവനക്ഷമതയുള്ള  പദ്ധതികൾ തയ്യാറാക്കണം. പ്രാദേശിക അറിവുകളും വിഭവങ്ങളും ഇതിനായി ഉപയോഗിക്കണം. പരിസ്ഥിതിയിൽ നടത്തിയ തെറ്റായ ഇടപെടലും ജല വിഭവ –-ഭൂവിനിയോഗ മാനേജ്‌മെന്റിലെ വീഴ്‌ചയുമാണ്‌ പ്രകൃതിദുരന്തങ്ങൾക്ക്‌ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലവിഭവ വകുപ്പ്‌ സംഘടിപ്പിച്ച  ദേശീയ സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ദുരന്തപ്രതിരോധത്തിന്‌ ദേശീയ അന്തർദേശീയചിന്തകളും പഠനങ്ങളും ആഗോളമാതൃകകളും സ്വീകരിക്കുന്നതിനൊപ്പം നാട്ടറിവുകളും ഉപയോഗിക്കണം. കേരളത്തിൽ  ഒരേപോലെ നടപ്പാക്കാവുന്ന ഒറ്റ പരിഹാരമാർഗമില്ല. ജലവിഭവ വകുപ്പും വൈദ്യുതി വകുപ്പും തദ്ദേശഭരണസ്ഥാപനങ്ങളും ഒന്നിച്ച്‌ നീങ്ങണം.
നദികൾ, തോടുകൾ എന്നിവയുടെ കൈയേറ്റം ഒഴിപ്പിച്ചേ മതിയാകൂ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും വേണ്ട. മഴക്കാലത്ത്‌  വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക്‌ ഉറപ്പാക്കണം. ഇതിനായി സ്വാഭാവികതീരം സംരക്ഷിക്കണം.

കുട്ടനാട്‌ പോലെ സമുദ്രനിരപ്പിൽനിന്ന്‌ താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്‌ വെള്ളപ്പൊക്കമടക്കം നേരിടാൻ  പരിശീലനം നൽകണം.  ഇത്തരം
പ്രദേശങ്ങളിൽ എല്ലാ സൗകര്യവുമുള്ള സ്ഥിരം ഷെൽട്ടറുകൾ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top