04 December Friday

ടൈറ്റാനിയം അഴിമതി : സിബിഐക്ക്‌ തെളിവ്‌ നൽകാം: സെബാസ്‌റ്റ്യൻ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020


കണ്ണൂർ
ടൈറ്റാനിയം അഴിമതിക്കേസ്‌ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന സിബിഐ നിലപാടിനുപിന്നിൽ കോൺഗ്രസ്–-ബിജെപി നേതൃത്വങ്ങളുടെ ഒത്തുകളിമാത്രമാണെന്ന്‌ കമ്പനി മുൻ ജീവനക്കാരനും ആദ്യ പരാതിക്കാരനുമായ സെബാസ്‌റ്റ്യൻ ജോർജ്‌. വർഷങ്ങൾക്കുമുമ്പു നടന്ന ഇടപാടായതിനാൽ രേഖകൾ ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന സിബിഐ വാദം ബാലിശവും വിചിത്രവുമാണ്‌. ആവശ്യമായ രേഖകൾ സിബിഐക്ക്‌ നൽകാമെന്നും അദ്ദേഹം ‘ദേശാഭിമാനി’യോട്‌ പ്രതികരിച്ചു.
സംസ്ഥാന ഖജനാവിന്‌ 280 കോടി രൂപയും 800 പേരുടെ തൊഴിലവസരവും നഷ്ടമാക്കിയ, കേരളചരിത്രത്തിലെ ഏറ്റവും വലിയ സംഘടിത കൊള്ളയാണ്‌ ടൈറ്റാനിയം അഴിമതി. ഇതിന്റെ പങ്കുപറ്റിയ ഉന്നത രാഷ്‌ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥ മേധാവികളെയും രക്ഷപ്പെടുത്തുകയാണ്‌ സിബിഐയും കേന്ദ്രസർക്കാരും. കേരളത്തിലെ മറ്റ്‌ ചില കേസുകളേറ്റെടുക്കാൻ കാണിക്കുന്ന ശുഷ്‌കാന്തി ഭീമമായ പകൽക്കൊള്ളയുടെ കാര്യത്തിൽ സിബിഐക്ക്‌ ഇല്ലാത്തതിന്റെ കാരണം അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസ്സിലാകും.

2011–-ൽ 158 അനുബന്ധ രേഖകൾസഹിതം 900 പേജ്‌ വരുന്ന സമഗ്ര റിപ്പോർട്ട്‌ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന്‌ സമർപ്പിച്ചിരുന്നു. ഒരു നടപടിയുമുണ്ടായില്ല. ഈ രേഖകളെല്ലാം സിബിഐക്കും നൽകാം. എ കെ ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾക്കും ഒ രാജഗോപാലിനെയും കുമ്മനം രാജശേഖരനെയുംപോലുള്ള ബിജെപി നേതാക്കൾക്കും ഇതിനെക്കുറിച്ച്‌ എന്തുപറയാനുണ്ടെന്നും സെബാസ്‌റ്റ്യൻ ജോർജ്‌ ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top