22 March Friday

പായ‌്‌വഞ്ചി അപകടം; അഭിലാഷ‌് ടോമി സുരക്ഷിതൻ

സ്വന്തം ലേഖകൻUpdated: Sunday Sep 23, 2018

ഫയല്‍ ചിത്രം

കൊച്ചി > കൂറ്റൻ തിരമാലയിൽപ്പെട്ട‌് പരിക്കേറ്റ  പായ‌്‌വഞ്ചി സാഹസികയാത്രികൻ നാവികസേനാ ലഫ‌്റ്റനന്റ‌് കമാൻഡർ  അഭിലാഷ‌് ടോമിയെ കണ്ടെത്തി. ഇന്ത്യൻ മഹാസമുദ്രത്തിൽ കന്യാകുമാരിയിൽനിന്ന‌് അയ്യായിരത്തിലേറെ കിലോമീറ്ററും ഓസ‌്ട്രേലിയയിലെ പെർത്തിൽനിന്ന‌് 2700 കിലോമീറ്ററും അകലെയായാണ‌് കണ്ടെത്തിയത‌്.   ഗോൾഡൻ േഗ്ലാബ്‌  പ്രയാണമത്സരത്തിൽ പങ്കെടുക്കവെയായിരുന്നു അപകടം. പുറത്ത‌്  പരിക്കേറ്റ അഭിലാഷിന‌് ചലിക്കാൻ ആകുന്നില്ല.

പായ‌്‌വഞ്ചിക്കും കേടുപാടുകളുണ്ട‌്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നാവികസേനയും ഇതരരാജ്യങ്ങളും കപ്പലും വിമാനവും അയച്ചു. അഭിലാഷ‌് ടോമി സാറ്റലൈറ്റ‌് ഫോണിലൂടെ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നും നാവികസേന അറിയിച്ചു.

വെള്ളിയാഴ‌്ച വൈകുന്നേരമാണ‌് അപകടത്തെപ്പറ്റി അഭിലാഷ‌് ടോമി സന്ദേശം അയച്ചത‌്. പായ‌്‌വഞ്ചിയുടെ കൊടിമരം കനത്ത കാറ്റിലും തിരമാലയിലും തകർന്നെന്നും തനിക്ക‌് പരിക്കേറ്റെന്നുമായിരുന്നു സന്ദേശം. ആ സമയം, ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തായിരുന്നു അദ്ദേഹം. കന്യാകുമാരിയിൽനിന്ന‌് അയ്യായിരത്തിലേറെ കിലോമീറ്ററും ഓസ‌്ട്രേലിയയിലെ പെർത്തിൽനിന്ന‌് 2700 കിലോമീറ്ററും അകലെയായിരുന്നു സ്ഥാനം. സംഭവം അറിഞ്ഞയുടൻ ചെന്നൈ ആർക്കോണത്തുനിന്ന‌് നാവികസേന നിരീക്ഷണവിമാനം അയച്ചു. ഇതിനൊപ്പം നാവികസേനയുടെ കപ്പലുകളായ  സാത‌്പുര,  ജ്യോതി എന്നിവയും ചേതക‌് ഹെലികോപ‌്റ്ററും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട‌്. ഓസ‌്ട്രേലിയൻ നാവികസേനയുടെ കപ്പലുകളും വിമാനവും ചരക്കു കപ്പലുകളും രക്ഷാപ്രവർത്തനത്തിന‌ുണ്ട‌്.

ഫ്രാൻസിലെ റേസ‌് കൺട്രോൾ സെന്ററുമായി അഭിലാഷ‌് ടോമി ബന്ധപ്പെടുന്നുണ്ട‌്. താൻ സുരക്ഷിതനാണെന്ന‌് അഭിലാഷ‌് സന്ദേശത്തിൽ പറഞ്ഞു. പുറത്തു പരിക്കേറ്റതിനാൽ അനങ്ങാനാകുന്നില്ലെന്നും സ‌്ട്രെക‌്ചർ വേണമെന്നും അദ്ദേഹം അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ ചെയ‌്തിട്ടുണ്ട‌്. കാൻബറയിലെ ഏകോപനകേന്ദ്രമാണ‌് രക്ഷാപ്രവർത്തനങ്ങൾക്ക‌് മേൽനോട്ടം വഹിക്കുന്നത‌്. റേസ‌് കൺട്രോൾ സെന്ററിൽനിന്ന‌് ലഭിക്കുന്ന വിവരം  ഇവർ അപ്പപ്പോൾ ഇന്ത്യൻ ‐ ഓസ‌്ട്രേലിയൻ നാവികസേനകൾക്ക‌് കൈമാറുന്നുണ്ട‌്.

മണിക്കൂറിൽ 130 കിലോമീറ്ററിൽ വീശിയ കാറ്റും പത്തു മീറ്ററോളം ഉയർന്ന തിരമാലകളുമാണ‌് അഭിലാഷ‌് ടോമിയുടെ പായ‌്‌വഞ്ചിയെ തകരാറിലാക്കിയത‌്.   എം സ്വരാജ്‌ എംഎൽഎ കലക്ടർ മുഹമ്മദ്‌ വൈ സഫീറുള്ളയെ വിളിച്ച്‌ അഭിലാഷിന്റെ വിവരങ്ങൾ ആരാഞ്ഞു.

ബ്രിട്ടീഷുകാരനായ സർ റോബിൻ നോക‌്സ‌് ജോൺസ‌്റ്റൺ, 1968ൽ നടത്തിയ സമുദ്രയാത്രയുടെ  സുവർണ ജൂബിലി വർഷത്തിൽ സംഘടിപ്പിക്കുന്ന ഗോൾഡൻ ഗ്ലോബ‌് റേസ‌് ജൂലൈ ഒന്നിന‌്  ഫ്രാൻസിലെ സാബിൾസ‌് ഡി ഒലോണിൽനിന്നാണ‌് ആരംഭിച്ചത‌്. എങ്ങും നിർത്താതെ, മറ്റു സഹായമൊന്നും തേടാതെ, 30,000 കിലോമീറ്റർ കടലിലൂടെ ലോകം ചുറ്റി,  തുടങ്ങിയ പ്രദേശത്തുതന്നെ യാത്ര അവസാനിപ്പിക്കണം. മത്സരാടിസ്ഥാനത്തിൽ നടത്തുന്ന യാത്രയിൽ  ആധുനിക ഉപകരണങ്ങളൊന്നും ഉപയോഗിക്കാൻ  അനുമതിയില്ല. അടിയന്തര സാഹചര്യത്തിൽമാത്രം സാറ്റലൈറ്റ‌് ഫോൺ ഉപയോഗിക്കാം. പഴയകാല നാവികരുടേതുപോലെ സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, വടക്കുനോക്കിയന്ത്രം, ഭൂപടം എന്നിവ  നോക്കിവേണം ദിശനിർണയിക്കാൻ. 84 ദിവസത്തിനുള്ളിൽ 19,425 കിലോമീറ്റർ (10500 നോട്ടിക്കൽ മൈൽ) പിന്നിട്ട‌് മൂന്നാംസ്ഥാനത്തായിരുന്നു അഭിലാഷ‌്. 11 പേരാണ‌് യാത്രയിൽ ഉണ്ടായിരുന്നത‌്.

എറണാകുളം കണ്ടനാട‌് സ്വദേശിയായ അഭിലാഷ‌് ടോമി കടലിലൂടെ പായ‌്‌വഞ്ചിയിൽ ഒരിടത്തും നിർത്താതെ ലോകം ചുറ്റിയ ആദ്യ ഇന്ത്യൻ നാവികനാണ‌്. 2013ൽ ‘മാദേയ‌് ’എന്ന പായ‌്‌വഞ്ചിയിൽ മുംബൈയിലെ  ഗേറ്റ‌്‌വേ ഓഫ‌് ഇന്ത്യയിൽനിന്ന‌് 151 ദിവസംകൊണ്ടാണ‌് പര്യടനം പൂർത്തിയാക്കിയത‌്.


പ്രധാന വാർത്തകൾ
 Top