29 February Saturday

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ശാക്തീകരണം ; ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020


തിരുവനന്തപുരം
കർഷകത്തൊഴിലാളി ക്ഷേമനിധി ശാക്തീകരിക്കാനുള്ള നിർദേശങ്ങൾ അടങ്ങിയ ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം. ഇതനുസരിച്ച് ഭൂവുടമാ വിഹിതത്തിലും തൊഴിലാളികളുടെ അംശാദായത്തിലും വർധന വരുത്തിയിട്ടുണ്ട്. 20 ആറിനും (49.4 സെന്റ്‌) 40 ആറിനും (98.8 സെന്റ്‌) ഇടയിൽ ഭൂമിയുള്ളവരിൽനിന്ന്‌ മൊത്തം ഭൂമിക്കും 50 പൈസ നിരക്കിലും 40 ആറിന് മുകളിൽ ഭൂമിയുള്ളവരിൽനിന്ന്‌ ഒരു രൂപ നിരക്കിലും ഭൂവുടമാ നിരക്ക് ഈടാക്കും. നിലവിൽ ഇത് 40 ആറിനു മുകളിൽ ഭൂമിയുള്ളവരിൽനിന്ന്‌ ഒരു ആറിന് 25 പൈസയായിരുന്നു. തൊഴിലാളി അംശദായം മാസം അഞ്ചു രൂപയായിരുന്നത് 20 രൂപയായി  വർധിപ്പിച്ചു.

ബോർഡിന്റെ വരുമാനത്തിലെ കുറവ് തൊഴിലാളികൾക്കുള്ള ആനുകൂല്യം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. ഓർഡിനൻസ് പ്രാബല്യത്തിൽ വരുന്നതോടെ ഈ പ്രശ്‌നം ഒഴിവാകും.  

സംസ്ഥാനത്ത് കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡുവഴി നൽകുന്ന ആനുകൂല്യങ്ങളുടെ കുടിശ്ശിക ഉടൻ കൊടുത്തുതീർക്കുന്നതിനുള്ള നടപടികളുമായാണ്‌ സർക്കാർ മുന്നോട്ടു പോകുന്നത്‌.  2011–-16 കാലയളവിൽ ബോർഡിന് ഒരു സാമ്പത്തിക ആനുകൂല്യവും സർക്കാർ അനുവദിച്ചിരുന്നില്ല. ഇത് അതിവർഷ ആനുകൂല്യത്തിലടക്കം കോടികളുടെ കുടിശ്ശികയുണ്ടാക്കിയിരുന്നു. ഈ സർക്കാർ 2017–-18ൽ 30 കോടിയും 2018–-19ൽ 100 കോടിയും അടക്കം 130 കോടി രൂപ പ്രത്യേക ധനസഹായമായി അനുവദിച്ചു. ഇതുപയോഗിച്ച് 2011 മുതൽ 2013 ഡിസംബർവരെയുള്ള അതിവർഷാനുകൂല്യ കുടിശ്ശിക നൽകാൻ  കഴിയും. തുക പൂർണമായി വിനിയോഗിച്ച്‌ സാക്ഷ്യപത്രം നൽകുന്ന മുറയ്ക്ക് ബോർഡിന് കൂടുതൽ തുക അനുവദിക്കും. കഴിഞ്ഞ ബജറ്റിൽ വർധിപ്പിച്ച ഭൂനികുതിയുടെ ഒരു ഭാഗം ക്ഷേമനിധി ബോർഡിന് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top