31 March Friday

നാടന്‍മത്സ്യങ്ങളുടെ വംശനാശം തടയാന്‍ കുഫോസില്‍ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Thursday Nov 23, 2017


പള്ളുരുത്തി > കേരളത്തിലെ നദികളിലും ജലാശയങ്ങളിലും വളരുന്ന നാടന്‍മത്സ്യ ഇനങ്ങളെ വംശനാശത്തില്‍നിന്നു രക്ഷിക്കാനുള്ള സമഗ്രപരിപാടിക്ക് തുടക്കമായി. പനങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള മത്സ്യ സമുദ്ര പഠന സര്‍വകലാശാലയും (കുഫോസ്) ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്റെ കീഴില്‍ ലഖ്നൌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്സ് റിസോഴ്സസും (എന്‍ബിഎഫ്ജിആര്‍) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച ധാരണപത്രം കുഫോസ് രജിസ്ട്രാര്‍ ഡോ. വി എം വിക്ടര്‍ ജോര്‍ജും എന്‍ബിഎഫ്ജിആര്‍ ഡയറക്ടര്‍ ഡോ. കുല്‍ദീപ് കുമാര്‍ ലാലും തമ്മില്‍ ഒപ്പുവച്ചു. മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ, കുഫോസ് സെനറ്റ് അംഗം എം സ്വരാജ് എംഎല്‍എ, കെ വി തോമസ് എംപി എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിന് കുഫോസില്‍ നടന്ന ചടങ്ങില്‍ ധാരണപത്രം കൈമാറിയത്.

ധാരണപത്രം അനുസരിച്ച്  കുഫോസിന്റെ പനങ്ങാടുള്ള ജലാശയങ്ങളില്‍ കേരളത്തിലെ നാടന്‍മത്സ്യ ഇനങ്ങളുടെ ജേം പ്ളാസം സംരക്ഷിക്കും. ജേം പ്ളാസം രൂപീകരിക്കുന്നതിനായി കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ വിവിധയിനം നാടന്‍മത്സ്യക്കുഞ്ഞുങ്ങളെ ശേഖരിക്കും. ഓരോ നാടന്‍മത്സ്യ ഇനത്തിന്റെയും തനത് ആവാസവ്യവസ്ഥകൂടി കണക്കിലെടുത്താകും ജേം പ്ളാസം സൂക്ഷിക്കുന്നതിനുള്ള കുളങ്ങള്‍ സജ്ജീകരിക്കുകയെന്ന് ഡോ. കുല്‍ദീപ് കുമാര്‍ ലാല്‍ പറഞ്ഞു. കേരളത്തിലാകെ 189 മത്സ്യഇനങ്ങള്‍ ഉണ്ടെന്ന് പഠനങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ഇതില്‍ 57 ഇനങ്ങള്‍ കേരളത്തിലെ ജലാശയങ്ങളില്‍ മാത്രം കാണുന്ന തനത് മത്സ്യങ്ങളാണ്. ഇതില്‍ വരാലും കാരിയും ഉള്‍പ്പെടെ 12 തനത് മത്സ്യങ്ങളുടെ ജേം പ്ളാസം സംരക്ഷിക്കാനും കൃത്രിമ പ്രജനനം വിജയകരമായി നടത്തി വംശനാശത്തില്‍നിന്ന് രക്ഷിക്കാനും കുഫോസിലെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

എന്‍ബിഎഫ്ജിആറിന്റെ സഹകരണത്തോടെ നാടന്‍മത്സ്യങ്ങളുടെ ജേം പ്ളാസം ശേഖരണം പൂര്‍ത്തിയായാല്‍ വ്യാവസായികാടിസ്ഥാനത്തില്‍ കേരളത്തിലെ നാടന്‍മത്സ്യങ്ങള്‍ കൃഷിചെയ്യുന്നതിനുള്ള പരീക്ഷണപദ്ധതികള്‍ക്ക് കുഫോസില്‍ തുടക്കമാകും. കേരളീയരുടെ ഇഷ്ടമത്സ്യങ്ങളായ വരാലും കരിമീനും ഉള്‍പ്പെടെയുള്ള നാടന്‍മത്സ്യ ഇനങ്ങളുടെ കൃഷിക്കായി കുഞ്ഞുങ്ങളെ വന്‍തോതില്‍ ഉല്‍പ്പാദിക്കുന്നതിനുള്ള ഇന്‍ഡ്രസ്ട്രി ഹാച്ചറികള്‍ സ്ഥാപിക്കാന്‍ കുഫോസില്‍ നിലവില്‍വരുന്ന ജേം പ്ളാസം ഉപയുക്തമാകുമെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍ പറഞ്ഞു. ഉള്‍നാടന്‍ മത്സ്യക്കൃഷിയിലൂടെ വന്‍ സാമ്പത്തികമുന്നേറ്റത്തിനാണ് കേരളം ലക്ഷ്യമിടുന്നത്. കേരളത്തിന്റെ സാമ്പത്തികരംഗത്തിന്റെ മുഖച്ഛായ മാറ്റുന്ന അക്വാകള്‍ചര്‍ വികസനത്തിന്റെ അടിസ്ഥാനശിലയായി കുഫോസിലെ നാടന്‍മത്സ്യഇനങ്ങളുടെ ജേം പ്ളാസം മാറുമെന്നും ഡോ. എ രാമചന്ദ്രന്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top