17 February Monday

ഉമ്മൻചാണ്ടി മത്സരിക്കണമെന്ന‌് മുല്ലപ്പള്ളി ; ഏകപക്ഷീയമായ പ്രഖ്യാപനത്തിൽ ഉമ്മൻചാണ്ടിക്ക‌് അമർഷം

പ്രത്യേക ലേഖകൻUpdated: Thursday Jan 24, 2019


എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരസ്യപ്രഖ്യാപനം വിവാദത്തിലേക്ക‌്. തന്നോട‌് ആലോചിക്കാതെ കെപിസിസി പ്രസിഡന്റ‌് ഏകപക്ഷീയമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതിൽ ഉമ്മൻചാണ്ടിക്ക‌ും കടുത്ത അമർഷമുണ്ട‌്. സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന‌്  ഉമ്മൻചാണ്ടിയെയും എ ഗ്രൂപ്പിനെയും അപ്രസക്തമാക്കാൻ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ‌് പ്രഖ്യാപനമെന്നും ഒരുവിഭാഗം കരുതുന്നു.

വി എം സുധീരൻ കെപിസിസി പ്രസിഡന്റ‌് ആയിരിക്കെയാണ‌് കേരള രാഷ്ട്രീയത്തിൽനിന്നും തൽക്കാലം മാറ്റിനിർത്തുകയെന്ന ഉദ്ദേശ്യത്തോടെ ഹൈക്കമാൻ‌ഡ‌് ഇടപെട്ട‌് ഉമ്മൻചാണ്ടിക്ക‌് ആന്ധ്രയുടെ ചുമതല നൽകിയത‌്.

എങ്കിലും ഉമ്മൻചാണ്ടി മാറിനിന്നില്ല. മുല്ലപ്പള്ളി  പ്രസിഡന്റായതോടെ കേരളത്തിൽ കൂടുതൽ ശക്തമായി പ്രവർത്തനവും തുടങ്ങി. കെപിസിസി പ്രസിഡന്റിനെ ഒതുക്കി ഒരുവശത്ത‌് പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയും മറുവശത്ത‌് ഉമ്മൻചാണ്ടിയും കടിഞ്ഞാൺ ഏറ്റെടുത്തു. ഈ പശ‌്ചാത്തലത്തിൽ വേണം മുല്ലപ്പള്ളിയുടെ പ്രസ‌്താവനയെ കാണാൻ.

കേരളത്തിൽനിന്നും പോകുന്നില്ലെങ്കിൽ ഏതെങ്കിലും ഒരു ലോക‌്സഭാ സീറ്റിൽ ഒതുക്കുകയാണ‌് ലക്ഷ്യമെങ്കിലും ഉമ്മൻചാണ്ടി വഴങ്ങാനിടയില്ല. 20 സീറ്റിൽ ഏതിലും മത്സരിക്കാമെന്നാണ‌് മുല്ലപ്പള്ളിയുടെ ഓഫർ. എന്നാൽ, സിറ്റിങ‌് എംപിമാരിൽ മുല്ലപ്പള്ളി ഒഴികെ ആരും മാറാൻ തയ്യാറല്ല. വടകരയും അന്തരിച്ച എം ഐ ഷാനവാസ‌് പ്രതിനിധാനം ചെയ‌്ത വയനാടും മാത്രമാണ‌് ബാക്കിയുള്ളത‌്. ഈ രണ്ട‌് സീറ്റും ഉമ്മൻചാണ്ടിക്ക‌് സുരക്ഷിതമല്ല. കോട്ടയം കേരള കോൺഗ്രസ‌് വിട്ടുകൊടുക്കുകയുമില്ല. ആകെയുള്ളത‌് ഇടുക്കി മാത്രമാണ‌്. ഇവിടെ ജയസാധ്യത ഒട്ടുമില്ല. അതുകൊണ്ടുതന്നെ ഭാഗ്യപരീക്ഷണത്തിന‌് അദ്ദേഹം തയ്യാറല്ല. മകൻ ചാണ്ടി ഉമ്മനെ രാഷ്ട്രീയത്തിൽ  സജീവമാക്കി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ മത്സരിപ്പിക്കണമെന്നും  ആഗ്രഹമുണ്ട‌്. അതിനുവേണ്ടി  ഇപ്പോഴേ കുഴിയിൽ ചാടാൻ താൽപ്പര്യവുമില്ല.

കോൺഗ്രസിൽ സീറ്റ‌് ധാരണയായെന്ന മുല്ലപ്പള്ളിയുടെ പ്രഖ്യാപനം യുഡിഎഫ‌് ഘടക കക്ഷികളെയും വെട്ടിലാക്കി. സീറ്റ‌ു വിഭജനം സംബന്ധിച്ച‌് ഉഭയകക്ഷി ചർച്ച നടത്താൻ തീരുമാനിച്ചാണ‌് കഴിഞ്ഞ യുഡിഎഫ‌് യോഗം പിരിഞ്ഞത‌്. അണികളുടെയും പ്രവർത്തകരുടെയും കണ്ണിൽ പൊടിയിടാനാണെങ്കിലും ഘടക കക്ഷികൾ കൂടുതൽ സീറ്റ‌് ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ‌് ഉഭയകക്ഷി ചർച്ച തീരുമാനിച്ചത‌്.

അത്തരത്തിൽ പ്രാഥമിക ചർച്ചപോലും നടക്കുംമുമ്പാണ‌് കോൺഗ്രസിന‌് സ്ഥാനാർഥികളായെന്ന‌് കെപിസിസി പ്രസിഡന്റ‌് പറയുന്നത‌്. ഘടക കക്ഷികൾ ആഗ്രഹം പ്രകടിപ്പിച്ച സീറ്റുകൾ നൽകില്ലെന്ന മുന്നറിയിപ്പായാണ‌് ഇതിനെ കണക്കാക്കുന്നതും.

വേണുഗോപാലിന്റെ പദവി: അന്തംവിട്ട‌് നേതാക്കൾ
എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയായി കെ സി വേണുഗോപാലിനെ നിയമിച്ചതിൽ അന്തംവിട്ട‌് കേരളത്തിലെ നേതാക്കൾ. രാഹുൽ ഗാന്ധിയുടെ നല്ലപുസ‌്തകത്തിലെ പേരുകാരനായി വേണുഗോപാൽ വരുന്ന വാർത്തയറിഞ്ഞ‌് എ–-ഐ ഗ്രൂപ്പ‌് നേതാക്കൾ മാത്രമല്ല, മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവരും അങ്കലാപ്പിലാണ‌്. കേരള രാഷ്ട്രീയത്തിലേക്ക‌് വേണുഗോപാൽ ഏതു നിമിഷവും തിരിച്ചെത്തിയേക്കുമെന്ന‌് എല്ലാവരും ഭയക്കുന്നു. അങ്ങനെവന്നാൽ പലർക്കും അടിതെറ്റും. ദേശീയ രാഷ്ട്രീയത്തിൽ കേരളത്തിൽനിന്നുള്ള മുതിർന്ന നേതാവ‌് എ കെ ആന്റണിക്കും ഇനി പ്രസക്തിയുണ്ടാകില്ലെന്നാണ‌്  കണക്കുകൂട്ടൽ. പതിറ്റാണ്ടുകളോളം  കരുണാകരനായിരുന്നു ഹൈക്കമാൻഡിന്റെ വിശ്വസ‌്തൻ. കരുണാകരനെ താഴെയിറക്കിയാണ‌്  ആന്റണി  വിശ്വസ‌്തനായത‌്. ആന്റണി ദേശീയ രാഷ്ട്രീയത്തിലേക്ക‌് ചുവടുമാറ്റിയപ്പോൾ കേരളത്തിലെ കടിഞ്ഞാൺ ഉമ്മൻചാണ്ടിയുടെ കൈയിലായി. ഉമ്മൻചാണ്ടിയെ ഒരുവിധം മൂലയ‌്ക്കാക്കി സ്ഥാനം ഉറപ്പിക്കാനും പിടിച്ചെടുക്കാനുമാണ‌് ചെന്നിത്തല, മുരളീധരൻ, സുധാകരൻ തുടങ്ങിയവരെല്ലാം ശ്രമിക്കുന്നത‌്. അതിനിടയിലാണ‌് ഇരുട്ടടിയായിവേണുഗോപാലിന്റെ പദവി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top