02 December Wednesday

ടൂറിസം വീണ്ടെടുക്കാൻ‌ വിപുലമായ തയ്യാറെടുപ്പ്‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020


തിരുവനന്തപുരം
കോവിഡ്‌ വ്യാപനത്തിന്റെ തീവ്രത കുറയുന്നതിനൊപ്പം ടൂറിസംമേഖലയുടെ വീണ്ടെടുപ്പും സാധ്യമാക്കാൻ വിപുലമായ തയ്യാറെടുപ്പിലാണ്‌ സംസ്ഥാനമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യവും ലോകവും കോവിഡിനെ അതിജീവിക്കുമ്പോൾ കേരളത്തെ വീണ്ടും സഞ്ചാരികളുടെ പറുദീസയാക്കാനാണ്‌ ശ്രമം.  ഇതിന്‌ പര്യാപ്തമായ പദ്ധതികളാണ് 100 ദിന പരിപാടിയിലടക്കം സർക്കാർ നടപ്പാക്കുന്നത്‌. വിപുലമായ പ്രചാരണവും ആരംഭിക്കും. ഭൂതത്താന്‍കെട്ട് സൗന്ദര്യവല്‍ക്കരണ പദ്ധതിയടക്കം 26 ടൂറിസം വികസനപദ്ധതി നാടിന്‌ സമർപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് പ്രതിസന്ധി ടൂറിസം മേഖലയിൽ 25,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. വലിയ തോതിലുള്ള തൊഴിൽനഷ്ടം വേറെയും. മോശം സാഹചര്യത്തിൽ നിരാശപ്പെടുകയല്ല, ഇത്‌ തിരിച്ചറിഞ്ഞുള്ള അതിജീവന പോരാട്ടമാണ്‌ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈനായി നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി.
ആന്റണി ജോണ്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഡിടിപിസി നിര്‍വാഹക സമിതി അംഗം ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, കലക്ടര്‍ എസ് സുഹാസ്, ടി യു കുരുവിള, ജില്ലാ പഞ്ചായത്ത് അംഗം കെ എം പരീത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സണ്‍ ഡാനിയേല്‍, വിനോദ സഞ്ചാരവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ്, ഡിടിപിസി നിര്‍‌വാഹക സമിതി അംഗം ജോണി തൊട്ടക്കര, സെക്രട്ടറി എസ് വിജയകുമാര്‍, പഞ്ചായത്ത് അംഗം ബിജു പി നായര്‍ എന്നിവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top