Deshabhimani

കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ ; നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 02:16 AM | 0 min read


കൊച്ചി
കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്ററിന്റെ (സിസിആർസി) നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്‌. സെന്ററിൽ സ്ഥാപിക്കാനുള്ള എംആർഐ സ്‌കാനിങ് മെഷീൻ വ്യാഴം വൈകിട്ട്‌ കൊച്ചിയിൽ എത്തിച്ചു.

ഇറക്കുമതി ചെയ്യേണ്ടവ ഉൾപ്പെടെ 210 കോടിയുടെ യന്ത്രസാമഗ്രികളാണ്‌ കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻവഴി വാങ്ങുന്നതെന്ന്‌ സിസിആർസി ഡയറക്‌ടർ ഡോ. പി ജി ബാലഗോപാൽ പറഞ്ഞു. കിഫ്‌ബിവഴിയാണ്‌ സംസ്ഥാന സർക്കാർ ഫണ്ട്‌ അനുവദിച്ചത്‌. ജർമനിയിൽനിന്ന്‌ ഇറക്കുമതി ചെയ്‌ത അത്യാധുനിക എംആർഐ മെഷീൻ എത്തിച്ചു. ഇത്‌ സ്ഥാപിക്കാൻ 10 മുതൽ 15 ദിവസംവരെ എടുക്കും. സിടി സ്‌കാൻ മെഷീൻ ജനുവരിയിൽ എത്തും. ഓപ്പറേഷൻ തിയറ്ററിന്റെ നിർമാണം അവസാനഘട്ടത്തിലാണ്‌. പത്ത്‌ ഓപ്പറേഷൻ തിയറ്ററുകളിൽ ഒരെണ്ണമാണ്‌ ആദ്യം തയ്യാറെടുക്കുന്നത്‌. ഭാവിയിൽ റോബോട്ടിക്‌ സർജറി ഉൾപ്പെടെയുള്ളവ തയ്യാറാകും.

നൂറു കിടക്കകളും ആദ്യം സജ്ജമാക്കും. കെട്ടിടത്തിന്‌ എൻഒസി കിട്ടുന്നതിനാവശ്യമായ പരിശോധന നടക്കുന്നതായി ഇൻകെൽ അധികൃതർ അറിയിച്ചു. മൂന്ന്‌ അനുമതികളാണ്‌ ലഭിക്കാനുള്ളത്‌. അഗ്നി രക്ഷാവിഭാഗം, മലിനീകരണനിയന്ത്രണ ബോർഡ്‌, ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ്‌ എന്നിവയുടെ പരിശോധന ഇതിനായി നടക്കണം. അഗ്നി രക്ഷാവിഭാഗത്തിന്റെ ജില്ലാ ഓഫീസിൽനിന്നുള്ള പരിശോധന പൂർത്തിയായി. തിരുവനന്തപുരത്തെ ഉന്നതോദ്യോഗസ്ഥരുടെ പരിശോധന അടുത്ത ആഴ്‌ച നടക്കും. മലിനീകരണനിയന്ത്രണ ബോർഡിലേക്ക്‌ പരിശോധനയ്‌ക്ക്‌ അപേക്ഷ നൽകി. ഇവ രണ്ടും പൂർത്തിയായാൽ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റിൽ പരിശോധനയ്ക്കായി അപേക്ഷ നൽകാനാകുമെന്നും അധികൃതർ വ്യക്തമാക്കി.

എറണാകുളം മെഡിക്കൽ കോളേജ്‌ ക്യാമ്പസിലെ 12 ഏക്കറിൽ 6.32 ലക്ഷം ചതുരശ്രയടിയിൽ എട്ടു നിലകളിലാണ്‌ ക്യാൻസർ സെന്റർ സ്ഥാപിക്കുന്നത്‌. നിലവിൽ എറണാകുളം മെഡിക്കൽ കോളേജിന്റെ കെട്ടിടത്തിലാണ്‌ താൽക്കാലികമായി സെന്റർ പ്രവർത്തിക്കുന്നത്‌. ആയിരക്കണക്കിന്‌ ക്യാൻസർ രോഗികൾക്ക്‌ കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കാൻ സഹായിക്കുന്ന സെന്റർ നവംബറിൽ ഉദ്‌ഘാടനം ചെയ്യാനാണ്‌ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്‌



deshabhimani section

Related News

View More
0 comments
Sort by

Home