26 February Wednesday

കുറഞ്ഞ വേതനം: നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020


കൊച്ചി
തൊഴിലാളികൾക്ക് കുറഞ്ഞ വേതനം ഉറപ്പാക്കാൻ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു. ശമ്പള വിതരണത്തിൽ സുതാര്യത ഉറപ്പാക്കുന്ന ഇലക്ട്രോണിക് വേജ്പേയ്‌മെന്റ് സംവിധാനവും അംഗീകരിച്ചു. മൂന്നു മാസത്തിനകം"വേതന രജിസ്റ്റർ' തൊഴിലുടമകൾ വേജ്പേയ്‌മെന്റ് സംവിധാനത്തിൽ നിർബന്ധമായും അപ്‌‌ലോഡ് ചെയ്യണമെന്ന് ഉത്തരവിട്ടു. ശമ്പളദിനത്തിന് മൂന്നുദിവസം മുമ്പ്‌ രജിസ്റ്റർ അപ്‌‌ലോഡ് ചെയ്ത്, ഒരു ദിവസം മുമ്പ്‌ ബിൽ തൊഴിലാളിക്ക് കൈമാറിയിരിക്കണമെന്ന ഭേദഗതി വ്യവസ്ഥയും ശരിവച്ചു. നിയമ ലംഘനമുണ്ടായാൽ തൊഴിലുടമയ്‌ക്കെതിരെ സർക്കാരിന് നടപടിയെടുക്കാം.

വേതനം ബാങ്ക് വഴിയോ വേജ്പേയ്‌മെന്റ് വഴിയോ നിർബന്ധമായും നൽകണമെന്നും ലംഘകർക്കെതിരെ നിയമനടപടിയും വ്യവസ്ഥ ചെയ്തിരുന്നു. ശമ്പളം ബാങ്ക് വഴിയോ പേയ്‌മെന്റ്‌ സംവിധാനം വഴിയോ നൽകണമെന്ന് തൊഴിലുടമകളെ നിർബന്ധിക്കാനാകില്ലെന്നും വീഴ്ച വന്നാൽ തൊഴിൽ ഉടമയ്‌ക്കെതിരെ നടപടി എടുക്കാനാകില്ലന്നും കോടതി വ്യക്തമാക്കി.

തൊഴിലാളികൾക്ക് കുറഞ്ഞ വേതനം 12,000 രൂപയാക്കിയ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നത്. നിയമഭേദഗതി ചോദ്യം ചെയ്ത് ആശുപത്രി മാനേജ്മെന്റുകൾ അടക്കമുള്ള തൊഴിലുടമകൾ സമർപ്പിച്ച ഹർജി സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ മാനേജ്മെന്റുകൾ സമർപ്പിച്ച അപ്പീലാണ് ജസ്റ്റിസുമാരായ കെ വിനോദ്‌ ചന്ദ്രനും വി ജി അരുണും അടങ്ങുന്ന ഡിവിഷൻബെഞ്ച് പരിഗണിച്ചത്. ശബളം ബാങ്ക് വഴി വിതരണം ചെയ്യുന്നതിന് 16 ബാങ്കുകൾ മാത്രമേ തയ്യാറായിട്ടുള്ളുവെന്നും കോടതി നിരീക്ഷിച്ചു. ശമ്പള രജിസ്റ്റർ വേജ്പേയ്‌മെന്റ്‌ സംവിധാനത്തിൽ അപ് ലോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന ഉടമകളുടെ വാദം കോടതി തള്ളി. ഇലക്ട്രോണിക് വേജ്പേയ്‌മെന്റ് സംവിധാനം പൊതുജനങ്ങൾക്ക് കാണാനാകില്ല. പാസ് വേഡ് സംരക്ഷിതമായതിനാൽ മാനേജ്മെന്റ് പ്രതിനിധിക്കും പരിശോധനാ ചുമതലയുള്ള ഉദ്യോഗസ്ഥനും മാത്രമേ കാണാനാകൂവെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.


പ്രധാന വാർത്തകൾ
 Top