04 December Friday

മെഡിക്കൽ കോളേജിനെതിരായ ആരോപണങ്ങൾ രാഷ്‌ട്രീയപ്രേരിതം ; കരുവാകാൻ താൽപ്പര്യമില്ലെന്ന്‌ ജൂനിയർ ഡോക്ടർ

സ്വന്തം ലേഖികUpdated: Friday Oct 23, 2020


എറണാകുളം ഗവ. മെഡിക്കൽ കോളേജിനെക്കുറിച്ചുള്ള ആക്ഷേപങ്ങളിൽനിന്ന്‌ മലക്കം മറിഞ്ഞ്‌ ജൂനിയർ ഡോക്ടർ നജ്‌മ. പറഞ്ഞത്‌ വിവാദമായതോടെ രാഷ്‌ട്രീയ പാർടികളും മതസംഘടനകളും സമീപിച്ചു. ആരോടും ചേർന്നുനിൽക്കാനും അവരുടെ കരുവാകാനും താൽപ്പര്യമില്ലെന്ന്‌ വ്യാഴാഴ്‌ച ജോലിക്കെത്തിയപ്പോൾ അവർ മാധ്യമങ്ങളോട്‌ പറഞ്ഞു.

മെഡിക്കൽ കോളേജ്‌ ശവപ്പറമ്പാണെന്ന്‌ പറഞ്ഞിട്ടില്ല. സർക്കാർ ഒന്നും ചെയ്‌തില്ലെന്നും പറഞ്ഞിട്ടില്ല. ഇവിടെനിന്ന്‌ എത്രയോപേർ രോഗംമാറി പോയി. രണ്ടുപേരുടെ കാര്യംമാത്രമാണ്‌ പറഞ്ഞത്‌. അതുവച്ച്‌ രോഗികളെയും കൂടെയുള്ളവരെയും ഭയാനകാന്തരീക്ഷത്തിലേക്കു തള്ളിവിടരുത്‌. രാഷ്‌ട്രീയവും മതവുമെല്ലാം കൂട്ടിച്ചേർക്കരുത്‌. എനിക്ക്‌ ആരുടെയും ഭീഷണിയില്ല, ആരുടെയും സംരക്ഷണവും ആവശ്യമില്ല –-ഡോ. നജ്‌മ പറഞ്ഞു.

നേഴ്‌സിങ്‌ ഓഫീസർ ജലജാദേവിയുടെ വിവാദ ശബ്‌ദസന്ദേശം പുറത്തുവന്നശേഷം ഹൈബി ഈഡൻ എംപിയുടെ പ്രസ്‌താവന ഡോ. നജ്‌മ ആർഎംഒയ്‌ക്ക്‌ ഫോർവേഡ്‌ ചെയ്‌തിരുന്നു. ഓക്സിജൻ മാസ്‌ക്‌ മാറിക്കിടക്കുന്നതുകണ്ടെന്ന ശബ്‌ദസന്ദേശവും അയച്ചു. ചാനലുകളിലും ഇത്‌ ആവർത്തിച്ചു. ഓക്‌സിജൻ മാസ്ക്‌ മാറിക്കിടന്നതു ശരിയാക്കാൻ നിർദേശിച്ചോ, കേസ്‌ഷീറ്റിൽ എഴുതിയോ, സീനിയർ ഡോക്ടർമാരെയോ, നേഴ്‌സുമാരെയോ അറിയിച്ചോ എന്നീ ചോദ്യങ്ങൾ ഉയർന്നതോടെ തനിക്ക്‌ വീഴ്‌ച പറ്റിയതാണെന്ന്‌ വ്യാഴാഴ്‌ച ചില ചാനലുകളിലും പ്രതികരിച്ചു.

ഡോ. നജ്മ മുൻ ഡിസിസി അംഗത്തിന്റെ മകൾ
മാതൃകയായ   കോവിഡ് പ്രതിരോധത്തെയും ആരോഗ്യ പ്രവർത്തകരെയും മോശമായി  ചിത്രീകരിക്കാൻ ശ്രമിച്ച എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർ നജ്മ സലിം സജീവ കോൺഗ്രസ് കുടുംബാംഗം.
മുൻ ഡിസിസി അംഗവും തഴവ പഞ്ചായത്ത്‌ മുൻ അംഗവുമായ പാപ്പാംകുളങ്ങര സലീമിന്റെ  മകളായ നജ്‌മ നാട്ടിലും കോൺഗ്രസ്‌ പ്രവർത്തനത്തിൽ സജീവമായിരുന്നു. മെഡിക്കൽ പഠനകാലത്ത്‌  കെഎസ്‌യുവിന്റെ സജീവ പ്രവർത്തകയായിരുന്നു. ഈ കോൺഗ്രസ് ബന്ധമാണ്  ആരോഗ്യ വകുപ്പിനെതിരെ തിരിയാൻ ഇവരെ പ്രേരിപ്പിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top