കൊച്ചി
പാലാരിവട്ടം മേൽപ്പാല നിർമാണ അഴിമതി പോലൊന്ന് ഇതുവരെ കണ്ടിട്ടില്ലെന്ന് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി ആർഡിഎസ് കമ്പനി ഉടമ സുമിത് ഗോയൽ, രണ്ടാം പ്രതി കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മുൻ അസി. ജനറൽ മാനേജർ എം ടി തങ്കച്ചൻ, നാലാം പ്രതി പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ വാക്കാലുള്ള പരാമർശം.
താൻ ആഗസ്ത് 30 മുതൽ ജയിലിലാണെന്നും ഇടമലയാർ, പാതാളം അഴിമതിക്കേസുകളിലെ ആരോപണവിധേയർ ഇത്തരത്തിൽ ജയിൽവാസം അനുഭവിച്ചിട്ടില്ലെന്നും ടി ഒ സൂരജ് വാദിച്ചു. അപ്പോഴാണ് ഇത്തരത്തിലുള്ള ഒരു അഴിമതിക്കേസ് ഇതുവരെ കണ്ടിട്ടില്ലെന്ന് കോടതി പറഞ്ഞത്. ടി ഒ സൂരജിന് എതിരെ നിരവധി പരാതികളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതികളെല്ലാം തീർപ്പായതാണെന്ന് ടി ഒ സൂരജിന്റെ അിഭാഷകൻ പറഞ്ഞു. കേസിൽ ചില രേഖകൾ ഹാജരാക്കാനുണ്ടെന്ന് സുമിത് ഗോയലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അന്വേഷണം എവിടെയെത്തിയെന്ന് കോടതി വിജിലൻസിനോട് ചോദിച്ചു. പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും നിരവധി രേഖകൾ പിടിച്ചെടുത്തതായും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും വിജിലൻസിനുവേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ എ രാജേഷ് അറിയിച്ചു. ജാമ്യഹർജിക്ക് വിശദമായ മറുപടി നൽകുമെന്നും വിജിലൻസ് അറിയിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..