20 January Wednesday

നഷ്ടങ്ങളെണ്ണി യുഡിഎഫും ബിജെപിയും; നേതാക്കളുടെ നെഞ്ചിടിപ്പ്‌ വർധിപ്പിച്ച് എക്‌സിറ്റ്‌പോൾ ഫലങ്ങൾ

കെ ശ്രീകണ‌്ഠൻUpdated: Wednesday Oct 23, 2019വിധിയെഴുത്തിന്റെ ചിത്രം തെളിയാൻ മണിക്കൂറുകൾമാത്രം ശേഷിക്കെ വോട്ടിങ്‌ യന്ത്രത്തിൽ ഉറ്റുനോക്കിയിരിപ്പാണ്‌ രാഷ്ട്രീയകേരളം. അഞ്ചിൽ അഞ്ചും പിടിക്കുമെന്ന്‌ പ്രചാരണവേളയിലെമ്പാടും വീമ്പു പറഞ്ഞെങ്കിലും യുഡിഎഫ്‌ കേന്ദ്രങ്ങൾ വോട്ടെടുപ്പ്‌ കഴിഞ്ഞപ്പോൾ തണുത്ത മട്ടിലാണ്‌.

പ്രതികൂലമായത്‌ പ്രകൃതിയാണോ രാഷ്ട്രീയകാലാവസ്ഥയാണോയെന്ന ആശങ്കയാണ്‌ കോൺഗ്രസ്‌ നേതാക്കൾ പങ്കിട്ടത്‌. പോളിങ്‌ കുറഞ്ഞത്‌ മാത്രമല്ല, എക്‌സിറ്റ്‌പോൾ ഫലങ്ങളും നേതാക്കളുടെ നെഞ്ചിടിപ്പ്‌ വർധിപ്പിച്ചു. 

കൂട്ടലും കിഴിക്കലുമൊക്കെ നടത്തിയെങ്കിലും എത്ര നഷ്ടമാകുമെന്നതിലാണ്‌ യുഡിഎഫ്‌ ആധി. സിറ്റിങ്‌ സീറ്റുകളെല്ലാം നിലനിർത്തുമെന്ന അവകാശവാദം പലരും കൈവിട്ടു. അഞ്ചിടത്തും യുഡിഎഫ്‌ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണ്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കുവച്ചത്‌. പക്ഷേ മനസ്സിലിരിപ്പ്‌ അടുപ്പക്കാരോട്‌ പറഞ്ഞുകഴിഞ്ഞു. വട്ടിയൂർക്കാവിൽ ആർഎസ്‌എസ്‌ വോട്ട്‌ എൽഡിഎഫിന്‌ മറിച്ചെന്ന കെ മുരളീധരന്റെ വെളിപാട്‌ ഇതിന്‌ തെളിവാണ്‌.

മാതൃഭൂമിയുടെ എക്‌സിറ്റ്‌ പോൾ പ്രകാരം വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിനാണ്‌ മുൻതൂക്കം. കോന്നിയിൽ എൽഡിഎഫ്‌ വിജയിക്കുമെന്നാണ്‌ മനോരമയുടെ  പ്രവചനം. അങ്ങനെ സംഭവിച്ചാൽ കാരണം അടൂർ പ്രകാശ്‌ ഫാക്ടർ ആയിരിക്കുമെന്ന്‌ കെപിസിസി വൈസ്‌ പ്രസിഡന്റ്‌ വി ഡി സതീശൻ മുൻകൂട്ടി എറിഞ്ഞു. മുല്ലപ്പള്ളിയുടെ ഉള്ളറിയാതെ സതീശൻ അത്‌ പറയാനിടയില്ല.

എൽഡിഎഫിന്റെ സിറ്റിങ്‌ സീറ്റായ അരൂരിൽ അത്ഭുതം സംഭവിക്കില്ലെന്ന്‌ ഡൽഹിയിൽ നിന്നെത്തിയ എ കെ ആന്റണിക്കും അറിവുള്ളതാണ്‌. അരൂരുംകൂടി ചേർന്നാൽ അഞ്ചിൽ മൂന്നും എൽഡിഎഫായി. പിന്നെ സുരക്ഷിതമെന്ന്‌  യുഡിഎഫ്‌ കരുതുന്ന എറണാകുളമാണ്‌.

വെള്ളക്കെട്ടിൽ മുക്കിയതിലും പാലാരിവട്ടം ചതിയിലും കൊച്ചിക്കാരുടെ മനസ്സ്‌ നീറിയാൽ  ഫലം പ്രവചനാതീതമാകും. 54 വർഷം പരിപാലിച്ച പാലായുടെ തനിയാവർത്തനം കൊച്ചിയിൽ അരങ്ങേറുമോയെന്നതാണ്‌ കോൺഗ്രസിന്റെ പേടി.

മഞ്ചേശ്വരത്ത്‌ എൽഡിഎഫ്‌ ഇത്തവണ ശക്തമായ വെല്ലുവിളിയാണ്‌ ഉയർത്തിയതെന്ന്‌ യുഡിഎഫ്‌ നേതാക്കളും സമ്മതിക്കുന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായ ബിജെപി ഇക്കുറി ആ പ്രതീക്ഷ അസ്ഥാനത്താണെന്ന്‌ സമ്മതിക്കുന്നു. വോട്ട്‌ മറിക്കൽ ആരോപണവുമായി  ബിജെപി രംഗത്തുവന്നത്‌ ഇതിന്റെ സൂചനയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top