20 November Wednesday

ചോരകൊടുത്തും കാവലാകും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019


ആലുവ
രക്തദാനത്തിന്റെ സന്ദേശമുയർത്തി പൊലീസിന്റെ സ്‌മൃതിദിനാചരണം. സൗജന്യ രക്തദാനക്യാമ്പ്‌ നടത്തിയാണ്‌ റൂറൽ ജില്ലാ പൊലീസ്‌ സമൂഹത്തിന്‌ മാതൃകയായത്‌. രക്തം ദാനംചെയ്‌ത്‌ റൂറൽ ജില്ലാ പൊലീസ്‌ മേധാവി കെ കാർത്തിക്‌ സ്‌മൃതിദിനാചരണവും രക്തദാന ക്യാമ്പും ഉദ്‌ഘാടനം ചെയ്‌തു. ആലുവയിൽ റൂറൽ പൊലീസ്‌ ആസ്ഥാനത്തായിരുന്നു ക്യാമ്പ്‌. നടത്തുന്ന സംഘടനകളും വ്യക്തികളും ഉണ്ടെങ്കിലും ആവശ്യത്തിനുള്ള രക്തം ലഭിക്കുന്നില്ലെന്ന യാഥാർഥ്യമാണ്‌ പൊലീസിനെ സൗജന്യ രക്തദാനത്തിന്‌ പ്രേരിപ്പിച്ചത്‌.

കേരളത്തിലെ വിവിധ ആശുപത്രികളിലായി പ്രതിദിനം 1000 യൂണിറ്റിലേറെ രക്തം ആവശ്യമായിവരുന്നു. ഡെങ്കിപ്പനിപോലുള്ള രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മിക്ക ആശുപത്രികളിലും പതിവിൽ കൂടുതൽ രക്തം ആവശ്യമായിവരുന്നുമുണ്ട്‌. കൂടുതൽപേരെ രക്തദാനത്തിന്‌ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പൊലീസ്‌ സ്‌മൃതിദിനാചരണത്തോടനുബന്ധിച്ച്‌ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. ഡോ. എം ആർ ഗോപാലകൃഷ്‌ണന്റെ നേതൃത്വത്തിൽ ആലുവ ജില്ലാ ആശുപത്രിയിലെ ബ്ലഡ്‌ ബാങ്കുമായി സഹകരിച്ചായിരുന്നു ക്യാമ്പ്‌. ആലുവ ഡിവൈഎസ്‌പി  ജി വേണു, പെരുമ്പാവൂർ ഡിവൈഎസ്‌പി  കെ ബിജുമോൻ, മൂവാറ്റുപുഴ ഡിവൈഎസ്‌പി  കെ അനിൽകുമാർ, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്‌ ഡിവൈഎസ്‌പി  ആർ റാഫി, ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി  കെ എം ജിജിമോൻ, നാർകോട്ടിക്‌ സെൽ ഡിവൈഎസ്‌പി  എം ആർ മധു ബാബു എന്നിവർ പങ്കെടുത്തു. 51 പൊലീസ്‌ ഉദ്യോഗസ്ഥർ രക്തം ദാനംചെയ്‌തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top