24 November Tuesday

ടൈറ്റാനിയം അഴിമതിക്കേസ്‌: സിബിഐ പിന്മാറിയത്‌ യുഡിഎഫ്‌ ബിജെപി ധാരണയിൽ : സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020


സ്വന്തം ലേഖകൻ
യുഡിഎഫ്‌–- ബിജെപി കൂട്ടുകെട്ടിനായി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ടൈറ്റാനിയം അഴിമതിക്കേസ് സിബിഐ ഏറ്റെടുക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്.

-68 കോടി രൂപയുടെ അഴിമതിക്കേസിൽ 2019 സെപ്തംബർ മൂന്നിനാണ്‌ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. വിജിലൻസ് അന്വേഷണ റിപ്പോർട്ടും സാക്ഷിമൊഴികളും അനുബന്ധ രേഖകളും സിബിഐക്ക് കൈമാറി. അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസിൽ പ്രതികളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടിയപ്പോൾ നയതന്ത്രമാർഗങ്ങൾ ഉപയോഗിക്കാൻ ആവശ്യപ്പെട്ടതിന്റെകൂടി അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചത്. ഉമ്മൻചാണ്ടിയെയും രമേശ്‌ ചെന്നിത്തലയെയും ഇബ്രാഹിം കുഞ്ഞിനെയും പ്രതിചേർത്ത് അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി വിധിച്ചതിനെതുടർന്നാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്.

ഇതിനെതിരെ ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാനാണ് കോടതി വിധിച്ചത്. ഇത്രയും ഗൗരവമേറിയ കേസിൽ കോൺഗ്രസിനെയും ലീഗിനെയും രക്ഷപ്പെടുത്താനാണ് പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുതന്നെ സിബിഐ അന്വേഷണം വേണ്ടെന്ന തീരുമാനമെടുത്തത്. ഇത് യുഡിഎഫും - ബിജെപിയും തമ്മിലുള്ള പരസ്യധാരണയാണ് വ്യക്തമാക്കുന്നത്‌.

-മാറാട് കേസിൽ സിബിഐ അന്വേഷണം തുടരാത്തതും ഇതിന്റെ ഭാഗമാണ്. മാറാട് കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ പാർടിയാണ് ബിജെപി. മുസ്ലിംലീഗിനെ രക്ഷപ്പെടുത്താനാണിത്.ലൈഫ് പദ്ധതി അട്ടിമറിക്കാൻ കോൺഗ്രസ് എംഎൽഎ നൽകിയ പരാതിയിൽ ഉടൻ എഫ്ഐആർ ഇട്ടതും ഇതേ സിബിഐ ആണ്. പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇഡിയെയും സിബിഐയെയും ബിജെപി ദുരുപയോഗിക്കുകയാണ്.

ഇതുകൊണ്ടാണ് രാജസ്ഥാനും പശ്ചിമ ബംഗാളിനും പിന്നാലെ കോൺഗ്രസ്–- ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിലും സിബിഐക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ബിജെപിയുടെ രാഷ്ട്രീയതാൽപ്പര്യങ്ങൾക്കായി സിബിഐയെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ജനവികാരം ഉയർന്നുവരണമെന്ന് സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top