06 December Friday

പട്ടയഭൂമിയിലെ പ്രവർത്തനങ്ങൾ ; നിരീക്ഷണത്തിന്‌ കർമസമിതി വേണം : ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024


കൊച്ചി
ഭൂപതിവ്‌ നിയമത്തിലെ ചട്ടങ്ങൾപ്രകാരം സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ ക്രമവിരുദ്ധപ്രവർത്തനങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ ഉന്നതോദ്യോഗസ്ഥരടങ്ങുന്ന കർമസമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. പട്ടയ, രജിസ്ട്രേഷൻ വ്യവസ്ഥകൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അനുമതി നൽകരുതെന്ന് തദ്ദേശസ്ഥാപനങ്ങളോട് നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. തൃശൂർ മണ്ണുത്തി സ്വദേശി പി ബി സതീഷാണ്‌ ഹർജി നൽകിയത്‌. 

ഹർജിയിൽ ഉന്നയിക്കുന്ന വിഷയത്തിൽ, ഓരോ ലൈസൻസിന്റെയും അനുമതിയുടെയും സൂക്ഷ്‌മപരിശോധന വേണ്ടിവരുമെന്ന്‌ കോടതി പറഞ്ഞു. എന്നാൽ, സർക്കാരും തദ്ദേശസ്ഥാപനങ്ങളുമടക്കം 1043 എതിർകക്ഷികളുള്ള ഹർജിയിൽ കോടതിക്ക് ഇതിന്‌ സമയം കണ്ടെത്താനാകില്ല. സംസ്ഥാനത്തിനാകെ പൊതു ഉത്തരവും നിലവിൽ സാധ്യമല്ല. നടപടിയിലേക്ക് നീങ്ങേണ്ടിവന്നാൽ കൂടുതൽ ഹർജിക്കാർ എത്താനിടയുണ്ട്‌. അതിനാൽ വിശദപരിശോധനയ്ക്കായി ചീഫ് സെക്രട്ടറി കർമസമിതി രൂപീകരിക്കണം. കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. സമിതിയുടെ രൂപീകരണം എങ്ങനെയെന്ന് കോടതിയെ അറിയിച്ച് അനുമതി വാങ്ങണം. കരടുനിർദേശം നാലാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും സ‌ർക്കാരിന് കോടതി നിർദേശം നൽകി. വിഷയം നവംബ‌ർ എട്ടിന് വീണ്ടും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top