23 November Monday

ജനകീയാടിത്തറ വിപുലമാക്കി എൽഡിഎഫ്‌, നട്ടെല്ല‌്‌ തകർന്ന്‌ യുഡിഎഫ്‌

കെ ശ്രീകണ‌്ഠൻUpdated: Friday Oct 23, 2020


മുപ്പത്തൊമ്പത്‌ വർഷത്തെ ഇടവേളയ്‌ക്കുശേഷം കേരള കോൺഗ്രസ്‌ എം എൽഡിഎഫിലെ 11–-ാം കക്ഷിയായതോടെ രാഷ്‌ട്രീയ ബലാബലത്തിൽ നിർണായകമാറ്റം ആസന്നം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം‌ യുഡിഎഫ്‌ വിട്ടുവരുന്ന രണ്ടാമത്തെ കക്ഷിയാണ്‌ കേരള കോൺഗ്രസ്‌ എം; എം പി വീരേന്ദ്രകുമാർ നേതൃത്വം നൽകിയ ലോക്‌താന്ത്രിക്‌ ജനതാദളാണ്‌ ഇതിനുമുമ്പ്‌ ബന്ധം വിച്ഛേദിച്ചത്‌. ജനകീയാടിത്തറ കൂടുതൽ വിപുലമാക്കി എൽഡിഎഫ്‌ ശക്തിയാർജിക്കുമ്പോൾ യുഡിഎഫിൽ സംഘർഷം മൂർച്ഛിക്കുന്നതാണ്‌ കേരളത്തിന്റെ രാഷ്‌ട്രീയ ചിത്രം‌.

തദ്ദേശ തെരഞ്ഞെടുപ്പിന്‌ കളമൊരുങ്ങിയവേളയിലാണ്‌ കേരള കോൺഗ്രസിന്റെ എൽഡിഎഫ്‌ പ്രവേശമെന്നതാണ്‌ ശ്രദ്ധേയം. മധ്യതിരുവിതാംകൂറിൽ തങ്ങളുടെ നട്ടെല്ലെന്നാണ്‌ കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിർണായക സ്വാധീനമുള്ള കേരള കോൺഗ്രസിനെ യുഡിഎഫ്‌ വിശേഷിപ്പിച്ചിരുന്നത്‌. ആ നട്ടെല്ലാണ്‌ ഇപ്പോൾ പിടിവിട്ടുപോയത്‌. ഇതോടെ ഈ മേഖലകളിൽ എൽഡിഎഫിന്റെ വലിയ മുന്നേറ്റത്തിനും വഴിയൊരുങ്ങും. 

14നാണ്‌ യുഡിഎഫ്‌ വിടാനും എൽഡിഎഫുമായി സഹകരിക്കാനുമുള്ള തീരുമാനം ജോസ്‌ കെ മാണി പ്രഖ്യാപിച്ചത്‌. യുഡിഎഫിൽനിന്ന്‌ കടുത്ത അനീതിയും വ്യക്തിഹത്യയും നേരിട്ട സാഹചര്യത്തിലായിരുന്നു അത്‌. പുറത്താക്കിയെന്ന്‌ പരസ്യമായി പറഞ്ഞശേഷം രഹസ്യ അനുരഞ്‌ജന നീക്കങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു യുഡിഎഫ്‌. മുന്നണി ബന്ധം മുറിച്ചെറിഞ്ഞത്‌ അവരെ അമ്പരപ്പിച്ചെങ്കിൽ കൂടുതൽ ആഘാതം ഏൽപ്പിക്കുന്നതാണ്‌ പിന്നീടുള്ള നീക്കങ്ങൾ. 

കേരള കോൺഗ്രസിന്റെ എൽഡിഎഫ്‌ പ്രവേശത്തിൽ ഇത്ര വേഗം തീരുമാനമുണ്ടാകുമെന്ന്‌ യുഡിഎഫ്‌ സ്വപ്‌നേപി വിചാരിച്ചില്ല. എൽഡിഎഫ്‌ കക്ഷികൾ തടസ്സവാദം ഉന്നയിക്കുമെന്നും അതുവരെ കേരള കോൺഗ്രസ്‌ അനിശ്ചിതത്വത്തിലാകുമെന്നുമായിരുന്നു അവരുടെ കണക്കുകൂട്ടൽ‌. ശക്തി ക്ഷയിക്കുമ്പോൾ ഗത്യന്തരമില്ലാതെ വീണ്ടും കൂടെ പോരുമെന്നും കരുതി. എന്നാൽ,   എൽഡിഎഫ്‌ തീരുമാനം  യുഡിഎഫിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top