21 September Saturday

‘ചത്ത’ വണ്ടികളെയും ഞങ്ങൾ പറപ്പിക്കും ബ്രോസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019


എടക്കര
പ്രളയത്തില്‍ ഇരുചക്രവാഹനം കേടുവന്നവർക്ക്‌ ആശ്വാസമേകി പറവൂർ സംഘം ദുരന്തഭൂമിയിൽ. കേടുവന്ന ബൈക്കുകൾ നന്നാക്കി നല്‍കാന്‍ നോർത്ത് പറവൂരിലെ ഡിവൈഎഫ്ഐ ടൗൺ കമ്മിറ്റിയുടെ സംഘമാണ്‌ പോത്തുകല്ലിൽ  പ്രവര്‍ത്തന നിരതരായുള്ളത്‌. ഇരുചക്ര വാഹനങ്ങളുടെ എൻജിൻ പണി, ഓയിൽ ചേഞ്ചിങ്, ഇലക്‌ട്രിക്കൽ ജോലികളടക്കം യുവാക്കൾ സൗജന്യമായി ചെയ്യുന്നു.

കേടുവന്ന നൂറിലധികം വണ്ടികളാണ്‌  പോത്ത്കല്ല് പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം പ്രത്യേകം തയ്യാറാക്കിയ  വർക്ക്ഷോപ്പിൽ  ഇവർ പ്രവർത്തനസജ്ജമാക്കിയത്.
പ്രളയം കനത്തനാശം വിതച്ച മലയോരത്ത് പുഴയുടെ തീരപ്രദേശങ്ങളിലുള്ള മുഴുവൻ വീടുകളിലും വെള്ളം കയറിയിരുന്നു.  ഒട്ടേറെ ബൈക്കുകൾ തകരാറിലായി.

ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് പി ഷെബീർ അഭ്യർഥിച്ചതനുസരിച്ചാണ്‌ 15 അംഗ സംഘം കഴിഞ്ഞ ദിവസം പോത്ത്കല്ലിലെത്തിയത്. എറണാകുളത്തെ ഓട്ടോമൊബൈൽ എൻജിനിയർമാരും മെക്കാനിക്കുകളുമായ വിവേക്, ദിലീപ്, ദിമിത്രോവ്, ലിജീഷ് തുടങ്ങി 15 പേരാണ് പറവൂർ ടൗൺ മേഖലാ സെക്രട്ടറി എസ് സന്ദീപിന്റെ നേതൃത്വത്തിൽ  സംഘത്തിലുള്ളത്. ഇവരുടെ സേവനം ശനിയാഴ്ചയും തുടരും.


പ്രധാന വാർത്തകൾ
 Top