22 March Friday

ഇരയുടെ വാക്കുകൾക്ക‌് ഊന്നൽ; ഫ്രാങ്കോയ‌്ക്ക‌് പരമാവധി ശിക്ഷയിലേക്ക‌് വഴിതുറന്ന‌് പൊലീസ‌് നീക്കം

എസ‌് മനോജ‌്Updated: Sunday Sep 23, 2018

കോട്ടയം > കന്യാസ‌്ത്രീയെ ബലാത്സംഗം ചെയ‌്ത കേസിലെ പ്രതി ബിഷപ്പ‌്  ഫ്രാങ്കോ മുളയ‌്ക്കലിനെ കസ്റ്റഡിയിൽ കിട്ടിയതോടെ അന്വേഷണസംഘം ഇതുവരെ നിയമവഴിയെ സ്വീകരിച്ച കുറ്റമറ്റ നടപടികൾക്ക‌് വീണ്ടും അംഗീകാരം. പ്രതിയ‌്ക്ക‌് പരമാവധി ശിക്ഷ ഉറപ്പാക്കാനായി കുറേക്കൂടി ശാസ‌്ത്രീയ തെ‌ളിവുകൾ ശേഖരിക്കാനാണ‌് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷ സമർപ്പിക്കുന്നതെന്നും അന്വേഷണസംഘം കോടതിയെ ധരിപ്പിച്ചു.

   വകുപ്പുകൾ മയപ്പെടുത്താതെ ജീവപര്യന്തം തടവുവരെ കിട്ടാവുന്ന പ്രകൃതിവരുദ്ധ പീഡനവും ബലാത്സംഗമടക്കമുള്ള വകുപ്പുകളും ഉൾപ്പെടുത്തി റിമാൻഡ‌് അപേക്ഷയും കുറ്റമറ്റതാക്കി. പ്രതി ആത്മീയതയുടെ മറവിൽ ലൈംഗിക ചൂഷണം നടത്തിയതിലൂടെ ജനശ്രദ്ധ ആകർഷിച്ച കേസായതിനാൽ ജാമ്യം അനുവദിക്കരുതെന്നും ചുണ്ടിക്കാണിച്ചിട്ടുണ്ട‌്.  എഫ‌്ഐആർ മുതൽ ഈ ഘട്ടം വരെ പ്രതിക്ക‌് ഒരു പരിഗണനയും നൽകാതെ ഇരയുടെ പരാതിയുടെയും മൊഴിയുടെയും പക്ഷത്തുനിന്നുള്ള അപേക്ഷയാണ‌് കോടതിക്ക‌് കൈമാറിയിരിക്കുന്നത‌്. മാധ്യമശ്രദ്ധനേടുന്ന പ്രമുഖർ പ്രതിയായ കേസുകളിൽ പുറമെ പറയുന്ന ഗൗരവമുള്ള വകുപ്പുകളിൽ നിന്ന‌് ചില ഘട്ടങ്ങളിൽ പിന്നോക്കം പോകുന്ന പൊലീസ‌് രീതിയാണ‌് ഇവിടെ മാറിയത‌്. ഇരയുടെ വാക്കുകൾക്ക‌് വില നൽകിയുള്ള അന്വേഷണ നടപടികളെന്ന‌് ഇതിനെ നിയമജ്ഞർ വിലയിരുത്തുന്നു. ഇക്കാര്യത്തിൽ കേസന്വേഷണ മോൽനോട്ട ചുമതലയുള്ള കോട്ടയം ജില്ലാ പൊലീസ‌് ചീഫ‌് ഹരിശങ്കറും അന്വേഷണ  ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ‌്പി കെ സുഭാഷും നിതാന്ത ജാഗ്രതയിലുമാണെന്നും റിമാൻഡ‌്  അപേക്ഷ വ്യക്തമാക്കുന്നു.

 ശക്തനായ പ്രതിയിൽ നിന്നും ഇരയ‌്ക്കും സാക്ഷികളായ കന്യസ‌്ത്രീകൾക്കുമുള്ള ഭീഷണി, പ്രതി രാജ്യം വിട്ടുപോകാനുള്ള സാധ്യത, സാക്ഷികൾക്കുള്ള പ്രലോഭനങ്ങളും അതിന്റെ പേരിലുള്ള കേസുകളുമെല്ലാം തുടക്കത്തിൽ തന്നെ പൊലീസിന‌് കോടതിയിൽ എത്തിക്കാനായി. ഭാവിയിൽ പഴുതടച്ച കുറ്റപത്രത്തിലൂടെ പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന‌് പൊലീസ‌് പറഞ്ഞു.

  ജലന്ധറിൽ ഒരു ദിവസവും തൃപ്പൂണിത്തുറയിലെ അത്യാധുനിക ചോദ്യം ചെയ്യൽ സങ്കേതത്തിൽ മൂന്നു ദിവസവും ചോദ്യം ചെയ‌്തതാണെന്നും ഇനി പൊലീസ‌് കസ്റ്റഡി അനുവദിക്കരുതെന്നുമായിരുന്നു ഫ്രാങ്കോയുടെ വാദം. ഇത‌് പാലാ മജിസ‌്ട്രേറ്റ‌് കോടതി തള്ളി.  ആവശ്യപ്പെട്ട രണ്ട‌് ദിവസ കസ്റ്റഡി അനുവദിച്ചു. ഇതിലൂടെ ഇനിയും കൂടുതൽ സാങ്കേതിക തെളിവുകളടക്കം പ്രോസിക്യൂഷന‌് സ്വന്തമാകും. അറസ്റ്റിന‌് തിടുക്കംകൂട്ടി നേരത്തെ ഹൈക്കോടതിയിലെത്തിയവരോട‌് കോടതി ചോദിച്ചു: ‘ അറസ്റ്റിനാണോ ശിക്ഷയ‌്ക്കാണോ’ പ്രാധാന്യമെന്ന‌്. ഹൈക്കോടതിയുടെ ചോദ്യത്തിനുള്ള ഉത്തരം കൂടിയായി അന്വേഷണസംഘം പാലാ കോടതിയിൽ സ്വീകരിച്ച നടപടികൾ. ഇത്രയും ദിവസങ്ങളിലൂടെ തെളിവുകളുടെ ശേഖരത്തിനായിരുന്നു ഉൗന്നൽ എന്ന‌് കോടതിയിൽ നൽകിയ റിമാൻഡ‌് റിപ്പോർട്ട‌് വ്യക്തമാക്കുന്നു. കേസിനായി ഡൽഹി, പഞ്ചാബ‌്, കർണാടകം, കേരളം, മഹാരാഷ‌്ട്ര തുടങ്ങിയ അഞ്ച‌് സംസ്ഥാനങ്ങളിൽ പോകേണ്ടി വന്നതും കേരളത്തിൽ തന്നെ ഏഴ‌് ജില്ലകളിൽ തെളിവുശേഖരണം നടത്തേണ്ടിവന്നതും പൊലീസ‌് റിമാൻഡ‌് അപേക്ഷയിൽ എടുത്തുപറഞ്ഞു. 83 സാക്ഷി മൊഴികളും 34 രേഖകളും പരിശോധിച്ചാണ‌് അറസ്റ്റിലേക്ക‌് നീങ്ങിയത‌്.

ഇനിയും കസ്റ്റഡിയിൽ കിട്ടിയാൽ പ്രതിക്ക‌് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള തെളിവുകൾ വന്നുചേരുമെന്ന‌് അന്വേഷഷണസംഘം പറയുന്നു.  പ്രതി കുറ്റകൃത്യം ചെയ‌്ത കാലത്തുപയോഗിച്ച‌ മൊബൈൽ ഫോൺ, ലാപ‌് ടോപ്പ‌്, കംപ്യൂട്ടർ ഹാർഡ‌് ഡിസ‌്ക്കുകൾ എന്നിവയ‌്ക്കായി തെരച്ചിൽ നടത്തും. ഇതോടൊപ്പം അക്കാലത്തെ വസ‌്ത്രങ്ങളും കണ്ടെടുക്കേണ്ടതുണ്ട‌്‌. കേസിൽ പഴുതുകളില്ലാത്ത കുറ്റപത്രം സമർപ്പിക്കാനാണ‌് അന്വേഷണസംഘം നീങ്ങുന്നത‌്‌. ഫ്രാങ്കോയുടെ ലൈംഗിക ക്ഷമതാ പരിശോധനയും മെഡിക്കൽ കോളേജിൽ നടത്തി. ഇനിയുള്ള ദിവസങ്ങളിൽ കുറവിലങ്ങാട‌് നാടുകുന്ന‌്  മഠത്തിലെ 20﹣ാം  നമ്പർ മുറിയിലടക്കം ബിഷപ്പുമായി അന്വേഷണസംഘം എത്തും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top