26 October Monday

കർഷക ബിൽ: പ്രതിഷേധിച്ച്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020


തിരുവനന്തപുരം
ഭരണഘടനയെയും പാർലമെന്ററി കീഴ്‌വഴക്കങ്ങളെയും വെല്ലുവിളിച്ച്‌ കാർഷികമേഖല കോർപറേറ്റുകൾക്ക്‌ തീറെഴുതിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായ പ്രതിഷേധത്തിൽ അണിചേർന്ന്‌ കേരളവും. കേന്ദ്ര സർക്കാർ തുടരുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം ആഹ്വാനംചെയ്‌ത രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ ജില്ലാ കേന്ദ്രങ്ങളിലാണ്‌ ബഹുജന കൂട്ടായ്‌മകൾ സംഘടിപ്പിച്ചത്‌.

കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ നടത്തിയ പ്രതിഷേധത്തിൽ ഓരോ കേന്ദ്രത്തിലും നൂറിൽ താഴെപേർ അണിചേർന്നു‌.  ജനദ്രോഹ കർഷക ബിൽ പിൻവലിക്കുക, ആദായനികുതി കൊടുക്കാത്ത എല്ലാ കുടുംബങ്ങൾക്കും 7,500 രൂപവീതം അക്കൗണ്ടിൽ നിക്ഷേപിക്കുക,  ആവശ്യക്കാർക്ക്‌ മാസം 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക,  തൊഴിലുറപ്പിൽ വർഷം 200 തൊഴിൽ ദിനമെങ്കിലും  ലഭ്യമാക്കുക,  നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക,  എല്ലാ തൊഴിൽരഹിതർക്കും തൊഴിലില്ലായ്മ വേതനം നൽകുക, എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള  നീക്കം ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ്‌ പ്രതിഷേധം. തിരുവനന്തപുരം ജിപിഒക്ക്‌ മുന്നിൽ പ്രതിഷേധ കൂട്ടായ്‌മ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു.

എറണാകുളത്ത്‌ മേനക ജങ്‌‌ഷനിലും ബഹുജന കൂട്ടായ്‌മ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്‌മണി, എസ്‌ ശർമ, കെ ചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. എറണാകുളം ഏരിയ സെക്രട്ടറി പി എൻ സീനുലാൽ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എം അനിൽകുമാർ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം പി പത്രോസ്‌, പി എം ഇസ്‌മയിൽ, പി ആർ മുരളീധരൻ, സി കെ മണിശങ്കർ, എൻ സി മോഹനൻ, ജോൺ ഫെർണാണ്ടസ്‌, കെ എൻ ഉണ്ണിക്കൃഷ്‌ണൻ, എം സി സുരേന്ദ്രൻ, ജിസിഡിഎ ചെയർമാൻ വി സലിം എന്നിവരും ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയസെക്രട്ടറിമാർ, ജനപ്രതിനിധികൾ ഉൾപ്പെടെ തെരഞ്ഞെടുത്ത വളന്റിയർമാരാണ്‌ സമരത്തിൽ പങ്കെടുത്തത്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top