11 October Friday

ഉണരുന്നു, ചെറുപുഞ്ചിരി... വേദനയിലും സർക്കാർ ചേർത്തുപിടിച്ചപ്പോൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

സുമിത്ര മടക്കിമലയിൽ സർക്കാർ നൽകിയ വാടകവീട്ടിൽ


കൽപ്പറ്റ
പുഞ്ചിരിമട്ടത്തെ വീട് തറയടക്കം ഒലിച്ചുപോയെങ്കിലും സുമിത്രയുടെ പ്രതീക്ഷകളറ്റില്ല. നെഞ്ചുപിളരും വേദനയിലും സർക്കാർ ചേർത്തുപിടിച്ചപ്പോൾ ദിവസങ്ങൾക്കുളളിൽ  മേപ്പാടി ദുരിതാശ്വാസ ക്യാമ്പിൽനിന്ന്‌ മടക്കിമലയിലെ വാടകവീട്ടിലേക്ക് അവർ നടന്നുകയറി.  ദുഃഖം ചെറുപുഞ്ചിരിയിലേക്ക്‌ വഴിമാറി. പുതിയ മേൽക്കൂരയ്‌ക്ക്‌ കീഴെ പുതിയൊരു ജീവിതം സ്വപ്നം കാണുകയാണവർ. 

‘‘സർക്കാർ ഇനിയും കൈപിടിക്കുമെന്ന്‌ വിശ്വാസമുണ്ട്‌. ഒരുകുടുംബത്തിന് വേണ്ടതെല്ലാം തന്നു.  മലവെള്ളം പാഞ്ഞെത്തിയപ്പോൾ ഭർത്താവിനൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നു. വാടകവീട്ടിൽ വന്നപ്പോൾ കട്ടിലും കിടക്കയും അലമാരയും മേശയുമെല്ലാമുണ്ട്‌. ഗ്യാസും സ്റ്റൗവും പാത്രങ്ങളും കിട്ടി. ഭക്ഷണസാധനങ്ങൾക്കും കുറവില്ല.  ഇത്രവേഗം ഒരുവീട്ടിലേക്ക്‌ മാറുമെന്ന്‌ കരുതിയതല്ല. എവിടെ ജീവിക്കുമെന്ന ആധിയായിരുന്നു’’–- തലചായ്‌ക്കാനിടം കിട്ടിയതിന്റെ ആശ്വാസം തൊഴിലുറപ്പ്‌ തൊഴിലാളിയായ സുമിത്രയുടെ വാക്കുകളിൽ നിറഞ്ഞു.

ദുരിതബാധിതരിൽ ഭൂരിഭാഗവും സർക്കാർ ക്വാർട്ടേഴ്‌സുകളിലേക്കും വാടകവീടുകളിലേക്കും മാറിക്കഴിഞ്ഞു.  വാഹനങ്ങൾ നിറയെ സാധനങ്ങളുമായാണ്‌ എല്ലാവരും വീടുകളിലേക്ക്‌ എത്തിയത്‌. ക്യാമ്പിൽനിന്ന്‌ ‘ബാക്ക്‌ ടു ഹോം കിറ്റുകൾ’ നൽകിയാണ്‌ യാത്രയാക്കിയത്‌. ഫർണിച്ചർ, ഷെൽട്ടർ, കിച്ചൺ, ക്ലീനിങ്, ശുചിത്വകിറ്റുകൾ എന്നിവ വെവ്വേറെ നൽകി; വസ്‌ത്രങ്ങൾ അളവനുസരിച്ചും.  മിക്‌സി, കുക്കർ, പാത്രങ്ങൾ, ബക്കറ്റ്‌, ബെഡ്‌ഷീറ്റ്‌, സോപ്പ്‌, ചൂൽ, ബാഗ്‌, പലവ്യഞ്ജനങ്ങൾ, പാത്രങ്ങൾ, പായ എന്നിവയുൾപ്പെടെ നൂറിലധികം സാധനങ്ങളുമുണ്ടായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top