29 February Saturday

പകർച്ചവ്യാധി പ്രതിരോധവും മാലിന്യനിർമാർജനവും പരസ്പരപൂരകം-: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

പകർച്ചവ്യാധികൾക്കെതിരെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധപ്രവർത്തനങ്ങളുടെ വീഡിയോ കാണുന്നു


തിരുവനന്തപുരം
പകർച്ചവ്യാധി പ്രതിരോധവും മാലിന്യനിർമാർജനവും പരസ്പരപൂരകമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ്‌ സംഘടിപ്പിക്കുന്ന ‘ആരോഗ്യ ജാഗ്രത 2020' ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുജനാരോഗ്യരംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്‌. 2018 മുതൽ നടപ്പാക്കുന്ന പ്രതിരോധ ക്യാമ്പയിന്റെ ഫലമായി പകർച്ചവ്യാധികൾ വലിയതോതിൽ കുറഞ്ഞു. വാർഡുതലത്തിൽ നടത്തുന്ന ഭവനസന്ദർശനം ജീവിതശൈലീ രോഗത്തിനെതിരെ ബോധവൽക്കരണം സൃഷ്ടിക്കാനും ഉപയോഗിക്കണം. സംസ്ഥാനത്ത്‌ നടപ്പാക്കുന്ന പ്ലാസ്റ്റിക്‌ നിർമാർജനം കാര്യക്ഷമമാക്കാനും തദ്ദേശഭരണവകുപ്പും ഹരിത കർമസേനകളും കാര്യക്ഷമമായി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാർഡുതല കമ്മിറ്റി രൂപീകരിച്ചാണ്‌ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്ന്‌ അധ്യക്ഷയായ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ കലണ്ടർ അടിസ്ഥാനമാക്കി ചിട്ടയായ പ്രവർത്തനം ഉറപ്പാക്കും. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജലവിഭവമന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. മൃഗപരിപാലന, വനം മേഖലകളിൽ കൊതുകിന്റെ ഉറവിടനശീകരണം ഉൾപ്പെടെയുള്ള പ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കുമെന്ന്‌ വനംമന്ത്രി കെ രാജു പറഞ്ഞു.

ആർദ്രം ജനകീയ ക്യാമ്പയിന്റെ തപാൽ കവറും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ആരോഗ്യ ജാഗ്രതാ വീഡിയോ, ആരോഗ്യപ്രവർത്തകർക്കുള്ള കൈപുസ്തകം, തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം തയ്യാറാക്കിയ ഗുഡ് ബൈ ഈഡിസ് ചലഞ്ച് 2020 എന്നിവയും ഉദ്ഘാടനം ചെയ്തു.
വി കെ പ്രശാന്ത് എംഎൽഎ, മേയർ കെ ശ്രീകുമാർ, എൻഎച്ച്എം സംസ്ഥാന മിഷൻ ഡയറക്ടർ രത്തൻ കേൽക്കർ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ ഖൊബ്രഗഡെ, കലക്ടർ കെ ഗോപാലകൃഷ്ണൻ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എ റംലാബീവി, ഹോമിയോപ്പതി ഡയറക്ടർ കെ ജമുന, ഭാരതീയ ചികിത്സാ ഡയറക്ടർ പ്രിയ, ആരോഗ്യ അഡീഷണൽ ഡയറക്ടർ രാജു എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top