12 November Tuesday

ഗതാഗത നിയമലംഘനം : പിഴ കുറച്ചു; സർക്കാർ വാക്കുപാലിച്ചു , വിജ്ഞാപനം ഉടൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

തിരുവനന്തപുരം
വാഹന നിയമലംഘനങ്ങൾക്ക്‌ കേന്ദ്രസർക്കാർ വർധിപ്പിച്ച അമിത പിഴ കുറയ്‌ക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാത്തതിനുള്ള പിഴ 1000ത്തിൽനിന്ന്‌ 500 രൂപയാക്കി. എന്നാൽ മദ്യപിച്ച്‌ വാഹനമോടിക്കൽ അടക്കമുള്ള ഗുരുതര കുറ്റങ്ങൾക്ക്‌ ഇളവില്ല. 

കേന്ദ്ര സർക്കാരിന്റെ  മോട്ടോർ വാഹന നിയമഭേദഗതിപ്രകാരമുള്ള  പുതുക്കിയ പിഴയ്‌ക്കെതിരെ സംസ്ഥാനത്ത്‌ എതിർപ്പ്‌ ഉയർന്നിരുന്നു.  പിഴ കുറയ്‌ക്കാൻ  നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനൽകി.  ഇതിനായി ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു.  ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്‌ തീരുമാനം. അടുത്തദിവസം  വിജ്ഞാപനമിറക്കുന്നതോടെ പുതുക്കിയ തുക നിലവിൽവരും. 


 

പ്രത്യേകശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിന് നിലവിലുള്ള നിരക്ക് 500ൽനിന്ന്‌ 250 ആയും ആവർത്തിച്ചാൽ 1500 എന്നത്‌  500 രൂപയായും കുറച്ചു. ഉദ്യോഗസ്ഥരുടെ ഉത്തരവ് പാലിക്കാതിരിക്കുക,  തെറ്റായ വിവരം, രേഖ എന്നിവ  നൽകുന്ന കുറ്റങ്ങൾക്ക്‌  2000ത്തിൽനിന്ന്‌  1000 രൂപയാക്കി.   പന്തയ ഓട്ടം ആദ്യകുറ്റത്തിന് 5000 രൂപയും ആവർത്തിച്ചാൽ 10000 രൂപയായും നിശ്ചയിച്ചു. റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ, ശബ്ദ–--വായു മലിനീകരണം എന്നിവയ്‌ക്ക്‌ ആദ്യകുറ്റത്തിന് 2000  രൂപയാണ്‌ കുറച്ച നിരക്ക്‌.  

അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ അധിക യാത്രക്കാരന്‌ 200 വീതം എന്നത് 100 രൂപയാക്കി. ലൈസൻസില്ലാതെ വണ്ടിയോടിക്കൽ അടക്കമുള്ള മറ്റ് കുറ്റങ്ങൾക്ക്‌  സെപ്തംബർ ഒന്നിന്‌  നിലവിൽവന്ന നിരക്കുതന്നെ തുടരും.


പ്രധാന വാർത്തകൾ
 Top